
മാധ്യമങ്ങള്‍ പൊലിപ്പിച്ച ജനപ്രീതിയുടെ പൊന്‍തിളക്കത്തില്‍ അധികാരത്തിലേറിയ വി എസ് അച്യുതാനന്ദന്‍ വീണ്ടും മത്സരിക്കാന്‍ അനുമതിയില്ലാത്ത അവസ്ഥയില്‍ പടിയിറങ്ങുന്നത് മങ്ങലേറ്റ പ്രതിച്ഛായയുമായാണ്.
അധികാരത്തിലിരുന്ന നാലേമുക്കാല്‍ വര്‍ഷവും തന്റെ മുന്‍ പോരാട്ടങ്ങളെയും നിലപാടുകളെയും വഞ്ചിച്ച വി എസ് ഭരണത്തിന്റെ അസ്തമയ വേളയില്‍ സൃഷ്ടിച്ച പൊടിക്കൈകള്‍ സ്വന്തം പാര്‍ട്ടിക്കകത്ത് പോലും വിലപ്പോയില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും സംസ്ഥാന സമിതിയുടെയും തീരുമാനം വെളിപ്പെടുത്തുന്നത്. പരപീഡനസുഖത്തിലൂടെ സ്വന്തം പ്രതിച്ഛായക്ക് തിളക്കം തേടിയ ഒരു സാഡിസ്റ്റ് ഭരണാധികാരിയുടെ ദാരുണ അന്ത്യമാണിത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലാത്ത അപമാനത്തോടെയും അവസരനിഷേധത്തോടെയുമാണ് വി എസ് അധികാരത്തില്‍ നിന്നും പുറത്ത് പോവുന്നത്. അധികാരവും അതിന്റെ രണ്ടാമൂഴവും വല്ലാതെ കൊതിപ്പിച്ചിരുന്ന അച്യുതാനന്ദന് തുണയേകാന്‍ ഒരു ജില്ലാ ഘടകമോ ഒരു സെക്രട്ടറിയേറ്റ് അംഗമോ സംസ്ഥാന സമിതി അംഗമോ ഇല്ലാതെ പോയത് അദ്ദേഹത്തിന്റെ ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും വ്യാപ്തി വര്‍ധിപ്പിക്കുന്നു
1957ലും 67ലും മുഖ്യമന്ത്രിയായ ഇ എം എസിന് 1977ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടി അവസരം നല്‍കി. മൂന്നുതവണ മുഖ്യമന്ത്രി പദത്തിലെത്തിയ ഇ കെ നായനാര്‍ക്ക് ഒടുവിലത്തെ തവണ അവസരം ലഭിച്ചത് നിയമസഭാ അംഗം പോലും അല്ലാത്ത അവസ്ഥയിലായിരുന്നു. പശ്ചിമ ബംഗാളില്‍ അഞ്ച് തവണ ജ്യോതിബസുവിനും മൂന്നു തവണ പിന്‍ഗാമി ബുദ്ധദേബ് ഭട്ടാചാര്യക്കും അവസരം ലഭിച്ചു. പിന്നീട് പാര്‍ട്ടി പുറത്താക്കിയെങ്കിലും ത്രിപുരയിലെ നൃപന്‍ ചക്രവര്‍ത്തിയും മൂന്ന് വട്ടം മുഖ്യമന്ത്രിയായി. പിന്‍ഗാമിയായ മണിക്ക് സര്‍ക്കാര്‍ അഞ്ചാംവട്ടം മത്സരത്തിനൊരുങ്ങുകയാണ്. ഈ നിലയില്‍ ചരിത്രത്തില്‍ ഇടമില്ലാതെ പോയ വി എസ് നിഷേധാത്മക മാര്‍ഗത്തിലൂടെയാണ് കഴിഞ്ഞതവണ അവസരം നേടിയെടുത്തത്.
തെരുവില്‍ പ്രകടനം നടത്തിയും മാധ്യമപ്രസിദ്ധി സമ്പാദിച്ചു. നേടിയെടുത്ത ആ തന്ത്രം ഇത്തവണ ഫലിക്കണമെന്നില്ല. അനര്‍ഹമായ ഇത്തരം ജനപ്രീതി മുക്ക്പണ്ടങ്ങളാണെന്ന് തെളിയിച്ചതും വി എസിന്റെ നടപടി തന്നെയായിരുന്നു. പാര്‍ട്ടിക്കകത്തെയും പുറത്തെയും പ്രതിയോഗികളെ അഴിമതി ആരോപിച്ചു വേട്ടയാടി അഴിമതി വിരുദ്ധനെന്ന് തെളിയിക്കാന്‍ ശ്രമിച്ച വി എസ് സ്വന്തക്കാരും ബന്ധുക്കളും അഴിമതിയും ക്രമക്കേടും നടത്തിയപ്പോള്‍ ഒട്ടകപക്ഷിയെപ്പോലെ മണലില്‍ തലപൂഴ്ത്തുകയായിരുന്നു. ഭരണരംഗത്തും മാധ്യമവഴികളിലും വ്യവഹാര രംഗത്തും ഇടനിലക്കാരെ ഏര്‍പ്പെടുത്തി അദ്ദേഹം നടപ്പാക്കിയ അധാര്‍മിക അജണ്ടകളും അടുത്ത കാത്ത് വെളിവാക്കപ്പെട്ടതാണ്.
