തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിന്മേല്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ശശിക്കും എതിരെ
സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പൂന്തുറ സ്വദേശി തല്‍ഹത് ഇസഹാക്ക് മാര്‍ച്ച് നാലിന് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ക്കായി 28-ാം തീയതിയിലേക്ക് വിചാരണ വെച്ചിരിക്കുകയായിരുന്നു. ഗൂഢാലോചനയും വഞ്ചനാക്കുറ്റവുമാണ് ആരോപണം. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യത്തെക്കുറിച്ച് പൊലീസിനെക്കൊണ്ട് അന്വേഷിപ്പിക്കുകയോ കോടതി നേരിട്ട് തെളിവ് എടുക്കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചതല്ലാതെ നാലിന് വ്യക്തമായ ഒരു ഉത്തരവും കോടതി പുറപ്പെടുവിച്ചിരുന്നില്ല. ഹര്‍ജി പരിഗണിക്കുന്നതാകട്ടെ മൂന്നാഴ്ചത്തേക്ക് മേല്‍ നീട്ടിവെയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഹര്‍ജിയിന്മേല്‍ ഉടനെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വാദിഭാഗം അഡ്വാന്‍സ് അപേക്ഷ ഫയല്‍ ചെയ്തു. ഇത് അനുവദിച്ച കോടതി ഇന്ന് ഹര്‍ജി തുറന്ന കോടതിയില്‍ രാവിലെ തന്നെ വിളിക്കുവാന്‍ ഉത്തരവിട്ടു.
പൊലീസ് അന്വേഷണം സാധൂകരിക്കുന്നതിലേക്ക് സമാനമായ കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച രണ്ട് വിധിന്യായങ്ങളും ഹാജരാക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അന്വേഷണമോ അതോ കോടതി നേരിട്ട് തെളിവ് ശേഖരിക്കുകയാണോ എന്നത് സംബന്ധിച്ച് വ്യക്തമായ ഉത്തരവ് വേണമെന്നും വാദിഭാഗം ആവശ്യപ്പെട്ടിരുന്നു. വാദിക്ക് വേണ്ടി അഡ്വ. സാന്‍ടി ജോര്‍ജാണ് കോടതിയില്‍ ഹാജരായത്.







