Random Posts

Monday, August 22, 2011

സംസ്ഥാനത്ത് 18 പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ക്ക് ശിപാര്‍ശ

സംസ്ഥാനത്ത് പശ്ചിമഘട്ടത്തോട് ചേര്‍ന്ന 18 മേഖലകള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടികയിലേക്ക്. ഈ മേഖലകളില്‍ കീടനാശിനികളുടെ ഉപയോഗത്തിനും ഏകവിളത്തോട്ടങ്ങളുടെ വ്യാപനത്തിനും നിയന്ത്രണം വരും. ഇതു സംബന്ധിച്ച പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വെസ്‌റ്റേണ്‍ ഗാട്ട്‌സ് ഇക്കോളജി എക്‌സ്‌പര്‍ട്ട് പാനലിന്റെ (ഡബ്ല്യു.ജി. ഇ.ഇ.പി) അന്തിമ റിപ്പോര്‍ട്ട് തയാറായി. മണ്ടക്കോള്‍, പനത്തടി, പൈതല്‍മല, ബ്രഹ്മഗിരി-തിരുനെല്ലി, വയനാട്, ബാണാസുര-കുറ്റിയാടി, നിലമ്പൂര്‍-മേപ്പാടി, സൈലന്റ്‌വാലി- ന്യൂഅമരമ്പലം, ശിരുവാണി, നെല്ലിയാമ്പതി, പീച്ചി-വാഴാനി, പൂയംകുട്ടി, മൂന്നാര്‍, കാര്‍ഡമം ഹില്‍ റിസര്‍വ്, പെരിയാര്‍, കുളത്തൂപ്പുഴ, അഗസ്ത്യമല എന്നിവയാണ് പട്ടികയിലേക്ക് വിദഗ്ധ സമിതി നിര്‍ദേശിച്ചത്. ശിപാര്‍ശ ചെയ്യപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വൈകാതെ ഇക്കോ സെന്‍സീറ്റീവ് ലൊക്കേഷന്‍സ് (ഇ.എസ്.എല്‍)ആയി വിജ്ഞാപനം ചെയ്യും. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

പശ്ചിമഘട്ടത്തെ പൂര്‍ണമായും ഇക്കോ സെന്‍സിറ്റീവ് ഏരിയയായി (ഇ.എസ്.എ)പ്രഖ്യാപിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. ജൈവപ്രാധാന്യം കണക്കാക്കി പശ്ചിമഘട്ടത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ പരിപാലന പദ്ധതി ആവിഷ്‌കരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ വൈകാതെ രൂപവത്കരിക്കാന്‍ പോകുന്ന പശ്ചിമ ഘട്ട അതോറിറ്റിക്കായിരിക്കും ഇവയുടെ മേല്‍നോട്ട ചുമതല. വിജ്ഞാപനം ചെയ്യപ്പെടുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേകം മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളും ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റികളുമാണ് ഇത് ഏറ്റെടുത്ത് നടത്തേണ്ടത്. പശ്ചിമഘട്ടത്തിലെ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഒഴിച്ചുള്ള വനപ്രദേശവും സ്വകാര്യ സ്ഥലങ്ങളുമാണ് നിര്‍ദിഷ്ട മേഖലയില്‍ ഉള്‍പ്പെടുക. നിലവിലുള്ള തോട്ടങ്ങള്‍ക്കോ കൃഷിക്കോ നിയന്ത്രണം കൊണ്ടുവരില്ല. വികസനപ്രവര്‍ത്തനം പരിസ്ഥിതിക്ക് ഇണങ്ങുന്നത് ആയിരിക്കണം. നോട്ടിഫൈഡ് പ്രദേശങ്ങളില്‍ റെഡ്, ഓറഞ്ച് വിഭാഗത്തില്‍പ്പെട്ട കീടനാശിനികളുടെ ഉപയോഗം അനുവദിക്കില്ല. ജൈവകൃഷിക്കും പരിസ്ഥിതിക്ക് ഇണങ്ങുന്ന സാങ്കേതിക വിദ്യക്കും ഊന്നല്‍ നല്‍കും. പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കില്ല. ഏകവിളത്തോട്ടങ്ങളുടെ വ്യാപനം നിരുത്സാഹപ്പെടുത്തും. ഒന്നിലധികം വിളകള്‍ ഉള്‍ക്കൊള്ളുന്ന കൃഷിരീതി പ്രോത്സാഹിപ്പിക്കും. ജനിതക മാറ്റം വരുത്തിയ വിളകള്‍ക്ക് വിലക്കേര്‍പ്പെടുത്തും. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ പരദേശി വിളകള്‍ അനുവദിക്കില്ല.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2010ല്‍ ഡോ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായാണ് വിദഗ്ധ സമിതി രൂപവത്കരിച്ചത്. കേരള ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍ പാനലില്‍ അംഗമാണ്.