Random Posts

Saturday, March 19, 2011

വിഎസിനെ നേരിടുന്നത് ഷാഫി: കോണ്‍ഗ്രസ് യുവനേതൃത്വം തെരഞ്ഞെടുപ്പിലേക്ക്

പാലക്കാട്:അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മലമ്പുഴയില്‍ മത്സരിക്കാനൊരുങ്ങുന്ന വി.എസിനെ നേരിടുന്നത് കോണ്‍ഗ്രസിന്റെ യുവരക്തം. രണ്ടുതവണ വിജയിച്ച പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് തന്നെയായിരിക്കും വി എസ് മത്സരിക്കുക എന്നുറപ്പായതോടെ എതിര്‍സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു വേണ്ടി ചാവേറായ സതീശന്‍ പാച്ചേനിയുടെ പേരില്‍ ചിന്ത ഉടക്കി നിന്നെങ്കിലും ഇത്തവണ ഒരു 'ഷുവര്‍' സീറ്റില്‍ മത്സരിക്കാനാണ് സതീശന്റെ തീരുമാനം. അതേസമയം ഇത്തവണ സ്ഥിതി വ്യത്യസ്ഥമാണ്. പാടുപെട്ട് നേടിയ സീറ്റ് നിലനിര്‍ത്തുക വി.എസിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരിക്കും. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടിയിരുന്നുവെങ്കിലും 2001ല്‍  4000 വോട്ട് മാത്രമാണ് ഭൂരിപക്ഷം ഉണ്ടായിരുന്നത്. ഇത്തവണ യു.ഡി.എഫ് അനുകൂല സാഹചര്യത്തില്‍ വി.എസിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

അതും പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്തിയ സ്ഥാനാര്‍ഥിനിര്‍ണയത്തിനുശേഷം. എതായാലും ലഭ്യമായ സൂചനകളനുസരിച്ച് വിഎസിനെ നേരിടുന്നത് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തന്നെയായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ നേരിട്ട സിന്ധു ജോയിയെ അനുസ്മരിപ്പിക്കുന്നതാണ് വി.എസ്- ഷാഫി പോരാട്ടം. ഷാഫി പറമ്പിലിനെ കൂടാതെ, കോണ്‍ഗ്രസിലെ യുവരക്തങ്ങളായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പി സി വിഷ്ണുനാഥും വൈസ് പ്രസിഡന്റ് എം ലിജുവും എന്‍ എസ് യു ദേശീയ അധ്യക്ഷന്‍ ഹൈബി ഈഡന്‍ എന്നിവരും മത്സരിക്കും. വിഷ്ണുനാഥ് ചെങ്ങന്നൂരിലായിരിക്കും മത്സരിക്കുക എന്നാണ് സൂചന. കൊച്ചിയിലാണ് ഹൈബി ഈഡന്‍ മത്സരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിറ്റിംഗ് എം.എല്‍.എമാരെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ധാരണയായതായും സൂചനയുണ്ട്. രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലെ ഏഴ് പരെയും അംഗീകരിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും പരാതികള്‍ക്കൊടുവിലാണ് സാധ്യതാ പട്ടിക തയാറാക്കിയത്. അന്തിമ പട്ടിക 21ന് പ്രഖ്യാപിക്കും.

