തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനത്തില്‍ സംസ്ഥാനത്ത് പത്രിക സമര്‍പ്പിച്ചത് അഞ്ച് പേര്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേരും കൊല്ലം, ആലപ്പുഴ, തൃശൂര്‍ എന്നി ജില്ലകളില്‍ ഓരോരുത്തരുമാണ് പത്രിക സമര്‍പ്പിച്ചത്.
അരുവിക്കര നിയോജക മണ്ഡലത്തിലെ എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥി എസ്.ശ്രീകുമാര്‍ ആണ് തിരുവനന്തപുരം ജില്ലയില്‍ പത്രിക സമര്‍പ്പിച്ച ആദ്യ സ്ഥാനാര്‍ത്ഥി. തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡി.എസ് ഗോപകുമാറാണ് പത്രിക സമര്‍പ്പിച്ച മറ്റൊരു സ്ഥാനാര്‍ത്ഥി. ഉച്ചയ്ക്ക് 11.45-നാണ് ശ്രീകുമാറില്‍ നിന്ന് തെരെഞ്ഞെടുപ്പ് വരണാധികാരിയായ സി.എസ് ലതിക ആദ്യ പത്രിക ഏറ്റുവാങ്ങിയത്. ശ്രീകുമാറിന്റെ രണ്ടാം അങ്കമാണിത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്ന് എസ്.യു.സി.ഐ സ്ഥാനാര്‍ത്ഥിയായി ശ്രീകുമാര്‍ ജനവിധി തേടിയിരുന്നു. എസ്.യു.സി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്.യു.സി.ഐ വെള്ളനാട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ശ്രീകുമാര്‍. എസ്.യു.സി.ഐ ജില്ലാക്കമ്മിറ്റി അംഗങ്ങളായ ഷാജര്‍ഖാന്‍, ബെന്നി ജോസഫ്, ജി.ആര്‍ പ്രകാശ്, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പമാണ് ശ്രീകുമാര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്.







