Random Posts

Wednesday, March 16, 2011

പിണറായിയുടെ സ്ഥാനം തെറിപ്പിക്കാന്‍ വി.എസ് യത്‌നിച്ചതിന് തെളിവ്

ലാവ്‌ലിന്‍ സംബന്ധിച്ച് ഗുരുതര ആരോപണവുമായി വി.എസ്
പി.ബിയ്ക്ക് അയച്ച കത്ത് ജഹാന്റെ  പുസ്തകത്തില്‍
 

തിരുവനന്തപുരം: ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ പിണറായി വിജയനെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍
പോളിറ്റ്ബ്യൂറോയ്ക്ക് കത്തെഴുതിയെന്നതിന് തെളിവ്. വി.എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്റെ 'ചുവന്ന അടയാളങ്ങള്‍' എന്ന പുസ്തകത്തിലാണ് ഈ കത്ത് ഉദ്ധരിച്ചിരിക്കുന്നത്. ലാവലിന്‍ ഇടപാട് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഗുരുതരമായ ക്രമക്കേട് നടന്നുവെന്നും വി.എസ് പോളിറ്റ് ബ്യൂറോയ്‌ക്കെഴുതിയ കത്തില്‍ ആരോപിക്കുന്നുണ്ട്.
കെ.എം ഷാജഹാന്‍ ഉദ്ധരിക്കുന്ന വി.എസിന്റെ ആദ്യത്തെ കത്ത് 2005 ജൂലൈ 29-ലേതാണ്. 300 ഓളം പേജ് വരുന്ന 11 രേഖകളടങ്ങിയതായിരുന്നു ആ കത്ത്. എ.ജിയുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമായിരുന്നു ഈ കത്തയച്ചത്.  ''വൈദ്യുതിബോര്‍ഡിന്റെ സ്വകാര്യവല്‍ക്കരണത്തിലേയ്ക്ക് നയിക്കുന്ന പുന:സംഘടനയ്ക്ക് സഖാവ് പിണറായി വിജയന്‍ കാനഡയിലെ ഉദ്യോഗസ്ഥര്‍ക്ക് അനുവാദം നല്‍കി. പാര്‍ട്ടിയെ വലിയ കുഴപ്പത്തില്‍ കൊണ്ടുചാടിച്ച ഈ ഇടപാടില്‍ സഖാവ് വിജയന്‍ പങ്കാളിയായത് ബന്ധപ്പെട്ട ഒരു പാര്‍ട്ടിവേദിയിലും ചര്‍ച്ച ചെയ്യാതെയാണ്. എന്തൊക്കെ മൂല്യങ്ങള്‍ക്കുവേണ്ടി നാം നിലകൊണ്ടിട്ടുണ്ടോ അതിനെല്ലാം എതിരാണ് ഈ കരാര്‍.'' ആവശ്യമായ തിരുത്തല്‍ നടപടികളെടുക്കുകയും പി.ബി വിശദമായ അന്വേഷണം നടത്തുകയും വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ട് വന്ന ശേഷം 2006 മാര്‍ച്ച് നാണ് വി.എസ് ലാവലിന്‍ വിഷയത്തില്‍ രണ്ടാമത്തെ കത്തയക്കുന്നത്. ആ കത്തില്‍ പറയുന്നതിങ്ങനെ- ''സി.എ.ജിയുടെ അന്തിമറിപ്പോര്‍ട്ട് എല്ലാ വാദങ്ങളുടേയും മുനയൊടിച്ചിരിക്കുകയാണ്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞതിനെത്തുടര്‍ന്ന് സി.എ.ജി റിപ്പോര്‍ട്ടിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ നടത്തുന്ന ശ്രമങ്ങള്‍ പാര്‍ട്ടിനേതൃത്വത്തെ ജനങ്ങളുടെ മുമ്പില്‍ അപഹാസ്യരാക്കുകയാണ്.
പിണറായി വിജയനെ ന്യായീകരിക്കാന്‍ എന്തുവാദം ഉയര്‍ത്തിയാലും അതൊക്കെ തിരിച്ചടിക്കുകയാണ്.
 
സമ്പത്തുണ്ടാക്കിയത് തെളിയിക്കാന്‍ നാം ഭരണപക്ഷത്തെ വെല്ലുവിളിച്ചപ്പോള്‍ പിണറായി വിജയന്റെ മകന്‍ വിവേക് തായ്ക്കണ്ടി 46 ലക്ഷം രൂപ ഫീസ് നല്‍കി ഇംഗ്ലണ്ടില്‍ പഠിക്കുന്ന കഥയാണ് അവര്‍ മറുപടി നല്‍കിയത്. പാര്‍ട്ടിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും വിശ്വാസ്യത വളരെയേറെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ പിണറായി വിജയന്‍ സ്വയം ഒഴിഞ്ഞുനില്‍ക്കുകയോ ഒഴിഞ്ഞുനില്‍ക്കാന്‍ പി.ബി ആവശ്യപ്പെടുകയോ വേണം.'' പക്ഷെ വി.എസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോയ്ക്ക് അയച്ച ഈ രണ്ടുകത്തുകള്‍ക്കും പി.ബി പുല്ലുവില നല്‍കിയില്ലെന്നും ഷാജഹാന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്.