
ഇന്ത്യന്‍ കറന്‍സി നാണയം ഉരുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിയ്ക്കുന്ന ബില്‍ ലോക്‌സഭയില്‍ പാസാക്കി. 1906ലെ ഇന്ത്യന്‍ കോയിനേജ് ആക്ട്, 1971ലെ സ്‌മോള്‍ കോയിന്‍സ് ഒഫന്‍സസ് ആക്ട്, 1889ലെ മെറ്റല്‍ ടോക്കണ്‍ ആക്ട്, 1981ലെ ബ്രോണ്‍സ് കോയിന്‍ ലീഗല്‍ ടെണ്ടര്‍ ആക്ട് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഈ ബില്‍.
2009 ഡിസംബറിലാണ് കോയിനേജ് ബില്‍ സഭയില്‍ ആദ്യമായി അവതരിപ്പിച്ചത്. നാണയങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദ്ദേശിച്ചത് നാണയങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് വേണമെന്നായിരുന്നു.
എന്നാല്‍ കാബിനറ്റ് ഏഴ് വര്‍ഷം വരെ തടവാണ് അംഗീകരിച്ചത്.






