കൊച്ചി: ഒരു ദശകത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ത്ഥ്യമാകുന്നു. വി.എസ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ നിസംഗതയ്ക്ക് അതിവേഗം ബഹുദൂരം പരിഹാരം കാണുകയാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍. സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗം രൂപം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൃത്യമായ സമയക്രമങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇതിനുള്ള ഫണ്ടും അനുവദിച്ചു. സ്മാര്‍ട് സിറ്റി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം നവംബര്‍ 19ന് ആരംഭിക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാനും ടീകോം സി.ഇ.ഒയുമായ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല അറിയിച്ചു.
സ്മാര്‍ട് സിറ്റിയുടെ ആധുനിക സാങ്കേതിക സവിശേഷതകള്‍ വിവരിക്കുന്ന സ്മാര്‍ട് സിറ്റി പവലിയന്റെ നിര്‍മാണം അടുത്തമാസം 29ന് ആരംഭിക്കും. അഡ്മിനിസ്‌ട്രേറ്റീവ്, പ്രോജക്ട് മാനേജ്‌മെന്റ് ഓഫിസുകളും ