മലപ്പുറം: അളിയന്മാരുടെ തമ്മില്‍ത്തല്ലിനിടെ തലവച്ചുകൊടുത്ത പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഊരാക്കുടുക്കില്‍. ഐസ്‌ക്രീം പെണ്‍വാണിഭം ആദ്യം ഒതുക്കാനും ഇപ്പോള്‍ കുത്തിപ്പൊക്കാനും ശ്രമിക്കുന്ന റൗഫിനെ കുടുക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി ഒരുക്കിയ കെണിയില്‍ യഥാര്‍ത്ഥത്തില്‍ വീണത് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ കെ.എ. റഊഫിനോടു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതായ സൂചനകളുമായ വിവാദ സി.ഡി പരസ്യമായതോടെയാണ് പ്രതിപക്ഷനേതാവ് വെട്ടിലായത്. മനോരമ ചാനലിലൂടെയാണ് റൗഫിന്റെ സിഡി പുറത്തായത്.
സിഡിയിലെ ശബ്ദം തന്റേതു തന്നെയാണെന്ന് റൗഫ് സ്ഥിരീകരിച്ചു. എന്നാല്‍, എതിരാളികളെ കബളിപ്പിക്കാനാണു താന്‍ ഇങ്ങനെയൊക്കെ പറഞ്ഞതെന്നാണ് ഇന്നലെ റൗഫ് വിശദീകരിച്ചത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ ബന്ധുവാണു റൗഫ്. അതേസമയം, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാകട്ടെ, സിപിഎം നേതാക്കള്‍ക്കെതിരെ പറയാന്‍ താന്‍ ആവശ്യപ്പെട്ടെന്നു റൗഫ് പറയുമെന്നു തോന്നുന്നില്ലെന്നാണു പ്രതികരിച്ചത്. വിവാദത്തിന്മേല്‍ സിപിഎമ്മില്‍ വിഭാഗീയതയുടെ പൊട്ടിത്തെറിക്കു കളമൊരുങ്ങുമ്പോള്‍ ഒപ്പം ഐസ്‌ക്രീം കേസ് ഒതുക്കിത്തീര്‍ക്കാന്‍ നിബന്ധനകളുമായി റൗഫ് മധ്യസ്ഥന്റെ ശ്രമം തേടിയെന്നും തെളിഞ്ഞു. മനോരമ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്ന സിഡിയിലെ ശബ്ദം തന്റേതു തന്നെയെന്നു കോഴിക്കോട്ടു പത്രസമ്മേളനത്തിലാണ് റൗഫ് സ്ഥിരീകരിച്ചത്. സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിനെതിരെ സംസാരിക്കാന്‍ വിഎസ് ആവശ്യപ്പെട്ടുവെന്ന് റൗഫ് പറയുന്നതായി സംഭാഷണം റിക്കോര്‍ഡ് ചെയ്തു പൊലീസിനു കൈമാറിയത് മലപ്പുറത്തെ അധ്യാപകന്‍ കെ.ജി. പ്രസാദ്.
റൗഫിനെ ഉപയോഗിച്ച് പാര്‍ട്ടി സമ്മേളനങ്ങള്‍ പിടിച്ചെടുക്കാനുള്ള നാലാംകിട നീക്കത്തിന്റെ ഭാഗമായി വി.എസിന്റെ നടപടി മാറിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ശത്രുവുമായ കെ.എ.റൗഫും വി.എസുമായി ഏതാനും ദിവസം മുമ്പ് തൃശൂര്‍ രാമനിലയത്തില്‍ നടന്ന രഹസ്യസംഭാഷണം പ്രധാനമായും ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടതായിരുന്നിലെ്‌ളന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ളതോ അദ്ദേഹത്തിനായി കരുനീക്കം നടത്തുകയോ ചെയ്ത സി.പി.എം നേതാക്കളുടെ പേരും അവരുടെ ചെയ്തികളും പുറത്തു പറയണമെന്നാണ് സംഭാഷണത്തില്‍ വി.എസ് ആവശ്യപ്പെട്ടത്. റൗഫിന്റെ വിപുലമായ ഇടനില ബന്ധങ്ങളുപയോഗിച്ച് ഇത് ലഭ്യമാക്കാന്‍ കഴിയുമെന്നായിരുന്നു വി.എസിന്റെ പ്രതീക്ഷ. കുഞ്ഞാലിക്കുട്ടിയുമായി റൗഫിനുള്ള ശത്രുത മുതലെടുത്ത് ഇക്കാര്യം സാധ്യമാക്കാമെന്ന് വി.എസ് ഉറപ്പിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി ചില സി.പി.എം നേതാക്കള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അവരില്‍ ചിലര്‍ കരുനീക്കം നടത്തിയെന്നും വി.എസിനു സൂചന ലഭിച്ചിരുന്നു. ഇവരെ തിരഞ്ഞുപിടിച്ച് സമ്മേളനങ്ങളില്‍ പ്രശ്‌നമുണ്ടാക്കി ആധിപത്യം നേടുകയായിരുന്നു വി.എസിന്റെ ലക്ഷ്യം.
വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള പരാമര്‍ശമടങ്ങിയ ടേപ്പിലെ ശബ്ദം തന്റേതു തന്നെയെന്നു സ്ഥിരീകരിച്ചപ്പോള്‍ തന്നെ എതിരാളികളാണു തന്നോടു സംസാരിക്കുന്നതെന്ന് അറിഞ്ഞ് അവരെ കബളിപ്പിക്കാന്‍ പറഞ്ഞ കാര്യങ്ങളാണവയെന്നും റൗഫ് അവകാശപ്പെടുകയായിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഇപ്പോഴത്തെ വിവാദത്തിനു പിന്നില്‍. അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ വിഎസ് തന്റെ കൂടെയുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ പറഞ്ഞ കാര്യങ്ങളാണു ടേപ്പ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ കള്ളക്കേസില്‍ കുടുക്കിയതിനെത്തുടര്‍ന്നു സിപിഎമ്മിലെ ഒരുപാടു നേതാക്കളെ കണ്ടു സഹായം തേടിയശേഷമാണു വിഎസിനെ സമീപിച്ചത്. തന്റെ പേര് പറഞ്ഞു വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. മുസ്‌ലിം ലീഗിന്റെ പല നേതാക്കളും കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടു തന്നെ സമീപിച്ചിരുന്നു. സി.വി.എം. വാണിമേല്‍ ആദ്യം സമീപിച്ചു. പിന്നീട് എറണാകുളത്തെ ഒരു ഹോട്ടലില്‍ വാണിമേലിന്റെ മുറിയിലെത്തി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് തന്നോട് ഇതേ ആവശ്യം ഉന്നയിച്ചു. രാഷ്ട്രീയക്കാരെപ്പോലെ എല്ലാം ശരിയാക്കാം എന്ന രീതിയില്‍ അവരോടു സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ റിക്കോര്‍ഡ് ചെയ്തതു കൈവശമുണ്ടെന്നും റൗഫ് പറഞ്ഞു. അതിനു ശേഷമാണു പ്രസാദ് മാസ്റ്റര്‍ എന്ന ഇപ്പോഴത്തെ ആള്‍ ഈ ആവശ്യവുമായി മുന്നോട്ടുവന്നത്. തന്റെ ബന്ധു കിളിയമണ്ണില്‍ ഫസല്‍ വഴിയാണ് ആദ്യം ബന്ധപ്പെട്ടത്. പിന്നീട് നേരിട്ടും വിളിച്ചുതുടങ്ങി. നാലു ദിവസം മുന്‍പ് എഡിജിപി വിന്‍സന്‍ എം. പോളിനോട് ഇങ്ങനെയൊരാള്‍ കാണാന്‍ വരുന്നുണ്ടെന്നു പറഞ്ഞിരുന്നുവെന്നും റൗഫ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ നേതാക്കള്‍ മാത്രമാണു തന്നെ കാണാന്‍ വരുന്നത്. അവര്‍ വരുമ്പോള്‍ താന്‍ പലതും പറഞ്ഞിരിക്കാം. പ്രസാദിനെപ്പോലെ നിസാരനായ ഒരാളോടു നിസാരമാക്കി സംസാരിച്ചു എന്നേയുള്ളു. ഫസല്‍ പല തവണ വിളിച്ചിട്ടും താന്‍ പോയിരുന്നില്ല. കഴിഞ്ഞ ദിവസം പോയപ്പോള്‍ അവിടെ ഈ മാസ്റ്റര്‍ കേറിവരികയായിരുന്നു.
കാസര്‍കോട്ടെ അക്രമം അന്വേഷിക്കുന്നതു മരവിപ്പിച്ചതിനു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നും റൗഫ് ആരോപിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് നടക്കുമ്പോള്‍ സിപിഎമ്മുമായുള്ള അടവുനയം സംസാരിക്കാന്‍ പാണക്കാട് തങ്ങളെ കാണുക, കേസ് കൈകാര്യം ചെയ്ത ജഡ്ജിയെയും സുഗതകുമാരിയെയും സ്വാധീനിക്കുക എന്നീ ആവശ്യങ്ങള്‍ നിരാകരിച്ചതിന്റെ പേരില്‍ നിസാര്‍ ജഡ്ജിയോട് അദ്ദേഹത്തിനു പഴയ വിരോധമുണ്ട്. മാറാട് കേസില്‍ കുഞ്ഞാലിക്കുട്ടിക്കു പങ്കുണ്ടെന്നും അദ്ദേഹം ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ കൂടുതലായി പലതും പുറത്തുവരുമെന്നും റൗഫ് പറഞ്ഞു. റൗഫ് തന്നെ വന്നു കണ്ടത് അദ്ദേഹത്തിനെതിരെ വധഭീഷണി ഉണ്ടെന്നു പറയാനാണെന്നും ഇതു പരാതിയായി എഴുതിത്തരാന്‍ താന്‍ ആവശ്യപ്പെട്ടെന്നും വി.എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരത്തു പത്രസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി കാര്യങ്ങള്‍ റൗഫുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിനു ഞെട്ടലുണ്ടായിക്കാണും. അതില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനുളള ഈ ജാലവിദ്യയൊന്നും തന്റെ അടുക്കല്‍ നടക്കില്ല. ഇതുകൊണ്ടു കുറ്റവാളികള്‍ രക്ഷപ്പെÿടാനും പോകുന്നില്ലെന്നു വി.എസ്. പറഞ്ഞു.
കാസര്‍കോട്ട് വര്‍ഗീയലഹള ഉണ്ടാക്കാനും പൊലീസിനെയും ജഡ്ജിമാരെയും സ്വാധീനിക്കാനും ശ്രമിച്ച വിദ്വാനാണു കുഞ്ഞാലിക്കുട്ടി. ഇതൊക്കെ മറച്ചുവയ്ക്കാന്‍ അദ്ദേഹം അനവധി നുണകള്‍ പറയും. കോഴിക്കോട്ടെ രണ്ടു പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതും ആ കേസിലെ സാക്ഷികളെ കൊലപ്പെടുത്തിയതുമെല്ലാം പുറത്തുവരും. ഇന്ത്യയില്‍ നീതിപീഠമുണ്ടെങ്കില്‍ ഇതെല്ലാം തെളിയും: വിഎസ് വിവാദത്തെക്കുറിച്ചു പറഞ്ഞു






