Random Posts

Monday, March 28, 2011

സ്റ്റാര്‍ കാമ്പയിനറുടെ ഹെലികോപ്റ്ററില്‍ തൂങ്ങി വിഎസും സംഘവും: പിടിവിട്ടാല്‍ താഴെ

തിരുവനന്തപുരം: കുറ്റംപറയാന്‍ മറ്റൊന്നും കിട്ടാതായതോടെ വി.എസ് അച്യുതാനന്ദനും സംഘവം കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്റ്ററിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നു. പിടിവിട്ടാല്‍ താഴെ വീഴുമെന്നുറപ്പായതിനാല്‍ വരുംദിവസങ്ങളിലും പിടി അഴയുകയില്ലെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഹെലികോപ്റ്റര്‍ പ്രചാരണായുധമാക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ഹെലികോപ്റ്റര്‍ യാത്രയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്തെത്തിക്കഴിഞ്ഞു. പണ്ട് കംപ്യൂട്ടറിനെ എതിര്‍ത്ത ശേഷം എ.കെ.ജി സെന്റര്‍ പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ചതുപോലെ അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎം സ്വന്തമായി വാങ്ങിയ ഹെലികോപ്റ്ററിലായിരിക്കും പ്രചാരണം നടത്തുക എന്നും ഉറപ്പ്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് മുഖ്യപ്രചാരകര്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നിരിക്കെയാണ് ചെന്നിത്തലയ്‌ക്കെതിരേ ഇടതുപക്ഷത്തിന്റെ ഉണ്ടയില്ലാവെടി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ഏഴ് ദിവസത്തിനകം ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്ന വിവരം തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നാണ് ചട്ടം. ഇത് കെ.പി.സി.സി പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സ്റ്റാര്‍ കാമ്പയിനറുടെ ചെലവ് സ്ഥാനാര്‍ഥികളുടെ ചെലവില്‍ കണക്കാക്കുകയില്ല. സ്റ്റാര്‍ കാമ്പയിനര്‍ സ്വന്തം മണ്ഡലത്തില്‍ എത്തുന്നതിന്റെ ചെലവ് കണക്കാക്കുകയില്ല. എന്നാല്‍ അതിനുശേഷം മണ്ഡലത്തില്‍ ഉപയോഗിച്ചാല്‍ അതിന്റെ ചെലവ് കണക്കാക്കും. സ്റ്റാര്‍ കാമ്പയിനര്‍ സ്വന്തം മണ്ഡലത്തില്‍ നിന്ന് മറ്റ് മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന് പോകുന്നതിന്റെയും തിരിച്ചുവരുന്നതിന്റെയും ചെലവും 'ഒഴിവാക്കുന്ന' വിഭാഗത്തിലായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാര്‍ കാമ്പയിനറുടെ ഹെലികോപ്റ്ററില്‍ സ്ഥാനാര്‍ഥിയോ ഏജന്‍േറാ ബന്ധുക്കളോ കയറിയാല്‍ അതിന് ചെലവിന്റെ പകുതി സ്ഥാനാര്‍ഥിയുടെ കണക്കില്‍ കാണിക്കുമെന്ന പുതിയ നിര്‍ദേശം കമീഷന്‍ നല്‍കിയതായി അറിയുന്നു.

ഒന്നിലധികം സ്ഥാനാര്‍ഥികള്‍ കയറിയാല്‍ 50 ശതമാനം ചെലവ് എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമായി വീതിക്കും. ഒരു സ്റ്റാര്‍ കാമ്പയിനര്‍ മറ്റൊരു പാര്‍ട്ടിയുടെയോ ഘടകകക്ഷിയുടെയോ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയാല്‍ ആ സ്ഥാനാര്‍ഥിയുടെ പേരില്‍ യാത്രാ ചെലവ് കണക്കാക്കും. സ്റ്റാര്‍ കാമ്പയിനര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ സൗകര്യം ഉപയോഗിച്ചാലും അതിന്റെ ചെലവ് കണക്കാക്കും. അതേസമയം മെഡിക്കല്‍ സംഘം, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ചെലവ് കണക്കാക്കില്ല. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി എന്നിവര്‍ സ്റ്റാര്‍ കാമ്പയിനര്‍മാരാണെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ലഭിച്ചിട്ടുണ്ട്. പ്രചാരണത്തിനായി മറ്റ് പല സംസ്ഥാനങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇത് ആദ്യമാണ്. കേരളത്തിലെത്തുന്ന ദേശീയ നേതാക്കള്‍ക്ക് ഉപയോഗിക്കാനാണ് എ.ഐ.സി.സി. ഇവിടെ ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി. പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഈ ഹെലികോപ്ടര്‍ അത്യാവശ്യഘട്ടത്തില്‍ സംസ്ഥാന നേതൃത്വം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കെ.പി.സി.സി വിശദീകരിക്കുന്നു.

