Random Posts

Wednesday, March 23, 2011

പിണറായിസത്തിന് തിരശീല; സിപിഎമ്മില്‍ അരാജകത്വം അരങ്ങു തകര്‍ക്കുന്നു


തിരുവനന്തപുരം: സിപിഎമ്മില്‍ പിണറായി യുഗത്തിന് തിരശീല വീഴുന്നു.പിണറായിയുടെ 'സ്വന്തം' അനുയായി ഇ.പി ജയരാജന്‍ കൂടി  തള്ളിപ്പറഞ്ഞതോടെ ഇനി ആശയ്ക്ക് വകയില്ലെന്ന് തിരിച്ചറിഞ്ഞ് തല്‍ക്കാലം പിന്‍വാങ്ങാനൊരുങ്ങുകയാണ് പാര്‍ട്ടി സെക്രട്ടറി.
പോളിറ്റ് ബ്യൂറോയില്‍ നിന്നും കൃത്യമായ മാര്‍ഗനിര്‍ദേശം രഹസ്യ സന്ദേശമായി ലഭിച്ചതോടെയാണ് ഇനി ആശിക്കാനില്ലെന്ന് പിണറായി വിജയന്‍ തിരിച്ചറിഞ്ഞത്.താന്‍ തന്നെ നയിക്കും എന്ന വി.സിന്റെ വാക്കുകള്‍ക്ക് നായകന്‍ ഞാനെന്ന് മറുപടി പറഞ്ഞ കോടിയേരിയുടെ നിലപാടാണ് പിബിയെ ചൊടിപ്പിച്ചിരിക്കുന്നത്.പിബി എന്നാല്‍ ഇപ്പോള്‍ പ്രകാശ് കാരാട്ട് എന്നല്ല ബൃന്ദാ കാരാട്ടും സീതാറാം യെച്ചൂരിയും എന്നായി മാറിയതാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വത്തിന്റെ കൈയ്യില്‍ നിന്നും കാര്യങ്ങള്‍ വഴുതിപ്പോകാനിടയാക്കിയത്.കപ്പിനും ചുണ്ടിനുമിടയില്‍ നാവ് വി.എസിന്റെ രൂപത്തില്‍ വളര്‍ന്നതോടെയാണ് മോഹിച്ചിരുന്ന മുഖ്യമന്ത്രി കസേരയോ പ്രതിപക്ഷ നേതൃസ്ഥാനമോ കോടിയേരിയില്‍ നിന്നും വഴുതിപ്പോയത്. അരുമശിഷ്യനായി  പിണറായി കൊണ്ടു വന്ന കോടിയേരി തന്നെക്കാള്‍ വളരുന്നതു കണ്ട് ഞെട്ടിയ പിണറായി കരുക്കള്‍ നീക്കിയതാണ് ആഭ്യന്തര മന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിനോക്കാനാകാഞ്ഞത്.എന്നാല്‍ വി.എസിനെ മലര്‍ത്തിയടിക്കാന്‍ തല്‍ക്കാലം കോടിയേരിയെ ഉപയോഗിക്കാന്‍ ശ്രമിച്ച പിണറായി ആദ്യ അങ്കം ജയിച്ചെങ്കിലും ഫൗള്‍ വിസിലുമായി പിബി എത്തിയതോടെ കാര്യം  കൈവിട്ടു പോകുകയായിരുന്നു.
 
