കൊച്ചി: പാര്‍ട്ടി ജില്ലാകമ്മറ്റി ഓഫീസില്‍ അനാശാസ്യം നടത്തിയയാള്‍ക്കൊപ്പം അത് നേതൃത്വത്തിനു ചൂണ്ടിക്കാണിച്ചയാള്‍ക്കെതിരേയും നടപടി സ്വീകരിച്ച് കുറ്റവും ശിക്ഷയും സംബന്ധിച്ച് സിപിഎം പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നു. എ.പി വര്‍ക്കിയുള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഖാക്കളുടെ അതേ കസേരയില്‍ ഇരിക്കുമ്പോഴാണു മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അസാന്മാര്‍ഗീകപ്രവര്‍ത്തികള്‍ കാണിച്ചത്. അതും പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍. ഇതു ചൂണ്ടിക്കാട്ടിയവരുടെ പേരിലും പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂ്ക്കത്തുവിരല്‍വച്ചാണ് സ്വീകരിക്കുന്നത്.
ഗോപി കോട്ടമുറിക്കലിനെതിരേയുള്ള സ്വഭാവദൂഷ്യാരോപണം അന്വേഷിക്കുന്ന മൂന്നംഗ കമ്മീഷന്‍ ജില്ലയിലെ നേതാക്കളില്‍ നിന്നുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ആരോപണം ശരിവെക്കുന്ന ഉറച്ച തെളിവുകള്‍ കിട്ടിയ സാഹചര്യത്തില്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോപി കോട്ടമുറിക്കലിനെതിരെ നടപടിക്കാണ് നീക്കം. ഇതിനൊപ്പംതന്നെ ജില്ലാ സെക്രട്ടറിയെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയവര്‍ക്കെതിരെയും നടപടിയിലേക്കാണ് പാര്‍ട്ടി നീങ്ങുന്നത്. സെക്രട്ടറിയെ തെളിവു സഹിതം കുടുക്കാന്‍ ആസൂത്രിത നീക്കം നടന്നതായി കമ്മീഷന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ഗൂഢാലോചനയായി ഇതിനെ കാണും.
ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകള്‍ ശക്തമായിരിക്കെ, പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ അത് പിണറായി വിഭാഗത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിവെക്കും. പാര്‍ട്ടി ഓഫീസില്‍ സ്വഭാവദൂഷ്യ നടപടികള്‍ നടന്നെന്ന് തെളിവുള്ള സാഹചര്യത്തില്‍ നടപടിയെടുക്കാതെ മറ്റു മാര്‍ഗമില്ല. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നേരത്തേതന്നെ നടന്നിട്ടുണ്ടെന്നും അപായപ്പെടുത്താനുള്ള നീക്കം നേരത്തേ ഉണ്ടായിട്ടുണ്ടെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. മുളന്തുരുത്തിക്കടുത്തുവെച്ച് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത് ടയര്‍ നേരത്തെ ഇളക്കിവെച്ചതുകൊണ്ടാണെന്നും അതിനു പിന്നില്‍ ലെനിന്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം അന്വേഷണ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായിട്ടുള്ളതിനാല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും.
നാലു ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ചത് ഒരു ജീവനക്കാരനാണെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ ഇതിന് ഒത്താശ നല്‍കിയെന്നും വ്യക്തമായിക്കഴിഞ്ഞു. ഇവരെ നീക്കണമെന്ന ശക്തമായ ആവശ്യം പിണറായി വിഭാഗത്തില്‍ നിന്ന് നേരത്തേതന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത് തള്ളിക്കളയാനും നേതൃത്വത്തിന് കഴിയില്ല. ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചനെതിരെയും നടപടി ഉണ്ടായേക്കും. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് അനുസരിച്ചുള്ള നടപടിയല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ഈ അഭിപ്രായവും അന്വേഷണ കമ്മീഷന് തള്ളിക്കളയാനാവില്ല. കമ്മീഷന്റെ ഇതു സംബന്ധിച്ച അന്വേഷണത്തിന് തൃപ്തികരമായ ഉത്തരം കെ.എ. ചാക്കോച്ചനില്‍ നിന്ന് ഉണ്ടായിട്ടില്ല. പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയുടെ പേരില്‍ കപ്പല്‍ മൊത്തം മുക്കാന്‍ കഴിയുമോ എന്ന ചിന്തയിലാണ് പിണറായി വിഭാഗം.
ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ നേതൃത്വത്തെക്കൊണ്ട് എടുപ്പിക്കാനുള്ള ആലോചനകളും അണിയറയില്‍ നടക്കുന്നുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അതിലുള്ള നടപടികള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ്. റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച വരുമ്പോള്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. അടുത്ത മാസം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ അച്ചടക്ക നടപടി വേഗത്തില്‍ ഉണ്ടായേക്കും. സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സംഘടനാ കീഴ്‌വഴക്കമനുസരിച്ച് അച്ചടക്ക നടപടികള്‍ സാധിക്കില്ല. അതിനാല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകയായ അഭിഭാഷകയുമായി ചേര്‍ത്താണ് ഗോപീകോട്ടമുറിക്കലിനെതിരേ തെളിവുകള്‍ സഹിതം നേതൃത്വത്തിനു മുന്നില്‍ പരാതി എത്തിയത്. അതും ഹൈടെക് രൂപത്തില്‍.
എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസ് ഇരുവരും കൂടിക്കാഴ്ചയ്ക്കും ബന്ധം നിലനിര്‍ത്താനും വേദിയാക്കിയതാണ് പ്രശ്‌നമായത്. അതിനെതിരേ ചാക്കോച്ചന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എന്ന തരത്തില്‍ മൂടിവച്ചാണ് ലൈംഗികാപവാദം പുറത്തുവന്നത്. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരേയാണ് പരാതിയെന്നും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തരമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വി എസ് പക്ഷത്തെ ചില നേതാക്കള്‍ നേരത്തെതന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷേ, തുടക്കത്തില്‍ പി ശശിയുടെ കാര്യത്തിലെന്നപോലെ കോട്ടമുറിക്കലിന്റെ പേരും ഇതുവരെ പുറത്തുവന്നിട്ടില്ല. വി എസ് പക്ഷത്തുനിന്ന് ഉടക്കിപ്പിരിഞ്ഞ നേതാവ് എന്ന നിലയിലാണ് ഗോപിക്കെതിരായ വിവാദം അവര്‍ കത്തിച്ചത്. അഭിഭാഷകയുമായുള്ള ബന്ധം മുമ്പേയുള്ളതാണെങ്കിലും രണ്ടുപേര്‍ക്കും പരസ്പര സമ്മതമുള്ള ബന്ധത്തെക്കുറിച്ച് പരാതി ഉന്നയിക്കാന്‍ കഴിയാതിരിക്കുകയായിരുന്നു വി എസ് പക്ഷം. അതിനിടയിലാണ് ഇരുവരും തമ്മില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍വച്ച് കൂടിക്കാഴ്ച നടത്തിയത്. ഇത് അവസരമാക്കിയെടുത്താണ് ഗോപിക്കെതിരേ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോപി കോട്ടമുറിക്കലിന് തൃപ്പൂണിത്തുറ സീറ്റ് നല്‍കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വി എസ് പക്ഷത്തിന് ഭൂരിപക്ഷമുള്ള എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു എതിര്‍പ്പ്. തുടര്‍ന്ന് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് തീരുമാനിച്ചു. പകരം സി എം ദിനേശ്മണിയാണ് തൃപ്പൂണിത്തുറയില്‍ മല്‍സരിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സെക്രട്ടറിയുടെ സ്ത്രീസൗഹൃദം ഔപചാരികമായി ചര്‍ച്ചയായത്. ഗവണ്‍മെന്റ് പ്ലീഡറായിരുന്ന മുളന്തുരുത്തി സ്വദേശിനിയുമായി ബന്ധപ്പെടുത്തിയാണ് ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന അഭിഭാഷകയുമായുള്ള ജില്ലാ സെക്രട്ടറിയുടെ ബന്ധം പാര്‍ട്ടി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുകയും പലവട്ടം മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നതാണത്രെ. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം വന്നപ്പോള്‍ ഇരു ചെവിയറിയാതെ ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയത്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരേ ഉയര്‍ന്ന ലൈംഗിക വിവാദത്തില്‍ പരാതിക്കാരുണ്ടായിരുന്നു. എന്നാല്‍ ആദ്യം അതു മറച്ചുവച്ച് ശശിക്ക് അവധി നല്‍കുകയും അത് ചികില്‍സയ്ക്കു വേണ്ടിയാണെന്ന് പറയുകയുമാണ് പാര്‍ട്ടി ചെയ്തത്. പിന്നീടാണ് യഥാര്‍ത്ഥ വിവരം പുറത്തുവന്നത്. ശശിക്കെതിരേ അന്വേഷണ കമ്മീഷനെവച്ച് റിപ്പോര്‍ട്ട് വാങ്ങുകയും പുറത്താക്കേണ്ടി വരികയും ചെയ്തു. വി എസിന്റെ കടുത്ത നിലപാടാണ് ശശിക്കെതിരേ നീങ്ങാന്‍ സംസ്ഥാന നേതൃത്വത്തെ നിര്‍ബന്ധിച്ചത്. ഗോപി കോട്ടമുറിക്കലിന്റെ കാര്യത്തിലും സമാന കടുംപിടുത്തമാണ് വി എസ് പക്ഷത്തിന്റേത്. നേതാവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു വി.എസ്. വിഭാഗത്തിന്റെ നിലപാട്. ഒരു നിമിഷം പോലും സ്ഥാനത്ത് ഇരുത്തരുതെന്നും പകരം മുതിര്‍ന്ന നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ ചുമതല ഏല്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിണറായി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് വി.എസ്. വിഭാഗം വാദിച്ചു. വി.എസ്. വിഭാഗത്തില്‍ നിന്നുള്ള മൂന്നുപേര്‍ രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്.
