Random Posts

Wednesday, March 30, 2011

വി എസിന് കാലിടറിയ മണ്ണില്‍ ഐസക്കിനെ വീഴ്ത്താന്‍ പി ജെ മാത്യു


നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സി പി എമ്മിന്റെ ഉറക്കം കെടുത്തുന്ന മണ്ഡലമാണ് മാരാരിക്കുളം. 1996-ല്‍ മുഖ്യമന്ത്രിക്കസരയിലേയ്ക്ക് കയറിയിരിക്കാന്‍ ഓടിയെത്തിയ വി എസ് അച്യുതാനന്ദന് അടിപതറിയതും അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ വെട്ടിനിരത്തല്‍ ഉണ്ടായതുമെല്ലാം പഴങ്കഥയാണെങ്കിലും അതിന്റെ ഞെട്ടല്‍ പാര്‍ട്ടിയില്‍ ഇന്നുമുണ്ട്, പ്രത്യേകിച്ച് ആലപ്പുഴയിലെ സഖാക്കള്‍ക്കിടയിലെങ്കിലും.
അന്ന് കോണ്‍ഗ്രസിലെ അഡ്വ. പി ജെ ഫ്രാന്‍സിസിനോട് പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും പിന്നീട് മണ്ഡലത്തെ രണ്ടു തവണ പാര്‍ട്ടിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റിയെഴുതി തോമസ് ഐസക് ധനകാര്യമന്ത്രിയുമായി. പാര്‍ട്ടിക്കുളളിലും ഭരണത്തിലും മുഖ്യമന്ത്രിയെ വെട്ടിയൊതുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വി എസ് പക്ഷത്തിന്റെ നോട്ടപ്പുളളിയായി തീര്‍ന്ന ഐസക് വീണ്ടും മത്സരരംഗത്ത് വരുമ്പോള്‍ പഴയ മാരാരിക്കുളം ചിത്രത്തിലില്ല. പഴയ ചുവപ്പിന്റെ ചെറുകണം പോലും ഇനി അവശേഷിക്കുന്നുമില്ല. മണ്ഡല വിഭജനത്തോടെ ഇല്ലാതായ മാരാരിക്കുളം മണ്ഡലത്തിന്റെ മാരാരിക്കുളം തെക്ക്, വടക്ക്, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയുടെ പകുതി വാര്‍ഡുകളും കൂട്ടിച്ചേര്‍ത്ത പുതിയ ആലപ്പുഴ മണ്ഡലം യു ഡി എഫിന് അനുകൂല മണ്ഡലമാണ്. അഴിമതിക്കറ പുരളാത്ത സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം കൈമുതലായുളള അഡ്വ പി ജെ മാത്യുവാണ് ആലപ്പുഴ മണ്ഡലത്തില്‍ എല്‍ ഡി എഫിനെ എതിരിടുന്നത്. മണ്ഡലത്തിലെങ്ങും സുപരിചിതനായ സ്ഥാനാര്‍ത്ഥി തന്നെക്കുറിച്ച് തന്നെ ഇങ്ങനെ പറയും-ഞാന്‍ പ്രസിദ്ധനല്ല, പക്ഷേ മറ്റാരേയും പോലെ കുപ്രസിദ്ധനുമല്ല. ലോട്ടറി അഴിമതിയില്‍ മുങ്ങി ധനമന്ത്രി വെളളം കുടിക്കുമ്പോള്‍ മാത്യുവിന്റെ പരാമര്‍ശം ആരെക്കുറിച്ചാണെന്നും എന്തിനെക്കുറിച്ചാണെന്നും വ്യക്തം. ലോട്ടറി മാഫിയായും സാന്റിയാഗോ മാര്‍ട്ടിനുമായുളള ഇടത് ബന്ധം തന്നെയാണ് മണ്ഡലത്തിലെ പ്രചരണ വിഷയം. ലോട്ടറി വിഷയം ഇത്രമേല്‍ ആയുധമാക്കാന്‍ പറ്റിയ മണ്ഡലം ആലപ്പുഴ പോലെ വേറെയില്ലെന്ന് പറയേണ്ടതില്ലല്ലോ, പ്രത്യേകിച്ച് ധനമന്ത്രി എതിര്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍.
ലോട്ടറി മാഫിയായും യു ഡി എഫും തമ്മിലുളള വിശുദ്ധ യുദ്ധമാണ് ആലപ്പുഴയില്‍ നടക്കുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പി ജെ മാത്യു യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ആയിരുന്നു. നിലവില്‍ ഡി സി സി അംഗമായ ഇദ്ദേഹം ആയിരക്കണക്കിന് കുടുംബങ്ങളുടെ അത്താണിയായ ഫ്രീഡ് എന്ന സ്വാശ്രയ സംഘങ്ങളുടെ ചെയര്‍മാനാണ്. 2002-2006 കാലയളവില്‍ പബ്ലിക് പ്രോസിക്യൂട്ടറായും ഡിസ്‌ക്ട്രിക്ട് ഗവണ്‍മെന്റ് പ്ലീഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലപ്പുഴ രൂപത തീരദേശ വികസന സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയുമാണ് മാത്യു.വിവിധ രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ ആഴത്തിലുളള ബന്ധങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വി എസിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിരോധം തീര്‍ത്ത ഐസക്കിനെതിരെ മണ്ഡലത്തിലെ വി എസ് പക്ഷക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന എതിര്‍പ്പ് പാര്‍ട്ടിയ്ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പ്രചരണം കൊഴുക്കുന്നതിനിടെ യു ഡി എഫ് ക്യാമ്പുകള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്-ഇത്തവണ തൊണ്ണൂറ്റിയാറ് വീണ്ടും ആവര്‍ത്തിക്കും ഉറപ്പ്.