Random Posts

Friday, March 18, 2011

പാവപ്പെട്ട രോഗികളോട് കരുണയില്ലാത്ത സര്‍ക്കാര്‍


സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജ് ആശുപത്രികളുടെ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ ഇന്നലെ മുതല്‍ സ്തംഭിച്ചിരിക്കുകയാണ്. സാധാരണക്കാരായ രോഗികള്‍ക്ക് ചികിത്സ ലഭിക്കേണ്ട സ്ഥാപനങ്ങളാണ് ഇവ.
അവിടെ പ്രവര്‍ത്തിച്ചുവന്ന ആയിരത്തിഎഴുന്നൂറോളം പോസ്റ്റ് ഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥികളും എഴുനൂറോളം ഹൗസ് സര്‍ജന്‍മാരും കഴിഞ്ഞദിവസം മുതല്‍ ജോലി ചെയ്യുന്നില്ല. ജൂനിയര്‍ ഡോക്ടര്‍മാരായ ഇവരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെയാണ് മെഡിക്കല്‍ കോളജുകളില്‍ ദൈനംദിന കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നത്. അവര്‍ പണിമുടക്ക് ആഹ്വാനം പുറപ്പെടുവിച്ചപ്പോഴോ, ജോലി നിര്‍ത്തിവെച്ചപ്പോഴോ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഇടപെടുകയോ രോഗികള്‍ക്ക് അതുമൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയോ ചെയ്തില്ല. ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി കഴിഞ്ഞദിവസം പി.ജി. വിദ്യാര്‍ത്ഥികളുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഗവണ്‍മെന്റിന് സമരക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ക്രിയാത്മകമായ നിര്‍ദേശമൊന്നും ഇല്ലാത്തതുകൊണ്ട് പരാജയപ്പെട്ടു.
അതിനുശേഷമാണ് മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാരും സമരത്തില്‍ പങ്കാളികളായത്. ആരോഗ്യ മേഖലയിലെ ഗുരുതരമായ ഒരു സ്ഥിതവിശേഷമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രികളുടെ സ്തംഭനത്തിലൂടെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ഈ അവസ്ഥയെ തികഞ്ഞ ലാഘവത്തോടെ കാണുന്നതില്‍ ജനങ്ങള്‍ ഉത്കണ്ഠാകുലരാണ്. മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒരുതരത്തിലും അന്യായമല്ല. കേരളത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് എതിരായ സമരമാണ് അവര്‍ നടത്തുന്നതെന്ന് പരോക്ഷമായി സൂചിപ്പിക്കാന്‍ ആരോഗ്യമന്ത്രി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങളെ നിക്ഷ്പക്ഷമായി നോക്കുന്നവര്‍ക്ക് അങ്ങനെ തോന്നുന്നില്ല.
പി.ജി. വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസ് 36,000 രൂപയില്‍ നിന്ന് സര്‍ക്കാര്‍ 46,000 രൂപയായി ഉയര്‍ത്തിയത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. അതുപോലെ മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കും സര്‍ക്കാര്‍ നല്‍കിവരുന്ന നാമമാത്രമായ അലവന്‍സ് അവരുടെ പ്രവര്‍ത്തനത്തിന്റെ പ്രതിഫലമായി കണക്കാക്കാനാവില്ലെങ്കിലും ഇപ്പോള്‍ തീരെ പരിമിതമാണ്. അലവന്‍സ് വര്‍ധിപ്പിക്കണമെന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യവും ന്യായയുക്തമാണ്. വേറെയും പല ആവശ്യങ്ങള്‍ സമരക്കാരായ ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും മുന്നോട്ടുവയ്ക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രികളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായ മെച്ചം ഉണ്ടാക്കാന്‍ സഹായിക്കുന്നവയാണ് അവ. പക്ഷേ സര്‍ക്കാരിന് അതിനോടൊന്നും തീരെ താല്‍പര്യമില്ലെന്ന് തോന്നുന്നു.

പാവപ്പെട്ട രോഗികള്‍ക്ക് ധര്‍മാശുപത്രികളില്‍ നിന്ന് ചികിത്സ ലഭിക്കാതെ വന്നാല്‍ അവര്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുകയോ കിടപ്പാടം വിറ്റ് ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കുകയോ ചെയ്യേണ്ടിവരും. പണിമുടക്ക് സമരം അനിശ്ചിതമായി തുടരാന്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് അതുതന്നെയാണോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. കാരണം കേരളത്തില്‍ ഭാരിച്ച ചികിത്സാ ചെലവ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികള്‍ ജില്ലതോറും നടത്തുന്ന ഒരു രാഷ്ട്രീയ സംഘടനയാണ് സി.പി.എം. ആരോഗ്യപ്രവര്‍ത്തന രംഗത്ത് സ്ഥാപിത താല്‍പര്യങ്ങളുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനവും സി.പി.എമ്മാണ്. പാവപ്പെട്ടവര്‍ക്ക് ചികിത്സ കിട്ടേണ്ട ധര്‍മാശുപത്രികളെ അസൗകര്യങ്ങള്‍ കൊണ്ട് ശ്വാസം മുട്ടിച്ചും ഡോക്ടര്‍മാരെ സമരത്തിലേക്ക് പ്രേരിപ്പിച്ചുവിട്ടും നേട്ടമുണ്ടാക്കാന്‍ സ്വകാര്യ ചികിത്സാലയങ്ങള്‍ വാണിജ്യക്കണ്ണുകളോടെ രംഗത്തുണ്ട്.
ചികിത്സ ഒരു കഴുത്തറപ്പന്‍ കച്ചവടമായി അധഃപതിച്ചുകൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്. ധര്‍മ്മവും നീതിയും ഈ രംഗത്തുനിന്ന് വേഗം വിടപറഞ്ഞുകൊണ്ടിരിക്കുകയാണ്. ചികിത്സാരംഗത്തെ സാമൂഹിക പ്രതിബദ്ധതയും ധാര്‍മിക മൂല്യങ്ങളും സംരക്ഷിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍ പോലും സ്വകാര്യ ചികിത്സാലയങ്ങളെ പിന്തുണയ്ക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ നാട്ടിലെ പാവപ്പെട്ട രോഗികള്‍ എന്തുചെയ്യും? സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ സ്തംഭിക്കുന്നു എന്നുപറഞ്ഞാല്‍ ലക്ഷോപലക്ഷം രോഗികളാണ് കഷ്ടപ്പെടേണ്ടിവരുന്നത്. ഇത്രയും ഗുരുതരമായൊരു വിഷയം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ വേറെയില്ല. എന്നിട്ടും പി.ജി. വിദ്യാര്‍ത്ഥികളായ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച ന്യായമായ ആവശ്യം ധനകാര്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന ഒരു ഔദാര്യം മാത്രമാണ് ആരോഗ്യമന്ത്രിക്ക് പറയാനുള്ളത്. ധനകാര്യമന്ത്രിയാകട്ടെ അടുത്ത വാര്‍ഷിക ബജറ്റ് നേരത്തെ തയ്യാറാക്കാനുള്ള തിരക്കിലാണ്. അതുകൊണ്ട് പാവപ്പെട്ടവരുടെ ചികിത്സയെ ബാധിക്കുന്ന കാര്യമൊന്നും ഇപ്പോള്‍ ധനമന്ത്രിയുടെ ബുദ്ധിക്ക് വിഷയമാവില്ല. അല്ലെങ്കില്‍ അദ്ദേഹം എന്നാണ് പാവങ്ങളെ പരിഗണിച്ചിട്ടുള്ളത്?