സാധ്യതാ പട്ടിക ഇങ്ങനെയാണ്: പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി, ഹരിപ്പാട്- രമേശ് ചെന്നിത്തല, നിലമ്പൂര്‍-ആര്യാടന്‍ മുഹമ്മദ്, വണ്ടൂര്‍-എ.പി അനില്‍കുമാര്‍, ആലപ്പുഴ-എ.കെ ഷുക്കൂര്‍, ആലുവ-അന്‍വര്‍ സാദത്ത്, മൂവാറ്റുപുഴ-ജോസഫ് വാഴയ്ക്കന്‍, തൃക്കാക്കര-ബെന്നി ബഹ്‌നാന്‍, കൊച്ചി-ഡൊമിനിക് പ്രസന്റേഷന്‍, എറണാകുളം-ഹൈബി ഈഡന്‍, കൊയ് ലാണ്ടി-കെ.പി അനില്‍കുമാര്‍, വൈപ്പിന്‍-അജയ് തറയില്‍,പറവൂര്‍- വി.ഡി സതീശന്‍, ചെങ്ങനൂര്‍-പി.സി വിഷ്ണുനാഥ്, തൃപ്പൂണിത്തുറ-കെബാബു, കുന്നത്തുനാട്-വി.പി സജീന്ദ്രന്‍, പെരുമ്പാവൂര്‍-പി.പി തങ്കച്ചന്‍, അരുവിക്കര-ജി കാര്‍ത്തികേയന്‍, ഉദുമ-സതീശന്‍ പാച്ചേനി, പേരാവൂര്‍-സജീവ് ജോസഫ്, തൃക്കരിപ്പൂര്‍-ഫൈസല്‍. കെ.മുരളീധരനും പത്മജയും മല്‍സരിക്കണമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. യൂത്ത് കോണ്‍ഗ്രസ് പട്ടികയിലുള്ള ശരത്, സജീവ് ജോസഫ്, നിജി ജെഫീന്‍ എന്നിവരുടെ പേരുകള്‍ ശുപാര്‍ശ് ചെയ്തിട്ടുണ്ട്.

ഇരുപത്തിനാല് സിറ്റിംഗ് എം.എല്‍.എമാരില്‍ ഇരുപതോളം പേര്‍ വീണ്ടും മല്‍സരിക്കും. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.ലിജു, കെ.എസ്.യു പ്രസിഡന്റ് ഷാഫി പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ എന്നിവര്‍ മല്‍സരിക്കുമെന്ന് ഏകദേശ ധാരാണയായിട്ടുണ്ട്. രാഹുല്‍ ഗാന്ധി 25 പേരുടെ പട്ടികയാണ് നല്‍കിയത്. ഇതില്‍ എട്ട് പേരെ നിര്‍ബന്ധമായും പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനത്തുനിന്നുള്ള പട്ടികയ്ക്കു പുറമെ യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം സംബന്ധിച്ച് എ.ഐ.സി.സി. നേതൃത്വത്തിന്റെ പട്ടികയും പരിഗണിക്കേണ്ടതുണ്ട്. സിറ്റിങ് എം.എല്‍.എ.മാരായ എത്രപേര്‍ക്ക് സീറ്റ് നല്കാം, ഇക്കാര്യത്തിലെ മാനദണ്ഡം എന്നിവ സംബന്ധിച്ചും ഇപ്പോഴും പൂര്‍ണമായും വ്യക്തത ഉണ്ടായിട്ടില്ല. മണ്ഡലപുനര്‍നിര്‍ണയത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിങ് എം.എല്‍.എ.മാരില്‍ ചിലരുടെ മണ്ഡലങ്ങള്‍ മാറ്റേണ്ടിവരുന്നതും തീരുമാനം നീളാന്‍ കാരണമാകുന്നു.

യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്കുമ്പോള്‍ത്തന്നെ ഇവര്‍ക്ക് നല്കുന്ന എല്ലാ സീറ്റുകളും വിജയസാധ്യതയുള്ളതാകണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സീറ്റ് കാര്യത്തില്‍ അന്തിമധാരണയിലെത്താന്‍ ഒന്നോ രണ്ടോ ദിവസംകൂടി എടുക്കുമെന്നാണ് സൂചന. വെള്ളിയാഴ്ചയും സ്‌ക്രീനിങ് സമിതി രണ്ടുതവണ യോഗം ചേര്‍ന്നു. ആദ്യയോഗത്തിനുശേഷം പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക് മടങ്ങി. രാത്രി വൈകിയാണ് രണ്ടാമത് സ്‌ക്രീനിങ് സമിതിയോഗം ചേരുന്നത്. രണ്ടു യോഗങ്ങളിലും പങ്കെടുത്ത കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ത്തന്നെ തങ്ങുകയാണ്. സ്‌ക്രീനിങ് സമിതി ശനിയാഴ്ചയും യോഗം ചേര്‍ന്നേക്കും.

