Random Posts

Tuesday, March 22, 2011

സേവപറയാന്‍ തന്നെക്കിട്ടില്ലെന്ന് ശിവദാസമേനോന്‍: മലമ്പുഴയിലെ വോട്ടര്‍മാര്‍ക്കുള്ള സന്ദേശം?

പാലക്കാട്: വി.എസ് അച്യുതനാന്ദന് സേവപറയാന്‍ തന്നെക്കിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.ശിവദാസമേനോന്‍. ഷൊര്‍ണൂരില്‍ ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസിന് താന്‍ എതിരാണെന്ന് ചില മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. ചില സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ എങ്ങനെ എതിരാകും. സേവ പറഞ്ഞാല്‍ ആദര്‍ശവാനുമാകില്ല. വി.എസ് സി.പി.എമ്മിന്റെ അനിഷേധ്യ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. അച്യുതാനന്ദന് സീറ്റ്‌നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന്റെ സൂചനകളാണ് ശിവദാസമേനോന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട തര്‍ക്കം മുറുകുകയാണെന്നാണ് ലഭ്യമായ സൂചനകള്‍. ഇടതുമുന്നണിയുടെ പ്രകടനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

മലമ്പുഴയില്‍ വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ഉദാഹരണം. വിഎസിന് സീറ്റുനിഷേധിച്ചതിനെത്തുടര്‍ന്ന് കലാപക്കൊടി ഉയര്‍ന്ന എറണാകുളം ജില്ലയിലും പ്രശ്‌നം നേതൃത്വത്തിന് തലവേദനയായിക്കഴിഞ്ഞു. എറണാകുളം ജില്ലയില്‍ സി.പി.എമ്മിലെ വിഭാഗീയത കാലുവാരലില്‍ കലാശിക്കുമെന്ന് ആശങ്ക. യു.ഡി.എഫിനെ അപേക്ഷിച്ച്, ഒരാഴ്ച മുന്നേ സ്ഥാനാര്‍ഥി നിര്‍ണയം നടത്തി പ്രചാരണം ആരംഭിക്കാന്‍ കഴിഞ്ഞെങ്കിലും സി.പി.എമ്മിനകത്തെ പ്രശ്‌നങ്ങളാണ് മുന്നണിക്ക് മൊത്തത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സി.പി.എമ്മില്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത്. അതിര്‍ത്തി പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ഏറക്കുറെ സുരക്ഷിതമെന്ന് സി.പി.എം കരുതുന്ന തൃപ്പൂണിത്തുറ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം തന്നെയാണ് പാര്‍ട്ടിക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചിരിക്കുന്നതും.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെത്തിയ സംസ്ഥാന സെക്രട്ടറിയെത്തന്നെ നേരിട്ട് എതിര്‍ക്കുന്ന രൂപത്തിലേക്ക് വി.എസ് പക്ഷം വളര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സ്ഥാനാര്‍ഥിയാക്കാനും സി.എം. ദിനേശ്മണിയെ പകരം ജില്ലാ സെക്രട്ടറിയാക്കാനും സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായിരുന്നു.ഈ ധാരണയനുസരിച്ച് കാര്യങ്ങള്‍ നീക്കുകയെന്ന ചുമതലയുമായാണ് പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയതും. പക്ഷേ,വി.എസ് പക്ഷക്കാരായ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഈ നീക്കം പൊളിച്ചു. തുടര്‍ന്ന്,ദിനേശ് മണി തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാകാനും ഗോപി കോട്ടമുറിക്കല്‍ ജില്ലാ സെക്രട്ടറിയായി തുടരാനും തീരുമാനമായി.

2006ലെ തെരഞ്ഞെടുപ്പുകാലത്ത് ജില്ലാ സെക്രട്ടേറിയറ്റില്‍ വി.എസ് പക്ഷത്തിനാണ് മേല്‍ക്കൈ ഉണ്ടായിരുന്നത്.2006ല്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ജില്ലയില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.മാത്രമല്ല, വി.എസ് മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തന്നെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.പിന്നീട്,ഗോപി കോട്ടമുറിക്കലും സി.എം. ദിനേശ് മണിയുമടക്കമുള്ളവര്‍ പിണറായി പക്ഷത്തേക്ക് നീങ്ങുകയായിരുന്നു.അതോടെ, ക്ഷീണത്തിലായ വി.എസ് വിഭാഗം പുതിയ സംഭവ വികാസങ്ങളോടെ കൂടുതല്‍ ഊര്‍ജം കൈവരിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍,വി.എസ് പക്ഷം കടുത്ത നിലപാടെടുത്താല്‍,ചില പ്രധാന മണ്ഡലങ്ങളിലെ സാധ്യതകള്‍പോലും ഇല്ലാതാകും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ സംഭവഗതികള്‍ ഉയര്‍ത്തിവിട്ട അലയൊലികള്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയാണ് ഘടകകക്ഷികള്‍ക്കുമുള്ളത്.ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ഇക്കുറി കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഉയര്‍ത്തിവിടുന്ന ചെറിയ ചലനങ്ങള്‍പോലും കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കും.

കളമശേരി,തൃപ്പൂണിത്തുറ,പിറവം,വൈപ്പിന്‍ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്നാല്‍,പുതിയ സാഹചര്യം അണികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയാല്‍,ഈ മണ്ഡലങ്ങളിലെ സാധ്യതകളെ ബാധിക്കും. അതുകൊണ്ടാണ്,സംസ്ഥാന കമ്മിറ്റി തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കുകയും ഒരര്‍ഥത്തില്‍ അട്ടിമറിക്കുകയും ചെയ്തിട്ടും കടുത്ത നിലപാട് സ്വീകരിക്കാന്‍ നേതൃത്വം മടിക്കുന്നത്.

ഇതിനിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇന്ന് പാലക്കാട്ടെത്തി. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച വി.എസ് രാവിലെ എട്ടിനാണ് ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ വി.എസിനെ സ്വീകരിക്കാനെത്തിയിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറി പി. ഉണ്ണി പൂമാലയണിയിച്ച് വി.എസിനെ സ്വീകരിച്ചു. പെണ്‍വാണിഭക്കാരെയും മാഫിയകളെയും നിലയ്ക്കുനിര്‍ത്താന്‍ ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്ന് വി.എസ് പറഞ്ഞു. അരമണിക്കൂറിനുശേഷം റെയില്‍വെ സ്റ്റേഷനു പുറത്തെത്തിയ വി.എസ് റസ്റ്റ് ഹൗസിലേയ്ക്കുപോയി. മലമ്പുഴയിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് വി.എസ് പാലക്കാട്ടെത്തുന്നത്.