പരാതി ആര്‍ക്കെതിരെയും ആര്‍ക്കും ഉന്നയിക്കാം, അന്വേഷണമില്ലാതെ നടപടികള്‍ പാടില്ലെന്നായിരുന്നു പിണറായി വിഭാഗത്തിന്റെ പക്ഷം. വി.എസ്., പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ പോര് നടക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഗ്രൂപ്പുയുദ്ധം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആരോപണ വിധേയനായ നേതാവ് മുമ്പ് വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സമ്മേളന ശേഷം അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്ക് മാറിയതോടെ ജില്ലയിലെ ഗ്രൂപ്പുപ്രശ്‌നം രൂക്ഷമാകുകയായിരുന്നു. നേതാവ് മാറിയതോടെ വി.എസ്. വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ല, പിണറായി പക്ഷത്തേക്ക് മാറിയെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി വി.എസ്. വിഭാഗം ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആരോപണ വിധേയനായ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റിലെ വി.എസ്. വിഭാഗം അതിനെ ചെറുത്തു തോല്പിച്ചിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ, പിണറായി പക്ഷത്തെ ഉന്നത നേതാവിനെതിരെതന്നെ സ്വഭാവദൂഷ്യ ആരോപണം കൊണ്ടുവന്ന് വി.എസ്. പക്ഷം ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്.
അതേസമയം ഗോപീകോട്ടമുറിയ്ക്കലിന്റേത് പാര്‍ട്ടിയിലെ ഒറ്റപ്പെട്ട സംഭവമല്ല. കോളിളക്കം സൃഷ്ടിച്ച പി.ശശി സംഭവത്തിനു പിന്നാലെ കാസര്‍കോടും സമാനമായ ഒരു പരാതി ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ രണ്ടുസഖാക്കള്‍ അഴിയെണ്ണിത്തുടങ്ങിയതിന്റെ ഞെട്ടല്‍മാറുന്നതിനിടെയാണ് സ്ത്രീപീഡനം എന്ന പകര്‍ച്ചവ്യാധി കൊച്ചിയിലും കാസര്‍കോടും വ്യാപിച്ചതായി പാര്‍ട്ടി നേതൃത്വം ഞെട്ടലോടെ മനസിലാക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുന്‍ എം.എല്‍.എ.കൂടിയായ ട്രേഡ് യൂണിയന്‍ നേതാവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം നിയന്ത്രിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ ജീവനക്കാരി, സി.പി.എം.ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയിത്. സി.പി.എം.ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ദമ്പതിമാരുടെ മകളായ പരാതിക്കാരി മുന്‍ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗമാണ്. ഇവര്‍ വിവാഹിതയാണ്. സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തിക വാഗ്ദാനംചെയ്ത് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ നേതാവ് നിരന്തരം നിര്‍ബന്ധിക്കുകയാണെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ പരാതി ഇതുവരെ ജില്ലാകമ്മിറ്റിയില്‍ ചര്‍ച്ചചെയ്തിട്ടില്ല. ഇതിനിടെ, ആരോപണത്തിന് വിധേയനായ നേതാവ് മകനെ ഇതേ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്