രാഹുല്‍ ഗാന്ധി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ലിസ്റ്റില്‍ കടന്നുവന്ന പേരുകള്‍ കേരളത്തിലെ നേതാക്കളുടെ തീരുമാനങ്ങള്‍ മാറ്റി മറിയ്ക്കുകയായിരുന്നു. ജോസി സെബാസ്റ്റ്യന്‍ (ഉടുമ്പഞ്ചോല) കടന്നു വന്നത് ഇടുക്കിയിലെ നേതാക്കളുടെ എതിര്‍പ്പിന് ഇടയാക്കി. ദേവികുളം സംവരണ മണ്ഡലമായതിനാല്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്ന തൊടുപുഴ, ഇടുക്കി മണ്ഡലങ്ങള്‍ക്ക് പുറമേയുള്ള പീരുമേടും ഉടുമ്പഞ്ചോലയും മാത്രമാണ് കോണ്‍ഗ്രസിന് മത്സരിക്കാന്‍ ലഭിക്കുന്നത്. ഇതില്‍ പീരുമേട് ഇ.എം. അഗസ്തി മത്സരിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഉടുമ്പഞ്ചോലയ്ക്ക് പത്തോളും നേതാക്കള്‍ ഇറങ്ങിയിട്ടുണ്ട്. മറ്റൊരു തര്‍ക്കം ഉണ്ടായത് പെരുമ്പാവൂരിന് വേണ്ടിയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനെ പെരുമ്പാവൂര്‍ മണ്ഡലത്തിലേയ്ക്ക് നിര്‍ദേശിച്ചതും തര്‍ക്കത്തിലായി. പി.പി. തങ്കച്ചന്‍ ഇനിയും മത്സരിക്കണം എന്നു വാശിപിടിച്ച് നില്‍ക്കുന്നതിനാല്‍ ഉമ്മന്‍ ചാണ്ടിയും രമേശും വെട്ടിലായി. നേതാക്കളുടെ ലിസ്റ്റില്‍ തങ്കച്ചനാണെങ്കിലും ഇനിയും അത് മാറിക്കൂടാ എന്നില്ല.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി വി.ടി. ബല്‍റാമിന്റെ പേര് തൃത്താലയില്‍ വന്നതും നേതാക്കള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. പാലക്കാട് ഡി.സി.സി ആക്‌ടിങ് പ്രസിഡന്റ് സി.വി. ബാലചന്ദ്രന് നല്‍കാം എന്നു ധാരണയായ സീറ്റായിരുന്നു അത്. കൂടാതെ ബെന്നി എന്നൊരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹൈക്കമാന്റ് ലിസ്റ്റില്‍ അങ്കമാലിയില്‍ വന്നത്. അങ്കമാലി ടി.എം. ജേക്കബിന് നല്‍കിയതോടെ ബെന്നിയുടെ പേര് അഖിലേന്ത്യാ നേതൃത്വം ചാലക്കുടിയ്ക്ക് നിര്‍ദേശിച്ചു. ഒരു ഗ്രൂപ്പും ഈ പേര് ഏറ്റെടുക്കാതെ വന്നതോടെ അതും തര്‍ക്കത്തിലാണ്. മാനന്തവാടി മണ്ഡലത്തിലേയ്ക്ക് സംസ്ഥാന നേതാക്കള്‍ നിര്‍ദേശിച്ച ഐ.സി. ബാലകൃഷ്ണന് പകരം ജയലക്ഷ്മി എന്ന യുവതിയെയാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. എന്തായാലും യൂത്ത് കോണ്‍ഗ്രസ് ലിസ്റ്റ്, സംസ്ഥാന നേതാക്കള്‍ക്ക് തലവേദനയാകുമെന്ന് ഉറപ്പായി.

നിലവിലുള്ള സൂചനപ്രകാരം 21ന് സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിലേ പട്ടികസംബന്ധിച്ച് പൂര്‍ണമായ വ്യക്തത ഉണ്ടാകൂ. സംസ്ഥാനനേതൃത്വത്തിന് അഭിപ്രായസമന്വയത്തിലെത്താന്‍ കഴിയാത്ത ചില സീറ്റുകള്‍ സോണിയാഗാന്ധിയുടെ തീരുമാനത്തിന് വിടുമെന്നാണ് അറിയുന്നത്.