Random Posts

Wednesday, March 30, 2011

വാഗ്‌ദാനം രണ്ടുരൂപയ്ക്ക് അരി; ജനത്തിന് കിട്ടുന്നത് സൗജന്യ അടിവിതരണം

തിരുവനന്തപുരം:രണ്ടുരൂപയ്ക്ക് അരി എന്ന മുദ്രാവാക്യത്തില്‍ നിന്നും സൗജന്യമായി അടിവിതരണം എന്ന വാഗ്ദാനത്തിലേക്ക് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ മാറിയോയെന്ന് വോട്ടര്‍മാര്‍ക്ക് സംശയം. കണ്ണൂരിലെ ജയരാജനും കൊല്ലത്തെ ദിവാകരനും തിരുവനന്തപുരത്തെ ശിവന്‍കുട്ടിയുമൊക്കെയാണ് ഈ വാഗ്ദാനവുമായി മണ്ഡലങ്ങളെ ഇളക്കിമറിക്കുന്നത്. കണ്ണൂരില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എം.എല്‍.എയാണ് അടി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏഷ്യാനെറ്റ് ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാജഹാനായിരുന്നു അടിയേറ്റുവാങ്ങേണ്ട ദുര്യോഗമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട കേസില്‍ എംഎല്‍എ ഇപ്പോള്‍ ജാമ്യത്തിലാണ്. അതേസമയം സംഭവവികാസങ്ങള്‍ എല്‍ഡിഎഫിന് വന്‍ക്ഷീണം ഉണ്ടാക്കിയിരിക്കുന്നതായി തൊട്ടുപിന്നാലെ ഉണ്ടായ നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ സിപിഎം പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞ സംഭവങ്ങള്‍ സമീപമാസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിയും മാധ്യമങ്ങളും തമ്മിലുള്ള ശണ്ഠയില്‍ പുതുമയില്ലെങ്കിലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എംഎല്‍എ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ഇതാദ്യം. നിയമസഭാകക്ഷി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുടെ സഭയിലെ തന്നെ മുഖ്യവക്താവായിരുന്ന ജയരാജന്‍ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കം എന്തുകൊണ്ടു നടത്തി എന്നതും ശ്രദ്ധേയമായ ചോദ്യമാണ്.

ചാനലുകളുടെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ അവിടെ പാര്‍ട്ടി നിലപാടുകള്‍ ഉറപ്പിക്കണമെന്ന സന്ദേശം സിപിഎം നേതൃത്വം ബന്ധപ്പെട്ടവര്‍ക്കു നല്‍കിയിരുന്നു. എന്നാല്‍, വിവാദമുയര്‍ത്തിയ പരിപാടിയില്‍ സിപിഎം വക്താവായെത്തിയ ജയരാജനു മുന്നില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ ഒന്നിനു പിന്നാലെ ഒന്നായി ഉയര്‍ന്നു. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയരാജന്റെ സഹോദരിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ പി. സതീദേവിക്കേറ്റ തോല്‍വിയും ഈ പൊട്ടിത്തെറിക്കു പിന്നിലെ വൈകാരിക ഘടകമാകാം. ഒഞ്ചിയത്ത് പാര്‍ട്ടി വിട്ട് പുറത്തുവന്നവരുടെ എതിര്‍പ്പ് ഈ തോല്‍വിക്ക് ആക്കം കൂട്ടിയിരുന്നു. ചാനല്‍ ലേഖകനെ പിന്നീട് ഫോണില്‍ വിളിച്ച ജയരാജന്‍, ആമുഖമായിത്തന്നെ ഒഞ്ചിയവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂന്നിയാണു തട്ടിക്കയറിയതും.

ആര്‍എസ്എസ് ആക്രമണത്തില്‍ കൈകള്‍ക്കു സ്വാധീനം നഷ്ടപ്പെട്ട ജയരാജന്‍ എങ്ങനെ ഒരാളെ 'കയ്യേറ്റം ചെയ്യുമെന്നാണു സിപിഎം നേതാക്കളുടെ ചോദ്യം. പക്ഷേ, ഷാജഹാനുമായുള്ള അദ്ദേഹത്തിന്റെ വിവാദ ടെലിഫോണ്‍ സംഭാഷണം ന്യായീകരണങ്ങള്‍ക്കുള്ള പഴുതുകളും അടയ്ക്കുന്നതായി. 'ഇനിയും തല്ലുകൊള്ളും എന്ന് ഫോണില്‍ ഭീഷണിപ്പെടുത്തുമ്പോള്‍, അതിനു മുന്‍പും അതു ചെയ്തു എന്നത് വ്യക്തവുമാണ്. പക്ഷേ, ഔദ്യോഗികനേതൃത്വം അവരുടെ പ്രിയപ്പെട്ട ഒരു നേതാവിനെ ഇക്കാര്യത്തില്‍ തള്ളിപ്പറയാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് പോലീസ് കേസുകൊണ്ട് പ്രയോജനമുണ്ടെന്ന് മലയാളികളാരും വിശ്വസിക്കുന്നുമില്ല. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനാണ് അടിയേറ്റതെങ്കില്‍ കൊല്ലത്ത് പാവംവോട്ടര്‍ തന്നെയാണ് അടികൊണ്ടത്. മന്ത്രി ദിവാകരന്‍ കരുനാഗപ്പള്ളിയിലെ സ്ഥാനാര്‍ഥി കൂടിയാണ്.

സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന പതിവ് ന്യായം നിരത്തുക ഈ രണ്ടു കേസിലും എളുപ്പമല്ലതാനും. വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെ കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷനില്‍വച്ച് മന്ത്രി വോട്ടറെ ആക്രമിക്കുകയായിരുന്നു. മന്ത്രി തല്ലിയെന്നുകാണിച്ച് കുലശേഖരപുരം കടത്തൂര്‍ കാവുകുളഞ്ഞിയില്‍ സുധാകരനാ(41)ണ് പരാതി നല്‍കിയത്. സുധാകരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റിന്റെ അനുവാദം വാങ്ങി മന്ത്രിക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി റെയില്‍വേ സ്‌റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ തിരുവനന്തപുരത്തേക്ക് പോകാനായി തീവണ്ടി കാത്തിരിക്കുമ്പോഴാണ് മന്ത്രിയില്‍ നിന്ന് മര്‍ദ്ദനമേറ്റതെന്ന് സുധാകരന്‍ പരാതിയില്‍ പറയുന്നു. മന്ത്രി വോട്ടുചോദിച്ച് വന്നപ്പോള്‍ താനൊഴികെ ബെഞ്ചിലിരുന്നവര്‍ എഴുന്നേറ്റു. അവരോട് സംസാരിച്ച് മുന്നോട്ടുപോയ മന്ത്രി മടങ്ങിയെത്തി താന്‍ സ്ഥാനാര്‍ത്ഥിയാണെന്നും ചിഹ്നവും പറഞ്ഞു. 'ഞാന്‍ സാറിന് വോട്ട് ചെയ്യില്ലെന്ന്' മറുപടിയായി മന്ത്രിയോട് പറഞ്ഞു. അപ്പോള്‍ കോളറിന് കുത്തിപ്പിടിച്ചശേഷം തന്റെ കൈയിലിരുന്ന 'ഓണ്‍ ഐ.ജി.എസ്.' എന്നെഴുതിയ കവര്‍ പിടിച്ചുവാങ്ങി നീ ഏത് ഡിപ്പാര്‍ട്ട്‌മെന്റിലാടോ ജോലി ചെയ്യുന്നതെന്ന് മന്ത്രി ചോദിച്ചു.

അത് നിങ്ങളറിയുന്നതെന്തിനെന്ന് തിരിച്ചുചോദിച്ചപ്പോള്‍ മന്ത്രി തന്റെ കരണത്തടിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചശേഷം കരുനാഗപ്പള്ളിയില്‍ ചികിത്സ തേടുകയായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. മുമ്പ് വവ്വാക്കാവ് എല്‍.പി.സ്‌കൂളിന്റെ ജീര്‍ണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചപ്പോള്‍ മോശമായ അനുഭവമുണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിക്ക് വോട്ടുചെയ്യില്ലെന്ന് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി വോട്ടുചോദിച്ചശേഷം താന്‍ മടങ്ങിപ്പോയെന്നും പ്രവര്‍ത്തകര്‍ തമ്മില്‍ എന്തോ തര്‍ക്കമുണ്ടായതായി പിന്നീടാണ് അറിഞ്ഞതെന്നും വോട്ടറെ കരണത്തടിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറയുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് യോഗം നടത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിന് നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടിക്കെതിരെ പോലീസ് കേസെടുത്തത്. നേമം മണ്ഡലത്തിലെ ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ചന്ദ്രികയുടെ പരാതിപ്രകാരമാണ് തിരുവല്ലം പോലീസ് കേസെടുത്തത്.

റിട്ടേണിങ് ഓഫീസര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് നടപടിയുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തിരുവല്ലം സരോജ ഓഡിറ്റോറിയത്തില്‍ നടന്ന എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് യോഗം ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയില്ലാതെയാണ് സംഘടിപ്പിച്ചത്. ഇതറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി യോഗം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ഉദ്യോഗസ്ഥരോട് സ്ഥലത്തുണ്ടായിരുന്ന സ്ഥാനാര്‍ഥിയും സംഘവും തട്ടിക്കയറുകയായിരുന്നു. എം.എല്‍.എ. വി. ശിവന്‍കുട്ടിക്ക് പുറമേ സി.പി.എം. കൗണ്‍സിലര്‍, ഏര്യാകമ്മിറ്റി സെക്രട്ടറി എന്നിവര്‍ക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ നിരീക്ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ചിത്രീകരണവും ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നറിയുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുക, ഭീഷണി മുഴക്കുക തുടങ്ങിയ കുറ്റങ്ങളാണ് ശിവന്‍കുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം കണ്ണൂര്‍ സംഭവത്തില്‍ പാര്‍ട്ടിക്കകത്തെ തന്റെ വൈരിയായ ജയരാജന്റെ നടപടിയോടുള്ള അമര്‍ഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുറന്നു പ്രകടിപ്പിച്ചു കഴിഞ്ഞു. ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോള്‍ പ്രചാരണ അവലോകനത്തിനൊപ്പം സിപിഎമ്മിനു പരിഗണിക്കേണ്ട ഒരു വിഷയം കൂടിയായി ഇതുമാറ്റാണ് വി.എസ് ക്യാമ്പിന്റെ തീരുമാനം. മന്ത്രി ദിവാകരന്റെ നടപടി സിപിഐ സംസ്ഥാനനേതൃത്വവും വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.