Random Posts

Friday, March 18, 2011

ഉശിരുകാട്ടാന്‍ ആറളത്തുപോയി ഊരാക്കുടുക്കില്‍പെട്ടു


പട്ടിയുടെ വാല് പന്തീരാണ്ട് കുഴലിലിട്ടാലും നിവരില്ലെന്ന് ചൊല്ലുണ്ട്. അതു പോലെയാ സി.പി.എം നേതാക്കളുടെ സ്ഥിതി. പൊലീസുദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുക, അവരുടെ കോളറിന് കുത്തിപ്പിടിക്കുക തുടങ്ങിയ കലാപരിപാടികള്‍ പണ്ടേ കണ്ണൂര്‍ ജില്ലയിലെ ചില സി.പി.എം നേതാക്കള്‍ക്കുണ്ട്.
കോടിയേരി ബാലകൃഷ്ണന്‍ പൊലീസ് മന്ത്രിയായതോടെ വര്‍ഗസ്വഭാവം തല്‍ക്കാലത്തേക്കെങ്കിലും നേതാക്കള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കോടിയേരിയുടെ പൊലീസിനെ കോളറിന്കുത്തിപ്പിടിച്ചാലും ചീത്തപ്പേര് വരില്ലേയെന്ന് കരുതി സഹിച്ചിരുന്നു. പക്ഷേ എത്രകാലമങ്ങനെ പിടിച്ചുനില്‍ക്കും? ഭരണം മാറാന്‍ പോവുകയാണ്. പഴയ കലാപരിപാടികളൊക്കെ പുറത്തെടുക്കേണ്ട സമയമായി. അതിന്റെ റിഹേഴ്‌സലാണ് ആറളത്ത് സഖാവ് എം.വി ജയരാജന്റെ നേതൃത്വത്തില്‍ ഈയിടെ നടന്നത്. ജയരാജന് പണ്ടൊക്കെ പറ്റിയൊരു കൂട്ടുണ്ടായിരുന്നു. സഖാവ് പി ശശി. കണ്ണൂര്‍ ടൗണില്‍ അനധികൃതമായി സ്ഥാപിച്ച സി.പി.എമ്മിന്റെ പ്രചരണ ബോര്‍ഡെടുത്തു മാറ്റാന്‍വന്ന പൊലീസിനെയും തെരഞ്ഞെടുപ്പുദ്യോഗസ്ഥരെയും ജയരാജനും ശശിയും ചേര്‍ന്ന് തെരുവിലിട്ടലക്കിയതും അസഭ്യവര്‍ഷം ചൊരിഞ്ഞതും ഭീഷണി മുഴക്കിയതുമൊക്കെ ആരുടേയും ഓര്‍മകളില്‍ നിന്ന് മാഞ്ഞിട്ടില്ല.
പാവം ശശിയിപ്പോള്‍ പഴയ ഓര്‍മകള്‍ കഷായമായി സേവിച്ച് വീട്ടിലൊതുങ്ങിക്കഴിയുന്നു. ജയരാജന്‍ ശൗര്യം കുറഞ്ഞില്ലെന്ന് തെളിയിക്കാനുള്ള പുറപ്പാടിലും.പരിയാരം മെഡിക്കല്‍ കോളേജിന്റെ ചെയര്‍മാന്‍ സ്ഥാനമൊക്കെ കൊടുത്ത് ജയരാജനെ തളച്ചിട്ടതായിരുന്നു സി.പി.എം.തെരഞ്ഞെടുപ്പടുക്കുമ്പോഴതാ ജയരാജനും ഇളക്കം. ആറളത്ത് പൊലീസുകാരുടെ മേക്കിട്ടു കയറാന്‍ ജയരാജന്‍ കയറും പൊട്ടിച്ചോടിയത് വെറുതേയല്ല. ഒരു സീറ്റ് തരപ്പെടുത്തുക തന്നെ ലക്ഷ്യം.
അബ്ദുള്ളക്കുട്ടിയോട് തോറ്റതിന്റെ ക്ഷീണം തീര്‍ന്നിട്ടില്ലാത്ത ജയരാജന് ഏതെങ്കിലും സീറ്റുപോര. ജയിക്കുന്ന സീറ്റു വേണം. ഗണിച്ചു നോക്കിയപ്പോള്‍ ധര്‍മ്മടം മാത്രമേ തെളിഞ്ഞു കാണുന്നുള്ളൂവത്രേ. അവിടെ പിണറായി സഖാവോ അതല്ലെങ്കില്‍ സഖാവിന്റെ ബിനാമിയായ ഇ. നാരായണന്‍ മുതലാളിയോ മല്‍സരിക്കുന്നതിന് ഒഴിച്ചിട്ട കളത്തിലേക്കാണ് ജയരാജന്റെ എടുത്തുചാട്ടം.

