Random Posts

Thursday, March 17, 2011

മുഖഛായ മാറിയ ആലപ്പുഴ മണ്ഡലം


ആലപ്പുഴ നിയമസഭാ മണ്ഡലത്തിന് ഇത്തവണ പുതിയ ഭൂമിശാസ്ത്രവും പുതിയ വോട്ടര്‍മാരും. ആലപ്പുഴ മണ്ഡലം എന്നാല്‍ ആലപ്പുഴ നഗരസഭയെന്ന അവസ്ഥ പാടെമാറി.
കൂട്ടിച്ചേര്‍ക്കലിലൂടെ നഗരവും പഞ്ചായത്തും ഒന്നുചേര്‍ന്ന പുതിയ മണ്ഡലമാണ് ഇത്തവണയുള്ളത്. ഇരുമുന്നണിക്കും പ്രതീക്ഷയും സന്ദേഹവും നല്‍കുന്ന വലിയ മാറ്റമാണ് ആലപ്പുഴക്ക് ഉണ്ടായത്.
ആലപ്പുഴ നഗരസഭയിലെ പകുതി വാര്‍ഡുകളും മാരാരിക്കുളം മണ്ഡലത്തില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളും ചേര്‍ന്ന പുതിയ മുഖമാണ് ആലപ്പുഴക്കുള്ളത്. മാരാരിക്കുളം മണ്ഡലം ഇല്ലാതായതോടെയാണ് ഈ കൂട്ടിച്ചേര്‍ക്കലുണ്ടായത്.
പഴയ ആലപ്പുഴക്ക് കമ്യൂണിസ്റ്റ് കോട്ടയെന്ന ചെല്ലപ്പേരുണ്ടായിരുന്നു. എങ്കിലും പല കാലങ്ങളില്‍ രണ്ടുമുന്നണികളെയും വിജയിപ്പിക്കുകയും പിന്നീട് യു.ഡി.എഫിന്റെ കുത്തകയായി മാറുകയും ചെയ്ത ചരിത്രമാണുള്ളത്.
50 നഗരസഭാ വാര്‍ഡുകള്‍ മാത്രമായിരുന്ന ആലപ്പുഴ വാര്‍ഡുകളുടെ എണ്ണം 52 ആയി ഉയര്‍ന്നപ്പോള്‍ മണ്ഡലത്തിന്റെ സ്വഭാവം തന്നെ പുനര്‍നിര്‍ണയത്തിലൂടെ മാറി.
നഗരസഭയിലെ 25 വാര്‍ഡുകള്‍ക്കൊപ്പം മാരാരിക്കുളം വടക്ക്, തെക്ക്, ആര്യാട്, മണ്ണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പുതിയ ആലപ്പുഴ മണ്ഡലം.
നഗരസഭയില്‍ പൊതുവേ യു.ഡി.എഫിന് മുന്‍തൂക്കമാണെങ്കില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട നാല് പഞ്ചായത്തുകളില്‍ ആര്യാട് ഒഴികെ ഇടതുമുന്നണിയുടെ ഭരണത്തിലാണ്. ആലപ്പുഴ നഗരസഭ ഇടതുമുന്നണിയുടെ ഭരണത്തിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം എത്രത്തോളം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സംശയമുണ്ടെങ്കിലും ഇരുമുന്നണിയും തികഞ്ഞ ശുഭപ്രതീക്ഷയിലാണ്.
പ്രഗല്ഭരെ നിയമസഭയിലേക്ക് അയച്ച പാരമ്പര്യമാണ് ആലപ്പുഴക്കുള്ളത്. ചരിത്രത്തിന്റെ ഭാഗമായ വിപ്ലവ സമര പോരാട്ടങ്ങളുടെ ചൂട് അനുഭവിച്ച മണ്ണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും നല്‍കിയ പ്രദേശം. കയര്‍ തൊഴിലാളികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും കൂടാതെ കാര്‍ഷിക മേഖലയുടെയും കരുത്തും ആവേശവും ഏറ്റുവാങ്ങിയ ആലപ്പുഴയില്‍ '57ല്‍ കമ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയില്‍ എത്തിയത്. എന്നാല്‍, '60 ലും '65ലും നടന്ന തെരഞ്ഞെടുപ്പില്‍ എ. നബീസത്തുബീവി, ജി. ചിദംബരഅയ്യര്‍ എന്നിവര്‍ വിജയിച്ച് കോണ്‍ഗ്രസിന്റെ കൊടിപാറിച്ചു. പിന്നീട് '67ലും '70ലും ടി.വി. തോമസും '77ലും '80ലും പി.കെ. വാസുദേവന്‍ നായരും പ്രതിനിധികളായി. '82ല്‍ എന്‍.ഡി.പിയുടെ കെ.പി. രാമചന്ദ്രന്‍ നായര്‍ പി.കെ.വിയെ പരാജയപ്പെടുത്തുകയും '87ല്‍ സി.പി.ഐ നേതാവ് റോസമ്മ പുന്നൂസ് വിജയിക്കുകയും ചെയ്തു. പിന്നീട് ഇടതുമുന്നണിയുടെ കുത്തക ആലപ്പുഴയില്‍ നഷ്ടമായി. '91ല്‍ കെ.പി. രാമചന്ദ്രന്‍ നായരും '96, 2001, 2006 വര്‍ഷങ്ങളില്‍ കെ.സി. വേണുഗോപാലുമാണ് വിജയിച്ചത്. 2009 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാല്‍ വിജയിക്കുകയും പിന്നീട് എം.എല്‍.എ സ്ഥാനം രാജിവെച്ച ഒഴിവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ.എ. ഷുക്കൂര്‍ വിജയിക്കുകയും ചെയ്തു. ആലപ്പുഴയില്‍ നിന്ന് വിജയിച്ചവര്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി എന്നതും പ്രത്യേകതയാണ്. പി.കെ.വി മുഖ്യമന്ത്രിയായപ്പോള്‍ ടി.വി. തോമസ്, കെ.പി. രാമചന്ദ്രന്‍ നായര്‍, കെ.സി. വേണുഗോപാല്‍ എന്നിവരാണ് മന്ത്രിമാരായത്.

നഗരപ്രദേശങ്ങളും പഞ്ചായത്തുകളും ചേര്‍ന്ന പുതിയ ആലപ്പുഴ മണ്ഡലത്തില്‍ 1,70,013 വോട്ടര്‍മാരാണുള്ളത്. അതില്‍ 87,581 സ്ത്രീ വോട്ടര്‍മാരും 82,432 പുരുഷ വോട്ടര്‍മാരുമാണുള്ളത്. നഗരപ്രദേശവും പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന പുതിയ ആലപ്പുഴ മണ്ഡലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പമായിരിക്കുമെന്ന് പാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വെച്ചുനോക്കിയാണ്.