പാര്‍ട്ടിയില്‍ സെല്‍ഫ് ഗോളടിച്ചു നേടിയ കുപ്രസിദ്ധിയെ ചിത്രീകരിക്കാന്‍ ശ്രമിച്ച വി എസ് ഏറ്റവും കൂടുതല്‍ അച്ചടക്ക നടപടി നേരിട്ടയാളാണ്. കാലഹരണപ്പെട്ട പുണ്യാളനെന്നും സ്വന്തം കൂട്ടില്‍ കാഷ്ഠിക്കുന്ന ജീവിയെന്നും ഒറ്റയാനെന്നും വി എസ് വിമര്‍ശിക്കപ്പെട്ടതും പാര്‍ട്ടിക്കകത്ത് നിന്നു തന്നെയായിരുന്നു. കപട ആദര്‍ശ വേഷത്തോടെ പൊതു സമൂഹത്തെ മാത്രമല്ല; സ്വന്തം അനുയായി വൃന്ദത്തെപ്പോലും കബളിപ്പിച്ച വി എസിന്റെ മുഖംമൂടിയാണ് അവസരനിഷേധത്തിലൂടെ പിണറായിയും കൂട്ടരും വലിച്ചു കീറിയത്.വി എസ് അച്യുതാനന്ദന് രണ്ടാമൂഴത്തിന് അവസരം നല്‍കാതെ മാറ്റി നിര്‍ത്തിയതിന് സി പി എം പാര്‍ട്ടിക്കകത്ത് മാത്രം വിശദീകരണം നല്‍കിയാല്‍ മതിയാവില്ല.
ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം മികച്ചതെന്ന് കൊട്ടിഘോഷിക്കുന്ന പാര്‍ട്ടിയും മുന്നണിയും എന്തുകൊണ്ട് നായകനെ മാറ്റിയെന്നു വ്യക്തമാക്കേണ്ടതുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പൊതുജനമധ്യത്തില്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പാര്‍ട്ടിയോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചില്ല എന്നുള്ളത് വിശ്വസനീയ ന്യായീകരണമല്ല. മുന്‍ മത്സരം മികച്ചതല്ലാതെയാകുമ്പോഴാണ് ക്യാപ്റ്റന്‍മാരെ മാറ്റാറുള്ളത്. രാഷ്ട്രീയത്തിലും സമാന മാതൃകയാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കാറുള്ളത്. വി എസ് അച്യുതാനന്ദനെ നായകനാക്കി മത്സരിച്ചാല്‍ വലിയ നേട്ടമൊന്നും കൈവരിക്കാന്‍ സാധിക്കില്ലെന്ന് പിണറായി പക്ഷത്തിനും ബോധ്യമായിട്ടുണ്ട്.
വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാന തെരഞ്ഞെടുപ്പിലും നേരിട്ട കനത്ത പരാജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്താനാവില്ലെന്നും അവര്‍ മനസ്സിലാക്കുന്നു. സമാന പരാജയം നേരിട്ട പശ്ചിമ ബംഗാളില്‍ ബുദ്ധദേബ് തന്നെ വീണ്ടും പാര്‍ട്ടിയെ നയിക്കുമ്പോള്‍ വി എസിനെ മാത്രം മാറ്റിനിര്‍ത്തുന്നത് അധാര്‍മികതയാണെന്ന് പറയാന്‍ ഒരു നാവ് പോലും തീരുമാനമെടുത്ത പാര്‍ട്ടിയുടെ ഇരുവേദികളിലും ഇല്ലാതെ പോയത് വി എസ് നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ്. ഇത്തരത്തിലുള്ള ഒരാളെ ജനപ്രിയ നേതാവായും ജനപക്ഷ രാഷ്ട്രീയക്കാരനായും ചിത്രീകരിക്കുന്നത് വ്യാജപ്രതിച്ഛായ പ്രചരണമാണ്. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വി എസിനെ മാറ്റി കോടിയേരി യെ കുടിയിരുത്തുന്നത് ജനരോഷത്തില്‍ രക്ഷപ്പെടാനാണ്. പക്ഷെ; അത് വറവ് ചട്ടിയില്‍ നിന്ന് എരിയുന്ന അടുപ്പിലേക്കുള്ള മാറ്റം മാത്രമാണ്.