വി.എസിനെ മുന്‍ നിര്‍ത്തി തന്നെ പ്രചാരണം നടത്തിയാല്‍ മതിയെന്നാണ് പിബിയില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ച സന്ദേശം.എസ് രാമചന്ദ്രന്‍ പിള്ളയും പ്രകാശ് കാരാട്ടും പിണറായിയും കോടിയേരിയും ചേര്‍ന്നു നടത്തുന്ന കളികളില്‍ ബൃന്ദാ കാരാട്ടും സീതാറാം യെച്ചൂരിയും വി.എസിനെ അനുകൂലിക്കാനും ബംഗാള്‍ ഘടകം ഒറ്റക്കെട്ടായി അച്യുതാനന്ദനൊപ്പം നില്‍ക്കാനും തീരുമാനിച്ചതാണ് മുഖ്യമന്ത്രിക്ക് അനുഗ്രഹമായത്.കാര്യങ്ങളുടെ പോക്ക് മനസിലാക്കിയുള്ള കളം മാറ്റി ചവിട്ടലാണ് ഇ.പി ജയരാജനും ശ്രീമതിയും ശിവദാസ മേനോനും എന്‍.എന്‍ കൃഷ്ണദാസും വാക്കുകളിലൂടെ പ്രകടിപ്പിച്ചത്.സംസ്ഥാനഘടകത്തില്‍ 'കാലാവധി' കഴിയുന്ന പിണറായി വിജയന് ഇനിയൊരങ്കത്തിനു ബാല്യമില്ലെന്ന തിരിച്ചറിവ് മാറി ചിന്തിക്കാനും ഇവര്‍ക്ക് പ്രചോദനം നല്‍കി.
മട്ടന്നൂരില്‍ സിപിഎം തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനിലാണ് ഇ.പി ജയരാജന്‍ വി.എസ് അനിഷേധ്യനേതാവാണെന്നും ഇടതുമുന്നണിയെ വി.എസ്.അച്യുതാനന്ദന്‍ തന്നെ നയിക്കുമെന്നും വ്യക്തമാക്കിയത്.അതേവേദിയില്‍ മറ്റൊരു കേന്ദ്രകമ്മിറ്റിയംഗമായ പി.കെ. ശ്രീമതിയും വിഎസിന്റെ അനിഷേധ്യതയെ അരക്കിട്ടുറപ്പിച്ചു.
 
ഔദ്യോഗിക പക്ഷത്തിന്റെ കോട്ടയായ കണ്ണൂരിലാണ് പാര്‍ട്ടി കുലംകുത്തിയെന്നാക്ഷേപിച്ച വി.എസിന് വരവേല്‍പ്പ് ഗംഭീരമാക്കിയത്.ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളായി പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളെല്ലാം വിഎസിന്റേതായി ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴുവന്‍.ഇത്രയും നാള്‍ കൂടെ നിന്നവര്‍ വി.എസിനെ അനുകൂലിച്ചുകൊണ്ട്  പാര്‍ട്ടി നയത്തിന് ഘടകവിരുദ്ധമായി പറഞ്ഞുതുടങ്ങിയത് നോക്കി നില്‍ക്കാന്‍ മാത്രമേ പാര്‍ട്ടി സെക്രട്ടറിക്ക് കഴിയുന്നുള്ളു.തെരഞ്ഞെടുപ്പായതിനാല്‍ നടപടിക്കും വയ്യ;എന്നാല്‍ പാര്‍ട്ടി വിരുദ്ധമായാലും പോളിറ്റ് ബ്യൂറോ നിര്‍ദേശമുള്ളതിനാല്‍ മിണ്ടാനും വയ്യ എന്ന അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് പിണറായിയും കോടിയേരിയും.ഇതിനിടെ എല്ലാം പൊറുക്കണം എന്ന അപേക്ഷയുമായി ജാതി രാഷ്ട്രീയം കളിച്ച് അരമനകള്‍ തോറും കയറിയിറങ്ങാന്‍ സിപിഎമ്മും ഇടതുകക്ഷികളും ഒറ്റക്കെട്ടായി ഇറങ്ങിത്തുടങ്ങി.ലത്തീന്‍ മേഖലകളില്‍ സിപിഎമ്മും സീറോ മലബാര്‍ മേഖലകളില്‍ സിപിഐയും മറ്റ് സഭാ ആസ്ഥാനങ്ങളില്‍ ഒറ്റക്കെട്ടായുമാണ് ഇടതു നേതാക്കള്‍ കയറിയിറങ്ങുന്നത്.കഴിയുന്നത്ര ബിഷപ്പുമാരുമായി കൂടിക്കാഴ്ചകള്‍ നടത്തി പുറത്തിറങ്ങി പ്രശ്‌ന പരിഹാരമായി എന്നു ജനങ്ങള്‍ക്ക് മുന്നില്‍ പറയുക എന്നതാണ് ഇടതു അജണ്ട.

