Random Posts

Monday, March 28, 2011

തട്ടിക്കൂട്ടിയ സ്ഥാനാര്‍ത്ഥി ചാടിപ്പോകാതിരിക്കാന്‍ പൂഞ്ഞാറില്‍ സിപിഎം കാവല്‍

കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ പൂഞ്ഞാര്‍ മണ്ഡലത്തില്‍ വിജയം പ്രഖ്യാപിച്ച സിപിഎം, തൊട്ടുപിന്നാലെയെത്തിയ അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്ന് വിയര്‍ക്കുന്നു. തട്ടിക്കൂട്ടിയെടുത്ത സ്ഥാനാര്‍ഥി മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതിരിക്കാനുള്ള കാവലിലാണ് മണ്ഡലത്തിലെ ഇടതുനേതൃത്വം. പൂഞ്ഞാറില്‍ കാഞ്ഞിരപ്പള്ളി എംഎല്‍എ അഡ്വ. അല്‍ഫോന്‍സ് കണ്ണന്താനത്തിനെ പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന സിപിഎമ്മിന്റെ കണക്ക് കൂട്ടല്‍ പിഴച്ചതാണ് പാര്‍ട്ടിക്കേറ്റ ആദ്യത്തെ ആഘാതം.

ഒരു ധാരണയുമില്ലാതെ കണ്ണന്താനത്തിന്റെ പേര് ചുവരായ ചുവരുകളിലെഴുതി ഏകപക്ഷീയമായി പ്രചരണരംഗത്ത് മുന്നേറുമ്പോഴാണ് താന്‍ മത്സരിക്കുന്നില്ലെന്ന് കണ്ണന്താനം പ്രഖ്യാപിച്ചത്. അന്തം വിട്ടുപോയ സിപിഎം നേതൃത്വം പറ്റിയ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയുള്ള തെരച്ചിലിലായി പിന്നെ. സീറ്റ് കിട്ടാതെ പിണങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് ജോര്‍ജ്ജ് ജെ. മാത്യുവിനെ പിന്നാമ്പുറത്തു ചെന്ന് കണ്ടു. പി.സി ജോര്‍ജ്ജിനെ തിരെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. കേട്ടപാതി കേള്‍ക്കാത്തപാതി സിപിഎം നേതൃത്വം പ്രഖ്യാപിച്ചു പൂഞ്ഞാറില്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് ജെ. മാത്യുവാണെന്ന്. അണികള്‍ തെരുവിലിറങ്ങി കണ്ണന്താനത്തിന്റെ പേര് മായ്ച്ച് ജോര്‍ജ്ജ് ജെ. മാത്യുവിന്റെ പേരെഴുതി.

അടുത്ത ദിവസം ജോര്‍ജ്ജ് ജെ. മാത്യുവിന്റെ പത്രസമ്മേളനം താന്‍ സര്‍വ്വ സ്വതന്ത്രനാണെന്നും കോണ്‍ഗ്രസ്സുകാരനാണെന്നും എന്നും കോണ്‍ഗ്രസ്സുകാരനായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇത് കേട്ട് സിപിഎം നേതൃത്വം ജോര്‍ജ്ജ് ജെ. മാത്യുവിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു. പി.സി ജോര്‍ജ്ജിനെ നേരിടാന്‍ പറ്റിയ എതിരാളി പാര്‍ട്ടിയില്‍ ഇല്ലാത്തതിനാല്‍ പറ്റിയ ആളിനെ തേടി പാര്‍ട്ടിക്കാര്‍ വീണ്ടും രംഗത്ത് ഇറങ്ങി. മാണി ഗ്രൂപ്പിലെയും, യുഡിഎഫിലെയും പലനേതാക്കളെയും കണ്ടു വിലയ്‌ക്കെടുക്കുവാനും വാടകയ്ക്ക് എടുക്കുവാനും പാര്‍ട്ടി തയ്യാറായെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല. അവസാനം കിട്ടിയതുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അങ്ങനെ പി.സി ജോര്‍ജ്ജിന്റെ വിശ്വസ്തന്‍ അഡ്വ. മോഹന്‍ ‍തോമസ് ഇടതു സ്ഥാനാര്‍ത്ഥിയായി.

തെരഞ്ഞെടുപ്പ് ദിവസം വരെയെങ്കിലും മോഹന്‍ തോമസ് ചാടിപ്പോകാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രത്യേക നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നാണ് കേള്‍വി. ഇടത് മുന്നണിയുടെ ഒടുവിലത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ക്ക് വിശ്വാസം വരാത്ത അവസ്ഥ. ഏതായാലും കണ്ണന്താനത്തിന്റെ പിന്‍മാറ്റവും അതിനായി തയ്യാറാക്കിയ കഥകളുമെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി പി.സി ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. എതിരാളി ആരായിരുന്നനാല്‍ തന്നെയും എതിരിടാന്‍ തയ്യാറായി നില്‍ക്കുന്ന പോരാളിയുടെ ഭാവമാണ് പി.സി.ജോര്‍ജ്ജിന്. തന്റേത് മാത്രമായ സിറ്റിംഗ് സീറ്റ് പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തിറങ്ങിയപ്പോഴും പി.സി.കുലുങ്ങിയില്ല. പി.സി ഇത്തവണ പൊട്ടുമെന്ന് പറഞ്ഞവരോടെല്ലാം വെല്ലുവിളിച്ചു പറഞ്ഞു ഭൂരിപക്ഷം മുപ്പത്തയ്യായിരം എത്തുമെന്ന് ഉറക്കെപ്പറയുകയാണദ്ദേഹം.

യു.ഡി.എഫ് സ്ഥാനാര്‍തി പി.സി ജോര്‍ജിന്റെ പ്രചാരണം ശക്തമായി മുന്നേറുകയാണ്. മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയില്‍നിന്നുമാണ് പര്യടനത്തിനു തുടക്കംകുറിച്ചത്. പര്യടനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനു പി.സി. ജോര്‍ജ്ജിന്റെ വിജയം അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അവഗണന എല്ലാ മേഖലകളിലും ദൃശ്യമാണെന്നു ആന്റോ ആന്റണി ചൂണ്ടിക്കാട്ടി. വാവരുപള്ളിയിലും ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലും കാണിക്കയര്‍പ്പിച്ച ശേഷമാണ് പി.സി. ജോര്‍ജ്ജ് മണ്ഡലപര്യടനപരിപാടിക്ക് തുടക്കം കുറിച്ചത്. ഇരുമ്പൂന്നിക്കര, തുമരംപാറ, എരുത്വാപുഴ, എയ്ഞ്ചല്‍വാലി, കണമല, ഇടകടത്തി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പര്യടനം മണിപുഴയില്‍ സമാപിച്ചു.

പര്യടനപരിപാടിയെ സ്വീകരിക്കാന്‍ മീനച്ചൂടിലും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ വിവിധകേന്ദ്രങ്ങളില്‍ എത്തിയിരുന്നു. തങ്ങള്‍ക്കുള്ള പരാതികളും പരിഭവങ്ങളും പര്യടനത്തിനിടെ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്താനും നാട്ടുകാര്‍ അവസരം വിനിയോഗിച്ചു. കലാലയങ്ങളില്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പും വോട്ടു പിടുത്തവും അന്യമായെങ്കിലും പൊതുതിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് മണ്ഡലത്തിലെ കെ.എസ്.സി പ്രവര്‍ത്തകരും. പരീക്ഷാചൂട് അവസാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി രംഗത്തിറങ്ങിയത്. തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഇല്ലെങ്കിലും തങ്ങളും തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണെന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ പ്രിയനേതാവ് പി.സി. ജോര്‍ജ്ജിനു പൂഞ്ഞാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടുന്നതിനുവേണ്ടിയുള്ള പ്രചാരണത്തിനൊപ്പമാണ് ഇവരും ചേര്‍ന്നിരിക്കുന്നത്.

മധ്യവേനലവധിക്കാലമായതിനാല്‍ പഠനവേവലാതികളില്ലാതെ അവധിക്കാല വിനോദങ്ങള്‍ക്ക് അവധി നല്‍കി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുകയാണ് ഇവര്‍. പി.സി. ജോര്‍ജ്ജിന്റെ പോസ്റ്ററുകളുമായി വീടുകളും കടകളും കയറിയിറങ്ങുകയാണ് ഇവരുടെ പ്രചാരണം. ഇതോടൊപ്പം ബന്ധുവീടുകളില്‍നിന്നും സഹപാഠികളുടെ വീടുകളില്‍നിന്നും പി.സി. ജോര്‍ജിനു വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലുമാണ് കൂട്ടായ പ്രചാരണത്തിനുശേഷം ഓരോരുത്തരും ചെയ്യുന്നത്. ഇന്റര്‍നെറ്റുവഴിയും പ്രചാരണം നടത്താന്‍ ഇവര്‍ സമയം കണ്ടെത്തുന്നുണ്ട്.