Random Posts

Saturday, March 19, 2011

അയ്യോ അച്ഛാ പോകല്ലേ...


അയ്യോ അച്ഛാ പോകല്ലേ.. അയ്യോ അച്ഛാ പോകല്ലേ........കുറച്ചുകൂടി ഉറക്കെ പറയൂ മക്കളേ അമ്മ കേള്‍ക്കട്ടേ.... മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റുമായെത്തിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രം മലയാളികള്‍ മറക്കില്ല.
ചലച്ചിത്രരംഗത്തെ സര്‍ഗപ്രതിഭയായ ശ്രീനിവാസന്റെ ആദ്യസംവിധാനസംരംഭം കൂടിയായിരുന്ന ശ്യാമള ഏറെ പുതുമകളാല്‍ സമ്പന്നവുമായിരുന്നു. കുടുംബങ്ങള്‍ ഏറ്റെടുത്ത സിനിമയായിരുന്ന ശ്യാമളയിലെ നായകകഥാപാത്രവും ശ്രീനിവാസന്‍ തന്നെയായിരുന്നു. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച വിജയന്‍ മാഷും കൈയ്യടി നേടി. ഒരുപാട് കുടുംബനാഥന്‍മാരുടെയും വീട്ടമ്മമാരുടെയും നേര്‍ക്കുപിടിച്ച കണ്ണാടിയെന്ന നിലയില്‍ കൂടിയായിരുന്നു ചിന്താവിഷ്ടയായ ശ്യാമള ശ്രദ്ധിക്കപ്പെട്ടത്. സ്ഥിരവരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച ശേഷം സമൂഹത്തില്‍ കൂടുതല്‍ പണവും പ്രശസ്തിയും നേടാനുള്ള വിജയന്റെ ശ്രമങ്ങളും തുടര്‍ന്ന് അയാളുടെ കൈയ്യിലിരുപ്പു മൂലം വഴിയാധാരമാകുന്ന കുടുംബത്തെ ഏതുവിധത്തിലും മുന്നോട്ട് കൊണ്ടുപോകാനായി ഭാര്യ ശ്യാമള നടത്തുന്ന ചെറുത്തു നില്‍പ്പുമാണ് ചിത്രത്തിന്റെ പ്രമേയം. ജോലിയും കൂലിയുമില്ലാതെ കുടുംബത്തിന്റെയും കുട്ടികളുടെയും ഭാരിച്ച പ്രാരാബ്ദങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കാന്‍ പോലും കൂട്ടാക്കാതെ കൂട്ടുകാരുമായി ചീട്ടുകളിയും മദ്യപാനവുമായി നടക്കുന്ന വിജയന്‍ മാഷ് ഭാര്യയുടെയും കുട്ടികളുടെയും മാത്രമല്ല, നാട്ടുകാരുടെയും മുന്നില്‍ പലപ്പോഴും അപഹാസ്യനാവുന്നുമുണ്ട്. കുടുംബഭാരം മുഴുവന്‍ ഭാര്യയുടെ തലയില്‍ വച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ഊരുതെണ്ടിനടക്കുന്ന വിജയന്‍ മാഷ് കഥയുടെ നിര്‍ണ്ണായകമായൊരു വഴിത്തിരിവില്‍ ഭാര്യയ്ക്കുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നടത്തുന്ന പരിഹാസ്യമായൊരു നാടകമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ദിവസങ്ങള്‍ നീണ്ട ഊരു തെണ്ടലിനുശേഷം വീട്ടില്‍ മടങ്ങിയെത്തിയ വിജയന്‍മാഷിന് സ്വന്തം വീട്ടില്‍ തനിക്കുള്ള സ്ഥാനം നിലനിര്‍ത്താനും ഭാര്യയുടെയും വീട്ടുകാരുടെയും ചെലവില്‍ നിത്യചെലവ് നടത്തുന്നതിനുമായാണ് അയാള്‍ കുട്ടികളെയും കൂട്ടി നാടകത്തിനൊരുങ്ങിയത്. വൈകുന്നേരം പഠിച്ചു കൊണ്ടിരുന്ന തന്റെ രണ്ട് കുട്ടികളെയും അരികില്‍ വിളിച്ച് അയാള്‍ നാടകത്തിന്റെ ഡയലോഗുകള്‍ കാണാപാഠം പഠിപ്പിക്കുന്നു- ഒപ്പം സിറ്റുവേഷനും. ഊരു തെണ്ടി മടങ്ങിയെത്തിയപ്പോള്‍ ഭാര്യ വേണ്ടത്ര പരിഗണിക്കാത്തതിനാല്‍ താന്‍ വീടുവിട്ടു പോകാന്‍ ഒരുങ്ങുകയാണെന്നും അപ്പോള്‍ കുട്ടികളായ നിങ്ങള്‍ തന്നെ കെട്ടിപ്പിടിച്ച് അയ്യോ അച്ഛാ പോകല്ലേ.. അയ്യോ അച്ഛാ പോകല്ലേ...എന്ന് ഉറക്കെ വിളിച്ചു പറയണമെന്നുമായിരുന്നു വിജയന്‍ മാഷിന്റെ നിര്‍ദേശം. ഭാര്യ ശ്രദ്ധിക്കുമെന്ന് ഉറപ്പു വരുത്തിയ ശേഷം കുട്ടികള്‍ക്ക് നാടകം തുടങ്ങാനുള്ള സിഗ്നല്‍ നല്‍കിയ വിജയന്‍മാഷ് തന്നെ നാടകീയത ഒട്ടും ചോര്‍ന്ന് പോകാതെ ഉറക്കെ താന്‍ പോകുകയാണ് മക്കളെ എന്ന് ആദ്യ ഡയലോഗ് കാച്ചി. ഒട്ടും വൈകിയില്ല കുട്ടികളും പറഞ്ഞുപഠിപ്പിച്ച ഡയലോഗ് വികാരതീവ്രമായി ഉരുവിട്ടു. പക്ഷേ അടുക്കളയില്‍ ജോലിയില്‍ മുഴുകി നില്‍ക്കുന്ന ഭാര്യ കേട്ടുകാണുമോ എന്ന സംശയത്തിലും രംഗം ഒന്നു കൂടി കൊഴുപ്പിക്കുന്നതിനായും .....കുറച്ചുകൂടി ഉറക്കെ പറയൂ മക്കളേ അമ്മ കേള്‍ക്കട്ടേ എന്ന് പറഞ്ഞ് നാടകം ആവര്‍ത്തിക്കുന്നു. ഇതുകേട്ടെത്തുന്ന ശ്യാമള വിജയന്‍മാഷിനെ നോക്കി പറയുന്ന ഒരു ഡയലോഗുണ്ട്.. ഇത്തരം പരിഹാസ്യമായൊരു നാടകം കളിക്കുന്ന നിങ്ങളോടെനിക്ക് അറപ്പും വെറുപ്പുമാണെന്ന്. ചിന്താവിഷ്ടയായ ശ്യാമള കണ്ടവരാരും ഈ നാടകവും ശ്യാമളയുടെ മറുപടിയും മറക്കില്ല.

