Random Posts

Sunday, March 27, 2011

നേതാക്കന്മാരുടെ പ്രതീക്ഷകള്‍ പോലെ യാത്രയും ആകാശത്ത്

കോട്ടയം: വാനോളം പ്രതീക്ഷയാണ് ഇത്തവണ കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. അതുപോലെതന്നെയാണ് യാത്രയും. കേരളമാകെ ഓടിനടക്കണം. അതിനിടെ ഹരിപ്പാട് കേന്ദ്രീകരിക്കുകയും വേണം. കെപിസിസി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ധര്‍മസങ്കടത്തിലായിരുന്നു. ഒടുവില്‍ അതിന് പാര്‍ട്ടി തന്നെ പരിഹാരവും കണ്ടെത്തി. ഒരു ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുക. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ പ്രചാരണത്തിനായി എത്തുക ഹെലികോപ്റ്ററിലാണ്. ശനിയാഴ്ച പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ പ്രചാരണത്തിനെത്തിയ ചെന്നിത്തല സ്വന്തം മണ്ഡലത്തിലേക്ക് ഹെലികോപ്റ്ററിലാണ് പോയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കോട്ടയം പോലീസ് മൈതാനിയിലെ ഹെലിപ്പാഡിലെത്തിയ അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്ററെത്താന്‍ ഒരു മണിക്കൂറോളം കാത്തിരുന്നു.

ഇനിയുള്ള ദിവസങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. പ്രചാരണത്തിന് ദിവസങ്ങള്‍ കുറവായതോടെ സമയക്കുറവ് നേരിടാനാണ് ഈവഴി നേതാക്കള്‍ തിരഞ്ഞെടുത്തത്. രമേശ് ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും കേരളം മുഴുവന്‍ ഓടിയെത്തേണ്ട ആവശ്യകത മനസ്സിലാക്കി എ.ഐ.സി.സിയാണ് ഹെലികോപ്റ്റര്‍ നല്‍കിയത്. കഴിഞ്ഞ ദിവസം ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തി. ഇതില്‍ നാലുപേര്‍ക്ക് കയറാം. കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ പ്രചാരണത്തിനും ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കും. രമേശും ഉമ്മന്‍ചാണ്ടിയും നിയമസഭാ സ്ഥാനാര്‍ഥികളായതാണ് നേതാക്കള്‍ക്ക് കേരളം മുഴുവന്‍ ഓടിയെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയത്. സ്വന്തം മണ്ഡലത്തില്‍ നില്‍ക്കുന്നതിനൊപ്പം ബാക്കിയെല്ലാ മണ്ഡലങ്ങളില്‍ നിന്നും ഇരുവര്‍ക്കും സ്ഥാനാര്‍ഥികളുടെ ക്ഷണവുമുണ്ട്.

എല്ലായിടത്തും എത്തുക പ്രായോഗികമല്ലെങ്കിലും കഴിയുന്നത്ര സ്ഥലങ്ങളില്‍ ചെന്നെത്താനുള്ള ശ്രമമാണ് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും നടത്തുന്നത്. ഇതിന് കാര്‍ പോരാതെ വരുമെന്നതുകൊണ്ടാണ് ഹൈക്കമാന്‍ഡ് ഹെലികോപ്റ്റര്‍ തന്നെ നല്‍കിയത്. തിരുവനന്തപുരമാണ് ഹെലികോപ്റ്ററിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ്. ആവശ്യത്തിനനുസരിച്ച് അത് ഇന്ദിരാ ഭവനില്‍ നിന്ന് വിട്ടുകൊടുക്കും. ദൂരെയുള്ള ജില്ലകളിലും ചെന്നെത്താന്‍ പ്രയാസമുള്ള സ്ഥലങ്ങളിലും ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. വാടകക്കെടുത്ത ഹെലികോപ്റ്റര്‍ പ്രചാരണകാലം കഴിയുമ്പോള്‍ തിരിച്ചുകൊണ്ടുപോകും. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതാക്കളുടെ പരിമിതമായ ഉപയോഗത്തിന് ഒരു ഹെലികോപ്റ്റര്‍ എത്തിയിരുന്നു. യു.ഡി.എഫിന്റെ പ്രചാരണത്തിനായി സോണിയാഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി എന്നിവര്‍ എത്തുന്നുണ്ട്.

എന്നാല്‍ തീയതിയും മറ്റും തീര്‍പ്പായിട്ടില്ല. അതേസമയം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇനി തീപാറുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുമുന്നണികളും തയ്യാറെടുക്കുന്നത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനം ശനിയാഴ്ചയായിരുന്നു. 140 മണ്ഡലങ്ങളിലായി 1373 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. 30 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിയുമ്പോള്‍ മാത്രമേ സ്ഥാനാര്‍ഥികളുടെ കൃത്യമായ എണ്ണം വ്യക്തമാകൂ. ഏപ്രില്‍ 13 നാണ് വോട്ടെടുപ്പ്.

മേയ് 13 ന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. 153 പത്രികകള്‍. ഏറ്റവും കുറവ് വയനാട് 24 . ഏറ്റവും കൂടുതല്‍ പുരുഷന്‍മാരുള്ളത് മലപ്പുറത്തും തിരുവനന്തപുരത്തുമാണ് (141 പേര്‍ വീതം). സ്ത്രീകള്‍ കൂടുതല്‍ തിരുവനന്തപുരത്താണ് (12). തിരുവനന്തപുരം: ആകെ പത്രിക: 153. കൊല്ലം: 95, പത്തനംതിട്ട: 50, ആലപ്പുഴ: 87, കോട്ടയം: 80, ഇടുക്കി: 53, എറണാകുളം: 130 തൃശൂര്‍: 126, പാലക്കാട്: 115, മലപ്പുറം: 146 കോഴിക്കോട്: 141, വയനാട്: 24 കണ്ണൂര്‍: 119, കാസര്‍കോട്: 54 എന്നിങ്ങനെയാണ് പത്രികളുടെ എണ്ണം. പുതുപ്പള്ളിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, നെന്മാറയില്‍ എം.വി.രാഘവന്‍, കണ്ണൂരില്‍ എ.പി.അബ്ദുല്ലക്കുട്ടി, ഉടുമ്പന്‍ചോലയില്‍ യു.ഡി. എഫ് സ്ഥാനാര്‍ഥി ജോസി സെബാസ്റ്റിയന്‍, ധര്‍മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ തുടങ്ങിയ പ്രമുഖര്‍ ശനിയാഴ്ച പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച മാത്രം 612 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പ്രധാന മുന്നണികളുടെയും പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഡമ്മികള്‍ക്കും പുറമെ സ്വതന്ത്രന്‍മാരും പലയിടങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളെക്കാള്‍ സ്വതന്ത്രരും അപരരും കുറവാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ബാങ്ക് അക്കൗണ്ട് അടക്കം കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം വന്നതാകാം ഇതിന് പ്രധാന കാരണം. തിങ്കളാഴ്ച സൂക്ഷ്മപരിശോധനക്ക് ശേഷം സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വരും. 30 ന് പത്രിക പിന്‍വലിക്കുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായും വ്യക്തമാകും.