Random Posts

Sunday, March 27, 2011

സിന്ധുവിന്റെ വരവിന് പിന്നില്‍ ചാണ്ടി ഉമ്മന്‍; പാലമായത് ഫേസ്ബുക്ക്

കൊച്ചി: സിന്ധുജോയി പാര്‍ട്ടയില്‍ നിന്നും പുറത്തുവരുന്നതിന് പ്രധാനകാരണം പിതാവ് ഉമ്മന്‍ചാണ്ടിയേക്കാള്‍ തന്ത്രശാലിയായി വളരുന്ന യുവരാഷ്ട്രീയനേതാവ് ചാണ്ടി ഉമ്മന്റെ പ്രേരണ. കേരളത്തിലെ പുതിയതലമുറയിലെ രാഷ്ട്രീയനേതാക്കളുടെ ഇഷ്ടകേന്ദ്രമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ഓര്‍ക്കുട്ടിലൂം ഫെയ്‌സ് ബുക്കിലൂം സജീവമായിരുന്ന സിന്ധു ജോയ് അതു വഴി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി സൗഹൃദത്തിലാവുകയായിരുന്നു.

പാര്‍ട്ടിയില്‍ നേരിടേണ്ടിവന്ന യാതനകള്‍ സക്രാപ്പുകളായതോടെ ചാണ്ടി ഉമ്മന്‍ സിന്ധുവിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലേക്ക് സ്വാഗതവും ചെയ്തു. എസ്.എഫ്.ഐയുടെ കേന്ദ്ര കമ്മിറ്റിയംഗമായിരിക്കുമ്പോഴാണ് ഓര്‍ക്കുട്ടില്‍ സിന്ധു സജീവമായത്. ഓര്‍ക്കുട്ടിലൂടെ ചാണ്ടി ഉമ്മനുമായി സൗഹൃദത്തിലായ സിന്ധു ഫെയ്‌സ് ബുക്കിലൂടെയും സൗഹൃദം തുടര്‍ന്നു. ഇതോടെ കോണ്‍ഗ്രസിനോടും ചങ്ങാത്തമായി. ഒന്നര മാസം മുന്‍പു തന്നെ കോണ്‍ഗ്രസില്‍ ചേരുന്നതിനുളള പ്രാഥമിക ചര്‍ച്ചകള്‍ ചാണ്ടി ഉമ്മനും ഹൈബി ഈഡന്‍ സിന്ധുജോയി നടത്തിയിരുന്നു.

.ചില കെട്ടിലമ്മമാരെ കാണുമ്പോള്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകരെ മറക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്നും ടി.എന്‍ സീമയ്ക്ക് രാജ്യസഭ സീറ്റുനല്‍കിയതിനെക്കുറിച്ച് സിന്ധു വിശദീകരിക്കുന്നു. അതിനിടെ കോണ്‍ഗ്രസിനു വേണ്ടി എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നു സിന്ധു പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇതു സംബന്ധിച്ചു കെ പി സി സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കെ പി സി സി ഓഫീസിലെത്തിയ സിന്ധു ജോയിക്ക് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്. സിപിഎം വിടാനുള്ള കാര്യകാരണങ്ങളെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് സിന്ധുജോയി വിശദീകരിക്കുമ്പോള്‍ സിപിഎമ്മിലെ ഗ്രൂപ്പുപോരുകളും നേതാക്കളുടെ തനക്കനവും മൂലം രണ്ടാംനിര നേതാക്കള്‍ അനുഭവിക്കേണ്ടിവരുന്ന മാനസീകസംഘര്‍ഷങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നോ എം.എല്‍.എ. ആകണമെന്നോ ആഗ്രഹിച്ചല്ല രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതെന്ന് സിന്ധുജോയി പറയുന്നു. ഡോക്ടറേറ്റ് നേടിയ, വിദ്യാസമ്പന്നയായ പ്രവര്‍ത്തകയാണ് താന്‍.
എറണാകുളംപോലൊരു മണ്ഡലത്തില്‍ ഒട്ടേറെ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയും എന്നിട്ടും പാര്‍ട്ടി അതിന് അവസരം നല്‍കിയില്ല. ഗ്രൂപ്പുപോരില്‍ മുഴുകിയിരിക്കുമ്പോള്‍ സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് സമയമെന്നാണ് സിന്ധു ചോദിക്കുന്നത്. ഒരു ദിവസത്തെ ആലോചനകൊണ്ടല്ല പാര്‍ട്ടിമാറിയത്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവില്‍ ആശയപരമായും മാറ്റമുണ്ടായി. തെറ്റ് പറ്റിയാല്‍ അത് തിരുത്താന്‍ തയ്യാറാകണം-അവര്‍ വ്യക്തമാക്കി. സിപിഎമ്മിനുള്ളില്‍ക്കിടന്നു വീര്‍പ്പുമുട്ടുന്ന വിശ്വാസികളുടേയും പ്രതിനിധിയാണ് സിന്ധുജോയി. മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. എസ്എഫ്‌ഐ,ഡിവൈഎഫ്‌ഐ ഭാരവാഹിയായിരിക്കേ പരസ്യമായി പള്ളിയില്‍ പോയിരുന്നില്ലെന്നേയുള്ളു. എറണാകുളത്തു മത്സരിക്കുമ്പോള്‍ പ്രചാരണത്തിനിടെ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിനെ സന്ദര്‍ശിച്ചതും കൈ മുത്തിയതും പിന്നീടു 'നിത്യവിശുദ്ധയാം കന്യാമറിയമേ' എന്ന ഗാനം കാസറ്റിനുവേണ്ടി പാടിയതുമൊക്കെ സിപിഎമ്മിന് അപ്രിയമായി. പശ്ചാത്തപിച്ചു മടങ്ങിവരുന്നവരെ സഭ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും സിന്ധുപറയുന്നു.