സി.പി.എം പൊളിറ്റിക്‌സില്‍ ശക്തന്മാര്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂവെന്ന് കണ്ണൂരിലെ പ്രമാണം. ഇ പി ജയരാജന്‍ തൊട്ട് കെ.കെ രാഗേഷ് വരെ തടികൂട്ടി ശക്തരെന്ന് തെളിയിക്കുന്നതും അതുകൊണ്ടു തന്നെ. തടി മാത്രം പോര എന്തെങ്കിലും ഉശിരന്‍ പ്രവൃത്തി കൂടിയുണ്ടായാല്‍ മുന്‍ഗണന കിട്ടുമെന്ന് നിനച്ചാണ് ജയരാജന്‍ ആറളത്തേക്ക് ചാടിപ്പുറപ്പെട്ടത്. അവിടെ ഉപതെരഞ്ഞെടുപ്പ് അലങ്കോലമാക്കാന്‍ ശ്രമിച്ച സഖാക്കളെ പൊലീസ് പൊക്കിയിരുന്നു. പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രതികളെ ഹാജരാക്കുകയെന്ന പതിവു ശൈലി പൊലീസ് ചെവിക്കൊണ്ടില്ല. വീടുകളില്‍ ചെന്ന് സി.പി.എം ക്രിമിനലുകളെ പൊക്കിയതോടെ ഇതുതന്നെ അവസരമെന്ന് കരുതി ജയരാജനും കൂട്ടരും ആറളം സ്റ്റേഷനിലേക്ക് പാഞ്ഞു ചെന്നു. മാധ്യമപ്രവര്‍ത്തകരെയെല്ലാം അറിയിച്ച ശേഷം കലാപരിപാടി ആരംഭിച്ചു.
ആദ്യം പൊലീസിനെ ഭീഷണിപ്പെടുത്തല്‍, അതു കഴിഞ്ഞ് സത്യാഗ്രഹം. പിടികൂടിയവരെ കൈയോടെ മോചിപ്പിച്ച് വീരനായകനായി ഒരു പ്രകടനം കൂടി നടത്തേണ്ട ഒരുക്കങ്ങളൊക്കെ ജയരാജന്‍ കൂട്ടിയിരുന്നു. പക്ഷേ പൊലീസുണ്ടോ വിടുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചതോടെ ജയരാജനാകെ പരുങ്ങി. സത്യാഗ്രഹം അവസാനിപ്പിക്കാന്‍ വഴിയറിയാതെ വലഞ്ഞു. തലപുകഞ്ഞാലോചിച്ചപ്പോള്‍ രക്ഷകനെ പിടികിട്ടി. മനുഷ്യാവകാശ കമ്മീഷനംഗം കെ ഇ ഗംഗാധരന്‍. സി.പി.എം നേതാക്കള്‍ പറയുന്ന ഏത് കല്‍പ്പനയും വിനീതവിധേയനായി അനുസരിക്കാറുള്ള സഖാവ് ഗംഗാധരന്‍ ജയരാജന്റെ രക്ഷയ്ക്കായി ഓടിയെത്തി.
പൊലീസിനെ കണ്ടപ്പോള്‍ ഷര്‍ട്ടൂരി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സി.പി.എം ക്രിമിനലുകളുടെ അര്‍ധനഗ്നമേനി പൊതുജനങ്ങള്‍ കണ്ടതിനെ മനുഷ്യാവകാശലംഘനമായി കാണണമെന്നായിരുന്നു സി.പി.എമ്മിന്റെ കല്‍പ്പന. സത്യാഗ്രഹം അവസാനിപ്പിച്ചു കിട്ടാന്‍ പോന്ന ഒരുറപ്പ് പൊലീസോ നല്‍കുന്നില്ല, ഗംഗാധരനെങ്കിലും നല്‍കണമെന്നായി ജയരാജന്‍. അന്വേഷണം നടത്താമെന്ന് ഗംഗാധരനെ കൊണ്ട് പറയിപ്പിച്ച എം.വി ജയരാജന്‍ ആറളത്ത് നിന്ന് തടിയൂരി.
എങ്ങനെയുണ്ടെന്റെ പെര്‍ഫോമന്‍സെന്ന് ജയരാജന്‍ പല സി.പി.എം നേതാക്കളോടും ചോദിച്ചു. ധര്‍മ്മടം കിട്ടാന്‍ മാത്രം പോരെന്ന് മറുപടിയും വന്നു.
ഏറ്റവും പുതിയ മാധ്യമ പിണ്ടിക്കേറ്റ് പാര്‍ട്ടിക്ക് സ്വന്തം ചാനലുണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം. കൈരളി പീപ്പിള്‍ ചാനല്‍ എന്തൊക്കെ വാര്‍ത്ത കൊടുത്താലും അതൊന്നും ജനം വിശ്വസിക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കൈരളി പീപ്പിളിനെ മാത്രം വിശ്വസിച്ച് കാര്യം നടക്കില്ല.

