Random Posts

Monday, March 14, 2011

ജെ.എസ്.എസ്. നാല് സീറ്റില്‍ വഴങ്ങി

തിരുവനന്തപുരം: നാല് സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസ്സിന്റെ വാഗ്ദാനത്തിന് ജെ.എസ്.എസ്. വഴങ്ങി. എന്നാല്‍ മണ്ഡലം സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ തര്‍ക്കം അവസാനിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റ് കൂടി കൂട്ടി 14 സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. എന്നാല്‍ 18 സീറ്റ് എന്നതില്‍ നിന്ന് 16 സീറ്റെന്നതിലേക്ക് കെ.എം. മാണി വന്നു. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനമായില്ല.

അഞ്ച് സീറ്റ് വേണമെന്നതായിരുന്നു ജെ.എസ്.എസ്സിന്റെ നിലപാടെങ്കിലും ഒടുവില്‍ നാല് സീറ്റുകൊണ്ട് തൃപ്തിപ്പെടാന്‍ അവര്‍ തയ്യാറായി. തിരുവനന്തപുരത്ത് ചേര്‍ന്ന ജെ.എസ്.എസ്സിന്റെ പാര്‍ട്ടി സെന്റര്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ കയ്പമംഗലത്തിനുപകരം പാര്‍ട്ടിമുമ്പ് മത്സരിച്ച കൊടുങ്ങല്ലൂരോ തിരുവനന്തപുരമോ നല്‍കണമെന്നാണ് ജെ.എസ്.എസ്. യോഗം ആവശ്യപ്പെട്ടത്. ഇക്കാര്യം ഗൗരിയമ്മ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു. രാത്രി നടന്ന ചര്‍ച്ചയിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല.

ഇതേസമയം കൊടുങ്ങല്ലൂര്‍ വേണമോ, തിരുവനന്തപുരം ആവശ്യപ്പെടണോയെന്നതിനെക്കുറിച്ച് ജെ.എസ്. എസ്സില്‍ തര്‍ക്കമുണ്ട്. മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ്ബഷീറും ചര്‍ച്ചയ്ക്ക് വന്നെങ്കിലും മാണി ഗ്രൂപ്പുമായുള്ള തര്‍ക്കം തീര്‍ക്കാനാണ് അവര്‍ പ്രധാനമായും ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുമായും രമേശുമായും ആലോചിച്ച് 14 സീറ്റെന്ന വാഗ്ദാനം കുഞ്ഞാലിക്കുട്ടി കെ.എം. മാണിയെ അറിയിച്ചു. 18 സീറ്റ് എന്ന നിലപാടില്‍ നിന്ന് മാണി 16 സീറ്റ് എന്നതിലേക്ക് വന്നു. എന്നാല്‍ അന്തിമ തീരുമാനമായില്ല.എം.വി. രാഘവന്‍ മത്സരത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചതായി അറിയുന്നു. പകരം സി.പി. ജോണിന് ഉറപ്പുള്ള മണ്ഡലം ചോദിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പ് എന്നീ പാര്‍ട്ടികളുടെ നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. മാണി ഗ്രൂപ്പുമായുള്ള തര്‍ക്കം 14 സീറ്റില്‍ തീര്‍ന്നാലും പുതുതായി കൂടുതല്‍ സീറ്റുകള്‍ അവര്‍ക്കായി കോണ്‍ഗ്രസ് കണ്ടെത്തേണ്ടിവരും.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല തിങ്കളാഴ്ച ഡല്‍ഹിക്ക് പോകും. ചൊവ്വാഴ്ചയാണ് പാമോയില്‍ കേസ് സംബന്ധിച്ച കേസിന്റെ വിധി വരുന്നത്. ഉമ്മന്‍ ചാണ്ടിക്ക് പാമോയില്‍ ഇറക്കുമതിയുമായി ബന്ധമുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് കോടതി ഉത്തരവിട്ടാല്‍ നിര്‍ണായകമായ തീരുമാനം എടുക്കുമെന്ന തീരുമാനത്തിലാണ് ഉമ്മന്‍ ചാണ്ടി എന്നറിയുന്നു. ചൊവാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരുന്നുണ്ട്. അന്ന് എല്ലാ കക്ഷികളുമായും പ്രത്യേകം ചര്‍ച്ചയും നടക്കും.