Random Posts

Monday, March 14, 2011

കാസര്‍ഗോട്ട് വി എസ് ഗ്രൂപ്പുകളി, കണ്ണൂരില്‍ പാളയത്തില്‍ പട എങ്ങുമെത്താതെ സ്ഥാനാര്‍ത്ഥി നിര്‍ണയം


കണ്ണൂര്‍: പരസ്യമായ വിഭാഗീയത സി പി എം സ്ഥാനാര്‍ത്ഥി നിര്‍ണയം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ എങ്ങുമെത്താത്ത അവസ്ഥയിലാക്കി. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വി എസിനു വേണ്ടി പരസ്യമായി രംഗത്തു വരിക മാത്രമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഔദ്യോഗികപക്ഷത്തെ വെട്ടിയരിയുകയും ചെയ്തു.
കണ്ണൂരില്‍ ഔദ്യോഗികപക്ഷത്തു തന്നെയുള്ള ചേരിപ്പോരാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് വിലങ്ങുതടിയായിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് സി പി എം മല്‍സരിക്കുന്നത്. കടുത്ത വി എസ് അനുകൂലിയായ കെ പി സതീഷ് ചന്ദ്രന്‍ ജില്ലാ സെക്രട്ടറിയായിട്ടുള്ള കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥി നിര്‍ണത്തില്‍ ഔദ്യോഗികപക്ഷത്തിന് ഒരു തരത്തിലും ഇടപെടല്‍ നടത്താനാവാത്ത വിധമാണ് കരുനീക്കങ്ങള്‍ നടന്നത്. ഔദ്യോഗികപക്ഷം കാലാകാലമായി നിലനിര്‍ത്തിയിരുന്ന ഉദുമ മണ്ഡലം ഇത്തവണ വി എസ് ഗ്രൂപ്പ് കൈയടക്കിയതാണ് വലിയ പ്രകോപനം സൃഷ്ടിച്ചത്. ഉദുമയില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എ കെ നാരായണനെയോ ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹിയായ വി വി രമേശനേയോ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു പിണറായി പക്ഷം ആലോചിച്ചിരുന്നത്. ഈ തീരുമാനമാണ് വി എസ് പക്ഷം അട്ടിമറിച്ചത്.
എം രാജഗോപാലനെയാണ് വി എസ് പക്ഷം ഉദുമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. രാജഗോപാലനെ കൂടാതെ ഇ പത്മാവതിയുടെ പേരാണ് ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റിലുള്ളത്. മാത്രമല്ല, വി എസിനെ മല്‍സരിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തുകയും വേണമെങ്കില്‍ തൃക്കരിപ്പൂര്‍ വി എസിന് വിട്ടുകൊടുക്കാമെന്ന ചര്‍ച്ച കൂടി നടത്തുകയും ചെയ്തതോടെ പരസ്യമായ വിഭാഗീയപ്രവര്‍ത്തനമാണ് കാസര്‍ഗോഡ് നടക്കുന്നതെന്ന് പിണറായി പക്ഷം തിരിച്ചറിയുകയാണ്.
ഉദുമയില്‍ കഴിഞ്ഞ രണ്ടു തവണയും കടുത്ത പിണറായി പക്ഷക്കാരനായ കെ വി കുഞ്ഞിരാമനായിരുന്നു വിജയിച്ചിരുന്നത്. ഇവിടെ എ കെ നാരായണന്‍, വി വി രമേശന്‍, ഏരിയാ സെക്രട്ടറി കെ കുഞ്ഞിരാമന്‍ എന്നിവരുടെ പേരുകള്‍ മാത്രം ഔദ്യോഗികപക്ഷം പരിഗണിച്ചപ്പോഴാണ് എം രാജഗോപാലനെ മുന്‍നിര്‍ത്തി വി എസ് പക്ഷം തിരിച്ചടിച്ചത്.
തൃക്കരിപ്പൂരില്‍ വി എസ് പക്ഷക്കാരനായ വി പി പി മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് കഴിഞ്ഞ തവണം ഔദ്യോഗികപക്ഷം തടയിട്ടിരുന്നു. ഇതിന്റെ തിരിച്ചടി കൂടിയാണ് ഇക്കുറി ഉദുമയില്‍ കണ്ടിരിക്കുന്നത്. ഇത്തവണ തൃക്കരിപ്പൂരില്‍ കെ കുഞ്ഞിരാമനെ തന്നെ നിര്‍ത്താന്‍ മനസില്ലാ മനസോടെയാണ് വി എസ് പക്ഷം സമ്മതിച്ചത്. കാസര്‍കോട് സി പി എം മല്‍സരിക്കുന്ന മൂന്നിടങ്ങളില്‍ രണ്ടിലും വി എസ് പക്ഷമെന്ന സ്ഥിതിയാണ്.
