Random Posts

Wednesday, March 30, 2011

കണ്ണീരുണങ്ങാതെ, കനലെരിയും മനവുമായി ശാരിയുടെ പിതാവ്......


മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മന്ത്രി പി.കെ. ശ്രീമതിയും നീതി കാണിച്ചില്ലെന്ന് കിളിരൂര്‍ പിഡനകേസില്‍ ഇരയായ ശാരിയുടെ മാതാപിതാക്കള്‍. വി.ഐ.പി. സന്ദര്‍ശനം വിവാദമാക്കി വോട്ടുനേടി അധികാരത്തിലെത്തിയ വി.എസ് പിന്നെ ആ വഴി മറന്നു.
സ്ത്രീപീഡകരെയല്ല, മറിച്ച് പീഡനത്തിനിരയായവരെയാണ് വി.എസിന്റെ പൊലീസ് കയ്യാമം വച്ച് തെരുവിലൂടെ നടത്തിയത്- തെന്നും ശാരിയുടെ പിതാവ് സുരേന്ദ്രന്‍നാഥ് വേദനയോടെ ചൂണ്ടക്കാട്ടി.വി.എസ്. മുഖ്യമന്തിയായശേഷം നീതി തേടി ആറു തവണ പരാതി നല്‍കിയിട്ടും ഒരു മറുപടിപോലും ലഭിച്ചില്ല. പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ രണ്ടുതവണ കാണാന്‍ പോലും കൂട്ടാക്കിയില്ല. ഏറ്റവും ഒടുവില്‍ ചെന്നപ്പോഴാകട്ടെ ഞങ്ങളെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. വി.ഐ.പി വിവാദമുയര്‍ത്തി വോട്ട് നേടിയ വി.എസിന് തന്നെയാണ് അതാരെന്ന് വെളിപ്പെടുത്താനുള്ള ബാധ്യത.ശാരിയുടെ മകള്‍ സ്‌നേഹയുടെ വിദ്യാഭ്യാസത്തിനും ജീവിത ചെലവിനുമായി സര്‍ക്കാര്‍ അനുവദിച്ച രണ്ടുലക്ഷം രൂപയുടെ പലിശ എടുക്കാന്‍ കഴിഞ്ഞദിവസം ചെന്നെങ്കിലും സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നും സുരേന്ദ്രനാഥ് പറഞ്ഞു.''പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി നയിച്ച മോചനയാത്രയ്ക്കിടയില്‍ കുടുംബത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ശാരിയുടെ മകള്‍ ആറുവയസുകാരി സ്‌നേഹ കത്ത് നല്‍കിയിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ശാരിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് അന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. സ്‌നേഹയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി അതല്ലെങ്കില്‍ കുട്ടിയുടെ സംരക്ഷണം താന്‍ ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അന്നു തന്നെ മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്തുമയച്ചു. ഇതോടെ കഴിഞ്ഞ നാലരവര്‍ഷമായി അനങ്ങാതിരുന്ന സര്‍ക്കാര്‍ സ്‌നേഹയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി കുടുംബക്ഷേമവകുപ്പില്‍നിന്നും രണ്ടുലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയുടെ പലിശ ഓരോ മാസവും ചെലവിനായി ഉപയോഗിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. 18 വര്‍ഷമാണ് തുകയുടെ കാലാവധി. ഓരോ മാസവും 1850 രൂപ മാത്രമാണ് വിദ്യാഭ്യാസചെലവിനായി പലിശയിനത്തില്‍ ലഭിക്കുക. അറിയിപ്പ് ലഭിച്ചതനുസരിച്ച് ഒരുമാസം പൂര്‍ത്തിയായ ദിവസം പലിശത്തുക വാങ്ങുന്നതിനായി തിരുവനന്തപുരത്ത് ബാങ്കില്‍ ചെന്നെങ്കിലും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.'' 11 സെന്റ് സ്ഥലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അനുവദിച്ച ഒന്നരലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പാതി പണിപൂര്‍ത്തിയായ വീട്ടിലാണ് സുരേന്ദ്രനാഥും കുടുംബവും താമസിക്കുന്നത്. അച്ഛനാരെന്നുപോലും അറിയാത്ത ആറുവയസുകാരി സ്‌നേഹയുടെ സംരക്ഷണചെലവിലേക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വര്‍ഷമായി നല്‍കിയ നിവേദനങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പ്രതിപക്ഷനേതാവിന് നിവേദനം നല്‍കിയത്.
ലൈംഗികപീഡനത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ട ശാരിയുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആറുപ്രാവശ്യം സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം ഇരുന്ന സുരേന്ദ്രനാഥ് ഒരുതവണ ഇക്കാര്യം ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസവും അനുഷ്ഠിച്ചു. ഗുരുതരാവസ്ഥയില്‍ ശാരി ആശുപത്രിയില്‍ കിടന്ന സമയത്ത് ചികിത്സാ സഹായം അനുവദിച്ചതും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിസാറായിരുന്നുവെന്ന് പറഞ്ഞ സുരേന്ദ്രനാഥ് പിന്നീട് അധികാരത്തില്‍ കയറിയ ഇടതുസര്‍ക്കാര്‍ യാതൊരു ചികില്‍സാ സഹായവും നല്‍കിയില്ലെന്ന് കുറ്റപ്പെടുത്തി. കേസന്വേഷണം മറ്റ് ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയിലും ഇതുവരെ തനിക്ക് മറുപടി ലഭിച്ചിട്ടില്ലെന്ന് സുരേന്ദ്രനാഥ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന വി.എസ്. എന്തുകൊണ്ടാണ് ഇക്കാര്യം തന്നെ അറിയിക്കാത്തത്. ശാരി ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ കഴിഞ്ഞിരുന്ന സമയത്ത് സന്ദര്‍ശിച്ച് മടങ്ങിയ മന്ത്രി പി.കെ. ശ്രീമതിയും പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനിന്ന അവസരത്തില്‍ അവിടേയ്ക്ക് കാറില്‍ എത്തിയ മന്ത്രി ശ്രീമതി തങ്ങളെ കണ്ട് കാറില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ മടങ്ങിപ്പോകുകയായിരുന്നുവെന്നും സുരേന്ദ്രനാഥ് പറഞ്ഞു.