പരിശുദ്ധ കന്യാകാമാതാവില്‍ ആശ്രയമര്‍പ്പിച്ചാണു ജീവിക്കുന്നത്. ജപമാലയും പ്രാര്‍ഥനയും മുടക്കിയിട്ടില്ല. പത്താംക്ലാസ് വരെ വേദപാഠം പഠിച്ചിട്ടുണ്ട് പാരമ്പര്യമുള്ള കത്തോലിക്കാ കുടുംബത്തിലാണു വളര്‍ന്നത്. ബൈബിളിനും സഭയുടെ പ്രബോധനങ്ങള്‍ക്കും മുകളില്‍ ഒരു പ്രത്യയശാസ്ത്രത്തിനും പ്രസക്തിയില്ലെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. ദൈവത്തെയും മതത്തെയും തള്ളിപ്പറയുന്ന കമ്യൂണിസത്തിനു നില്‍നില്പ്പില്ല. കമ്യൂണിസ്റ്റുകാര്‍ പറയുന്ന രക്ഷയും ദൈവം വിഭാവനം ചെയ്യുന്ന രക്ഷയും വ്യത്യസ്തമാണ്. സുനാമി ജപ്പാനില്‍ വരുത്തിയ നാശം ലോകം കണ്ടു പഠിക്കണം. ദൈവത്തിനു മാത്രമേ ലോകത്തെയും മനുഷ്യനെയും രക്ഷിക്കാനാകൂ. സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകയും ഭാരവാഹിയുമായതോടെ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടാകാതിരിക്കാന്‍ പരസ്യമായി പള്ളിയിലും ആത്മീയശുശ്രൂഷകളിലും പോയിട്ടില്ലെന്നേയുള്ളു. സ്വകാര്യമായി അനുഷ്ഠാനങ്ങളെല്ലാം നിര്‍വഹിക്കുന്നുണ്ടായിരുന്നു. എറണാകുളം സെന്റ് ജോസഫ്‌സ് കോളജില്‍ ബിഎഡിനു പഠിക്കുമ്പോള്‍ ഞാന്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശുശ്രൂഷിയായിരുന്നിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസികളെ, പ്രത്യേകിച്ചു സ്ത്രീകളെ, പാര്‍ട്ടിയില്‍ അംഗങ്ങളായി കിട്ടില്ലെന്നറിയാവുന്നതിനാല്‍ എന്നെ നേതാവാക്കി വളര്‍ത്തി. പാര്‍ട്ടി ഉദ്ദേശിച്ച നേട്ടങ്ങളുണ്ടാക്കിക്കഴിഞ്ഞപ്പോള്‍ പുറംകാലുകൊണ്ട് എന്നെ തട്ടിയെറിഞ്ഞു. തിക്താനുഭവങ്ങള്‍ മാത്രമായപ്പോള്‍ അവിടെനിന്നു പിന്മാറാന്‍ കുറെക്കാലമായി ആഗ്രഹിക്കുന്നു. സ്വാശ്രയസമരം തെറ്റായിരുന്നുവെന്ന് പശ്ചാത്താപത്തോടെ സിന്ധു ഇപ്പോള്‍ ഓര്‍ക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ അക്രമസമരങ്ങളില്‍ എസ്എഫ്‌ഐ പ്രസിഡന്റ് എന്ന നിലയില്‍ തനിക്കു വലിയ വീഴ്ച പറ്റി. മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ നിലപാടുകളേറെയും ശരിയാണെന്ന് ഇപ്പോള്‍ ബോധ്യമുണ്ടെന്നും അവര്‍ പറഞ്ഞു. സമരമുഖങ്ങളില്‍ ഇറക്കിവിട്ടു പോലീസിന്റെ ക്രൂരമര്‍ദനം ഏറ്റുവാങ്ങിയിട്ടുള്ള തന്നെ സിപിഎം വഞ്ചിക്കുകയായിരുന്നുവെന്നു. സ്വാശ്രയ കോളജ് സമരകാലത്തും മറ്റും എന്നെപ്പോലെയുള്ള എത്രയോ കുട്ടികളെ പാര്‍ട്ടി തെരുവിലിറക്കി. അവരേറെയും പാവപ്പെട്ട വീടുകളില്‍ നിന്നുള്ളവരായിരുന്നു. പോലീസിന്റെ ക്രൂരമായ മര്‍ദനമേറ്റു ശരീരം തകര്‍ന്നുമാസങ്ങളോളം താന്‍ കിടപ്പിലായി. ഇപ്പോഴും ശരീരത്തിന്റെ ക്ഷതങ്ങളും വേദനയും മാറിയിട്ടില്ല.

         " വിദ്യാര്‍ഥികളെ അണിനിരത്തി നടത്തിയ അക്രമ സമരങ്ങളെക്കുറിച്ചു കുറ്റബോധമുണ്ട്. പണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലൊന്നും എസ്എഫ്‌ഐ ശക്തമല്ല. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലാണ് എസ്എഫ്‌ഐക്കാര്‍ ഏറെയുള്ളത്. ഇവരെ സമരമുഖങ്ങളിലിറക്കിയാണു പാര്‍ട്ടി മുതലെടുക്കുന്നത്. അതു ശരിയായ സമരപാതയില്‍ ആയിരുന്നില്ലെന്നു ബോധ്യമുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്കു വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന നീതിബോധം ഇപ്പോഴുമുണ്ടെന്നും" അവര്‍ പറഞ്ഞു.