പ്രാദേശിക ചാനലുകാരെ കൈയിലെടുക്കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചത് അങ്ങനെയാണ്. പ്രാദേശിക ചാനല്‍പരിപാടികളില്‍ പരമാവധി സി.പി.എമ്മുകാരുടെ കാര്യങ്ങള്‍ പറയണം. സി.പി.എം നേതാക്കളുടെ മുഖം കാണിക്കണം. സി.പി.എമ്മിനനുകൂലമായ വാര്‍ത്തകള്‍ മാത്രം വരുത്തണം എന്നിങ്ങനെ വലിയൊരു പട്ടികയുമായാണ് കണ്ണൂരില്‍ സി.പി.എം ജില്ലാ നേതൃത്വം പ്രാദേശിക ചാനലുകാരുടെ യോഗം വിളിച്ചത്. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെ മാത്രമല്ല, ചാനല്‍ നടത്തിപ്പുകാരേയും കേബിള്‍ ഓപ്പറേറ്റര്‍മാരെയുമൊക്കെ യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തി. മാധ്യമങ്ങളെ എപ്പോഴും കുറ്റപ്പെടുത്താറുള്ള പി. ജയരാജന്‍ സഖാവ് പ്രാദേശിക ചാനലുകാരോട് മാധ്യമസിന്‍ഡിക്കേറ്റായി പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണത്രേ യോഗത്തില്‍ നടത്തിയത്. സി.പി.എമ്മിന്റെ വല്ലാത്ത ഗതികേടിന്റെ ദയനീയകഥ പ്രാദേശിക ചാനലുകാരോട് വിവരിച്ച് സഹായിക്കണേയെന്ന് കേണഭ്യര്‍ത്ഥിച്ച് പല പല വാഗ്ദാനങ്ങളും നല്‍കിയാണത്രേ അവരെ പറഞ്ഞയച്ചത്. പല രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ട പ്രാദേശിക ചാനല്‍ നടത്തിപ്പുകാര്‍ മുമ്പൊരിക്കലുമില്ലാത്ത പത്തിമടക്കല്‍ കണ്ട് അന്തം വിട്ടിരിപ്പായി.