കണ്ണൂരിലെത്തുമ്പോള്‍ അവസ്ഥ ഇതിലും അവതാളത്തിലാണ്. ഇവിടെ ഔദ്യോഗികപക്ഷത്ത് കഴിഞ്ഞ കുറേനാളായുള്ള രൂക്ഷമായ ഭിന്നത സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ബാധിച്ചിരിക്കുകയാണ്. പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് മല്‍സരിക്കാമെന്ന് അവസാനനിമിഷം തീരുമാനം വന്നാല്‍ അവര്‍ക്കായി റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നത് ധര്‍മ്മടം മണ്ഡലമാണ്.
ഇവിടെ എം വി ജയരാജന്റെ പേര് ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചത് പുകമറ മാത്രമാണെന്ന് കരുതുന്നു. പിണറായി വിജയനു വേണ്ടി തന്നെയാണ് ധര്‍മ്മടം റിസര്‍വ് ചെയ്തു വെച്ചിരിക്കുന്നതെന്ന് സംസാരമുണ്ട്. കോടിയേരിയുടെ കണ്ണും ധര്‍മ്മടത്തു തന്നെയാണ്. ഇ പി ജയരാജനും ധര്‍മ്മടത്തിനു വേണ്ടി രംഗത്തുണ്ട്. എന്നാല്‍ ഇ പി ജയരാജനെ കല്യാശേരിയിലോ കൂത്തുപറമ്പിലോ മല്‍സരിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കൂത്തുപറമ്പിലേക്കില്ലെന്ന് ഇ പി ജയരാജന്‍ പലരോടും വ്യക്തമാക്കിയതായി അറിയുന്നു.തുടര്‍ച്ചയായി സി പി എം തോറ്റ് നാണം കെട്ട കണ്ണൂരിനായി ഇത്തവണ സി പി എം നേതാക്കളാരും രംഗത്തില്ലെന്നതും ശ്രദ്ധേയമാണ്. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മല്‍സരിച്ചോട്ടെയെന്നാണ് ഇപ്പോള്‍ പാര്‍ട്ടി നിലപാട്. ഇ പി ജയരാജനെ കണ്ണൂരില്‍ മല്‍സരിപ്പിക്കാന്‍ ഔദ്യോഗികപക്ഷത്ത് ശക്തമായ നീക്കം നടന്നിരുന്നു.
ചതി മണത്തറിഞ്ഞ ഇ പി ജയരാജന്‍ ധര്‍മ്മടമോ കല്യാശേരിയോ ഇല്ലെങ്കില്‍ മല്‍സരത്തിനേയില്ലെന്ന് വ്യക്തമാക്കിയത്രേ.
തലശേരിയില്‍ റബ്‌കോ ചെയര്‍മാന്‍ ഇ നാരായണനെ മല്‍സരിപ്പിക്കാന്‍ ഔദ്യോഗികപക്ഷം കൈക്കൊണ്ട തീരുമാനവും വിവാദമായിട്ടുണ്ട്. പിണറായി വിജയന്റെ പ്രത്യേക താല്‍പര്യമാണ് നാരായണന്റെ സ്ഥാനാര്‍ത്ഥിത്വമെന്നറിയുന്നു. തലശേരിയില്‍ നാരായണനെ മല്‍സരിപ്പിക്കുന്നതിനെതിരേ കോടിയേരിയും ഇ പി ജയരാജനും ശക്തമായ കരുനീക്കങ്ങള്‍ നടത്തുന്നുണ്ട്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കാര്യവും സി പി എമ്മിന് തലവേദനയായിട്ടുണ്ട്. എസ് എഫ് ഐ നേതാവ് ഷംസീറും ഡി വൈ എഫ് ഐ നേതാവ് ടി വി രാജേഷുമാണ് സീറ്റിനായി രംഗത്തുള്ളത്. ഇവര്‍ക്ക് പരാജയമുറപ്പായ മണ്ഡലങ്ങള്‍ നല്‍കാനാണ് നീക്കം. തലശേരിയില്‍ സീറ്റ് വേണമെന്നാണ് ഷംസീറിന്റെ ആവശ്യം. എന്നാല്‍ കൂത്തുപറമ്പാണ് ഷംസീറിന് നല്‍കുകയെന്ന് സൂചനയുണ്ട്. പുതിയ സാഹചര്യത്തില്‍ കൂത്തുപറമ്പ് എല്‍ ഡി എഫിന് ഒട്ടും വിജയസാധ്യതയില്ലാത്ത മണ്ഡലമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ കെ രാഗേഷിനെ കണ്ണൂരില്‍ മല്‍സരിപ്പിച്ച് പരാജയപ്പെട്ടതിന്റെ അനുഭവം പറഞ്ഞാണ് സി പി എം കണ്ണൂരിലെ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ യുവാക്കളെ ഇനി പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുള്ളത്.