ഇതിനു സമാനമായൊരു നാടകമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സി.പി.എം സ്ഥിരം നാടകവേദി അവതരിപ്പിച്ചു കൊണ്ടിരുന്നത്. കേരള രാഷ്ട്രീയം കണ്ട തികച്ചും അപഹാസ്യമായൊരു മൂന്നാംകിട നാടകത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചത്. സിനിമയില്‍ വിജയന്‍ മാഷ് ഒരുക്കിയ നാടകത്തിന്റെ തനിപ്പകര്‍പ്പായി അരങ്ങേറിയ നാടകത്തിലും വിജയന്‍ മാഷും കൂട്ടരും തന്നെ അവതാരകര്‍. നാടകരചനയും സംവിധാനവും തിരക്കഥയുമൊക്കെ തയ്യാറാക്കിയത് ആരായിരുന്നാലും ഏറ്റവും മോശം നാടകമെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയ നാടകമായി മാത്രമേ സീറ്റു നിഷേധനാടകം ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയുള്ളൂ.
ഏതായാലും നാടകം കണ്ടിരുന്നവര്‍ക്കൊക്കെയും ഒറ്റ ഉപദേശം മാത്രമാണ് നാടകക്കാരോടുള്ളത്. അത് ശ്യാമളയുടെ മറുപടി തന്നെയാണെന്നത് നാടകത്തിന്റെ അരങ്ങിലും അണിയറയിലും കത്തിവേഷങ്ങളാടിയവര്‍ക്കായി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും ആവര്‍ത്തിക്കാനുള്ളത്. എന്തൊക്കെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വീരവാദം, മലപ്പുറം കത്തി, ഇരട്ടക്കുഴല്‍ തോക്ക്, കുന്തം, കുടച്ചക്രം................. എന്നിട്ടോ ഏറ്റവുമൊടുവില്‍ പവനായി ശവമായി. സംസ്ഥാന ജനതയ്ക്കു മുന്നില്‍ വെറുക്കപ്പെട്ടവരും കളങ്കപ്പെട്ടവരുമായി മാറിയ സി.പി.എം നേതൃത്വം തകര്‍ന്ന പ്രതിഛായ മിനുക്കാന്‍ വി.എസിനെ മുന്നില്‍ നിര്‍ത്തി നടത്തിയ നാടകം കേരളീയ പൊതു സമൂഹത്തിനു മുന്നില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന മാനം കൂടി കളഞ്ഞു കുളിക്കുകയാണ് ചെയ്തത്.