വികസന മുന്നേറ്റ ജാഥ നടത്തി സീറോ മലബാര്‍ ആസ്ഥാനത്ത് കര്‍ദ്ദിനാളിനെ സന്ദര്‍ശിച്ച കോടിയേരിയും മന്ത്രി ദിവാകരനും സംഘവും എല്ലാം പൊറുക്കണം, സഹായിക്കണം എന്ന് അപേക്ഷിച്ചതായാണ് വിവരം.വോട്ടുബാങ്കു രാഷ്ട്രീയത്തിന് ഇറങ്ങിത്തിരിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയും നിലപാട് തിരുത്തിയുമാണ് നേതാക്കള്‍ പിന്തുണയ്ക്കായി അരമനകളില്‍ കയറിയിറങ്ങുന്നത്.  കോടിയേരി ബാലകൃഷ്ണനെയാണ് സിപിഎം ഇതിനായി പ്രത്യേകം നിയോഗിച്ചിരിക്കുന്നത്.മലങ്കര സഭാ ആസ്ഥാനത്തേക്ക് മന്ത്രി എം വിജയകുമാറിനെയും നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂര്‍  ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കലുമായി കോടിയേരി ഇന്നലെ  കൂടിക്കാഴ്ച നടത്തി.  തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ക്ക് ഇടതുപക്ഷത്തോട് ശത്രുതയില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. ക്രൈസ്തവ സഭകളുമായുള്ള തെറ്റിദ്ധാരണകളെല്ലാം പരിഹരിച്ചുവെന്നാണ് കോടിയേരിയുടെ പ്രസ്താവന.കഴിഞ്ഞകാല നിലപാടുകളെ തിരുത്തുമെന്നാണ് കോടിയേരിയുടെ വാഗ്ദാനം.

എന്നാല്‍ നികൃഷ്ട ജീവി പ്രയോഗവും വിദ്യാഭ്യാസ മേഖലയില്‍ സമുദായത്തെ എതിര്‍ത്തതും പാഠപുസ്തക വിവാദവുമൊക്കെ അത്ര പെട്ടന്ന് മറക്കാന്‍ തയാറാല്ലെന്നു തന്നെയാണ് സഭയുടെ നയം.ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടെടുക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്ന് ഒന്നോ രണ്ടോ ബിഷപ്പുമാര്‍ പറയുന്നുണ്ടെങ്കിലും മുന്‍ ഇടയലേഖനത്തിലെ പ്രഖ്യാപനങ്ങളില്‍ മാറ്റമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ വ്യക്തമാക്കിയത് ഇടതിന് തിരിച്ചടിയായിരിക്കുകയാണ്. ആര്‍ച്ച് ബിഷപ് പവ്വത്തിലിനെ കയ്യിലെടുക്കാന്‍ മറ്റു സഭാധ്യക്ഷന്‍മാരുടെ സഹകരണം തേടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കോടിയേരി കൂടിക്കാഴ്ച നടത്തിയിരുന്നു. കെസിബിസി പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായി മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും മന്ത്രി കെ.പി രാജേന്ദ്രനും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.ലത്തീന്‍ സഭ സമദൂരവും മറ്റു സഭകള്‍ വ്യക്തമായ മാര്‍ക്‌സിസ്റ്റ് വിരോധവും പ്രഖ്യാപിച്ചിരിക്കെ വോട്ടിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാട്.