Random Posts

Monday, March 14, 2011

സിപിഎം സിപിഐ യുദ്ധം അവസാനിക്കുന്നില്ല

എല്ലാ ഇടതുപക്ഷ പാര്‍ട്ടികളും ജയസാധ്യതയുള്ള സീറ്റുകളും കൂടുതല്‍ സീറ്റുകളും ആഗ്രഹിക്കുകയാണ്.  തങ്ങള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ ഘടകകക്ഷികളില്‍ നിന്നും തിരിച്ചുപിടിക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നുണ്ട്.  സിപിഎം ഇടതുപക്ഷത്തെ ഘടകക്ഷികളെ ശല്യമായിട്ടാണ് കരുതുന്നത്. 
ഏറ്റവും വലിയ ശല്യം സിപിഐ തന്നെയാണ്.  ഇത് ഇന്ത്യന്‍ കമ്യൂണിസത്തിലെ ഒരധ്യായം.  എന്തിനുവേണ്ടി ഇന്ത്യയില്‍ രണ്ടു കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ എന്നത് ചോദ്യത്തിന്റെ ഭാഗം.
സിപിഐയുടെ ചില സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ സിപിഎം നോട്ടമിട്ടിട്ടുണ്ട്.  ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ തങ്ങള്‍ ജയിക്കുന്ന സീറ്റുകള്‍ സിപിഐയ്ക്ക് വിട്ടുകൊടുക്കുകയില്ല എന്നത് സിപിഎമ്മിന്റെ അവകാശവാദം.  മന്ത്രി ബിനോയ് വിശ്വം ജയിച്ചുവന്ന കോഴിക്കോട് ജില്ലയിലെ നാദാപുരവും പഴയ ജനതാദളിലെ (എസ്) എംകെ പ്രേംനാഥ് ജയിച്ചുവന്ന വടകരയും സിപിഎം വിട്ടുകൊടുക്കാന്‍ സാധ്യതയില്ല.  എല്‍ഡിഎഫിനോട് മാത്യു ടി തോമസിന്റെ ജനതാദള്‍ ഗൗഡ വിഭാഗം വടകരയും കോവളവും ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യത്തെയും ആവശ്യക്കാരായ സികെ നാണുവിനെയും നീലലോഹിതദാസനെയും നോക്കി സിപിഎം ചിരിക്കുകയാണ്.  സിപിഎമ്മിനുവേണ്ടി കോവളത്തെ നാടാര്‍ സമുദായവോട്ട് പിടിച്ചെടുക്കാന്‍ മുന്‍ എംഎല്‍എ വെങ്ങാനൂര്‍ ഭാസ്‌കരനെ രംഗത്തിറക്കാനാണ് സിപിഎം ആലോചിക്കുന്നത്.  സിപിഐ അടക്കമുള്ള ഘടകക്ഷികളെ ഒതുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സിപിഎം നീങ്ങുന്നത്.  ഒതുക്കി തോല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നതാവട്ടെ വരുന്ന സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷത്ത് സിപിഎമ്മിന്റെ സ്വേച്ഛാധിപത്യം സ്ഥാപിച്ചെടുക്കാനാണ്.  പ്രതിപക്ഷത്തിരിക്കാന്‍ സിപിഎം തീരുമാനിച്ചുകഴിഞ്ഞു.  സിപിഐയും ആര്‍എസ്പിയുമൊന്നും അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് തോന്നുന്നു.

സിപിഐയെ സിപിഎമ്മിന് ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല.  സിപിഐ 30 സീറ്റാണിപ്പോള്‍ ചോദിക്കുന്നത്.  സിപിഐയ്ക്ക് കൂടുതല്‍ സീറ്റ് കൊടുക്കണമെന്ന പക്ഷക്കാരനാണ് വിഎസ് അച്യുതാനന്ദന്‍.  സിപിഐ നേതാക്കളില്‍ ചിലരും പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പലപ്പോഴും വിഎസ് അച്യുതാനന്ദന്റെ വക്താക്കളായി രംഗത്തുവരുന്നുണ്ട്.  വിഎസ് അച്യുതാനന്ദന്റെ ഗ്ലാമറില്‍ വിശ്വസിക്കുന്നയാളാണ് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ ചന്ദ്രപ്പന്‍.  നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അച്യുതാനന്ദനെ മുന്നോട്ടുവയ്ക്കണമെന്നാണ് ചന്ദ്രപ്പന്‍ ആവശ്യപ്പെടുന്നത്.  എല്‍ഡിഎഫ് വിജയിച്ച് കേരളത്തില്‍ അധികാരത്തിലേറുമെന്നും രാഷ്ട്രീയ കാലാവസ്ഥ എല്‍ഡിഎഫിന് അനുകൂലമാണെന്നും സികെ ചന്ദ്രപ്പന്‍ വിശ്വസിക്കുന്നു.  ചന്ദ്രപ്പന്റെ അമിതമായ ഈ ആത്മവിശ്വാസം പൊള്ളയാണ്.  കേരളത്തിലെ കമ്യൂണിസ്റ്റ് കാര്യങ്ങളിലൊന്നും ചന്ദ്രപ്പന് വലിയ ഗ്രാഹ്യമില്ലെന്ന പിണറായി വിജയന്റെ അഭിപ്രായം ശരിയാണെന്ന് തോന്നുന്നു.
സിപിഐ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പത്തുവര്‍ഷം എംഎല്‍എ - എംപി പദവി വഹിച്ചവരെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കില്ലെന്നുമൊക്കെ സിപിഐ  ചന്ദ്രപ്പന്‍ പറയുന്നു. 
 
അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പല തലമുതിര്‍ന്ന നേതാക്കളും അച്യുതാനന്ദന്‍ മന്ത്രിസഭയിലെ നാല് സിപിഐ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും പതിനൊന്ന് എംഎല്‍എമാരും ഈ പാര്‍ട്ടി തീരുമാനത്തോട് (ഇത് പാര്‍ട്ടി തീരുമാനമാണെങ്കില്‍) യോജിക്കാനിടയില്ല.  കാരണം അവര്‍ പതിനാറുപേരും മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.  പാര്‍ലമെന്ററി ജീവിതം നല്‍കുന്ന സുഖം ഒന്നുവേറെ തന്നെ.  അത് കുറച്ചൊക്കെ അനുഭവിച്ചയാളാണല്ലോ സികെ ചന്ദ്രപ്പന്‍.
യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ചന്ദ്രപ്പന്‍ പറയുന്നത്.  എന്നാല്‍ സിപിഐയിലെ ഇപ്പോഴത്തെയും യുവാക്കള്‍ ബിനോയ് വിശ്വവും (മുടി വെളുത്തത് വാര്‍ധക്യത്തിന്റെ ലക്ഷണമല്ല സാര്‍വലൗകിക കമ്യൂണിസ്റ്റ് ഭാഷയില്‍)  പുഞ്ചിരിക്കമ്യൂണിസത്തിന്റെ പഞ്ചാര മിഠായിയായ മുല്ലക്കര രത്‌നാകരനും, ആദര്‍ശോജ്ജ്വലതയില്‍ ത്രസിച്ചു ജീവിക്കുന്ന കെ പി രാജേന്ദ്രനും, നിത്യവും കമ്യൂണിസം പാല്‍പ്പായസത്തില്‍ കലക്കികുടിക്കുന്ന സി ദിവാകരനുമാണ്.  സിപിഐയിലെ മറ്റൊരു രാജ്യസഭാംഗമായ എംപി അച്യുതനും യുവാവാണ്.

ഇങ്ങനെയുള്ള യുവാക്കളുടെ കൂട്ടത്തില്‍ത്തന്നെയാണോ സികെ ചന്ദ്രപ്പനും കെഇ ഇസ്മയിലും എന്നാണ് അറിയേണ്ടത്.  ആണെന്ന് വെളിയം ഭാര്‍ഗവന്‍ പറഞ്ഞെന്നുവരും.  യുവാക്കളെയും തന്റെ പാര്‍ട്ടിയുടെ മന്ത്രിമാരെയുമൊക്കെ കണ്ടെത്തുന്ന കാര്യത്തില്‍ വെളിയം ഭാര്‍ഗവന്റെ മാനദണ്ഡം എന്താണെന്ന് ആര്‍ക്കറിയാം.സിപിഐയിലെ യഥാര്‍ത്ഥ യുവാക്കളെ കണ്ടെത്താന്‍ സികെ ചന്ദ്രപ്പനായില്ലെങ്കില്‍ നാദാപുരത്തും കൊടുങ്ങല്ലൂരിലും ചടയമംഗലത്തും കരുനാഗപ്പള്ളിയിലുമൊക്കെ സിപിഐയില്‍ കലാപം തുടങ്ങും.  സികെ ചന്ദ്രപ്പന്‍ സിപിഐയിലെ ഒരു മൂല്യാധിഷ്ഠിത രാഷ്ട്രീയക്കാരനായിരിക്കാം.  അങ്ങനെയുള്ള മൂല്യങ്ങളൊന്നും സിപിഐയ്ക്കുവേണ്ടി വെളിയം ഭാര്‍ഗവന്‍ അവശേഷിപ്പിച്ചിട്ടില്ല.  പാര്‍ലമെന്ററി സ്ഥാനങ്ങള്‍ നല്‍കി തന്റെ ഇഷ്ടക്കാര്‍ക്കൊക്കെ ഒരു ജീവിതമുണ്ടാക്കിക്കൊടുക്കുക എന്നേ വെളിയം ഭാര്‍ഗവന്‍ കരുതിയിട്ടുള്ളൂ. മന്ത്രിമാരടക്കമുള്ള സിപിഐയിലെ പതിനാറ് അംഗങ്ങളില്‍ പലരും മത്സരരംഗത്തുനിന്ന് മാറിക്കൊടുക്കാനിടയില്ല.
നാദാപുരമാണ് കുഴഞ്ഞുകിടക്കുന്നത്.  ബിനോയ് വിശ്വത്തെ മാറ്റി സത്യന്‍ മൊകേരിക്ക് മത്സരിക്കണം.  എന്നാല്‍ നാദാപുരം എന്തു മാര്‍ഗമുപയോഗിച്ചും പിടിച്ചെടുക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.  വടകരയെ സിപിഎം അവസാന നിമിഷത്തില്‍ കയ്യൊഴിഞ്ഞെന്നുവരും.  ഒഞ്ചിയത്ത് ജന്മംകൊണ്ട പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സിപിഎം ഭയക്കുന്നുണ്ട്.