തിരഞ്ഞെടുപ്പില്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നത് അസാധാരണമായ ഒരു നടപടിയല്ല. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ദേശീയ നേതാക്കള്‍ക്ക് പ്രചാരണത്തിനായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇതുചെയ്യാറുണ്ട്. പശ്ചിമബംഗാളില്‍ സി.പി.എം. ഹെലാകോപ്ടര്‍ ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു. അന്ന് ഒന്നും പറയാത്ത സി.പി.എം. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയനേട്ടത്തിന് വേണ്ടിമാത്രമാണ്. കെ.പി.സി.സി. പ്രസിഡന്റ് കോട്ടയത്തുനിന്നും കായംകുളം എന്‍.ടി.പി.സിയില്‍ എത്താന്‍ ഒരു പ്രാവശ്യം മാത്രമാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചത്. വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്സിനെ താറടിക്കാനുള്ള സി.പി.എം. വ്യാമോഹം കേരളജനത തിരിച്ചറിയുമെന്ന് കെ.പി.സി.സി. പത്രക്കുറിപ്പില്‍ പറഞ്ഞു. അതേസമയം പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ്സിന്റെ പരിപാടിയുടെ ഭാഗമാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള വോട്ടുപിടിത്തമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ ആരോപിക്കുന്നു. നിയമസഭാ സ്ഥാനാര്‍ഥിയായ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ശനിയാഴ്ച തുടങ്ങിയ ഹെലികോപ്ടര്‍ പര്യടനം തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടംവരെ തുടരുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

ഒരു പാര്‍ട്ടിയുടെ മുഖ്യപ്രചാരകര്‍, നിയമസഭാ സ്ഥാനാര്‍ഥികള്‍ ആണെങ്കില്‍ അവര്‍ സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന് ഹെലികോപ്ടര്‍ ഉപയോഗിച്ചാല്‍ അത് സ്ഥാനാര്‍ഥിയുടെ ചെലവില്‍ കണക്കാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. ഇതുപ്രകാരം ഹരിപ്പാട്ടെ സ്ഥാനാര്‍ഥിയായ ചെന്നിത്തല കോട്ടയത്തുനിന്ന് ഹരിപ്പാട്ട് ഹെലികോപ്ടറിലെത്തി മണ്ഡലത്തില്‍ വോട്ട് സമ്പാദിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശനിയാഴ്ച ഏര്‍പ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഹെലികോപ്ടര്‍ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ചെന്നിത്തലക്കെതിരേ സിപിഐ സംസ്ഥാനസെക്രട്ടറി സി.കെ ചന്ദ്രപ്പനും രംഗത്തെത്തിയിട്ടുണ്ട്. കെ.പി.സി.സി ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിന്റെ ചെലവ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്നാണ് ചന്ദ്രപ്പന്റെ ആവശ്യം.

കോട്ടയത്തെ പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡാണ് ശനിയാഴ്ച രമേശ് ചെന്നിത്തല സഞ്ചരിച്ച ഹെലികോപ്ടര്‍ ഉപയോഗിച്ചത്. സ്‌കൂള്‍ ഗ്രൗണ്ട് പോലുള്ള പൊതുസ്ഥലങ്ങള്‍ തിരഞ്ഞെടുപ്പുകാലത്ത് ഉപയോഗിക്കുന്നതിന് വിലക്കുള്ളപ്പോള്‍ പോലീസ് പരേഡ് ഗ്രൗണ്ട് ഉപയോഗിച്ച കാര്യവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്നും ചന്ദ്രപ്പന്‍ ആവശ്യപ്പെടുന്നു.