Random Posts

Saturday, March 26, 2011

പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കാന്‍ ശ്രമിക്കുന്നു: സുധീരന്‍


പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി വിഎം സുധീരന്‍ ആരോപിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ സുതാര്യമാക്കും. മുഴുവന്‍ സര്‍ക്കാര്‍ നിയമനങ്ങളും പിഎസ്‌സിയ്ക്ക് വിടാനുള്ള നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു.
കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയന്റെ 37-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ സര്‍ക്കാര്‍ സര്‍വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിച്ചു. സര്‍വകലാശാലകളുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. യൂണിവേഴ്‌സിറ്റി നിയമനങ്ങള്‍ പോലും വിവാദമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യൂണിവേഴ്‌സിറ്റി നിയമനങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ലോകായുക്ത പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ അതിനെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. അന്വേഷണത്തെ എതിര്‍ക്കാനായി സര്‍ക്കാര്‍ ഹൈക്കോടതി വരെ പോയി അവസാനം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. എന്നാല്‍ അന്വേഷണം ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും സുധീരന്‍ പറഞ്ഞു.ഇടതുപക്ഷ സംഘടനകളുടെ ക്രൂരമായ പീഡനത്തിന് ഇരയായ ഉദ്യോഗസ്ഥയാണ് പ്രൊഫ. തങ്കമണി. തങ്കമണിക്ക് എതിരായി പ്രവര്‍ത്തിച്ചവര്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയന്‍ പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ മോഹന്‍കുമാര്‍, സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍, എഫ്‌യുഇഒ മുന്‍ ജനറല്‍ സെക്രട്ടറി ആര്‍ എസ് ശശികുമാര്‍, എഫ് യുഇഒ ജനറല്‍ സെക്രട്ടറി എന്‍എല്‍ ശിവകുമാര്‍, സെനറ്റ് മെമ്പര്‍ ജ്യോതികുമാര്‍ ചാമക്കാല, എന്‍ സതീശന്‍, എസ് പ്രസന്നന്‍, എന്‍ ശക്തിധരന്‍ നായര്, കെ മോഹന്‍ദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.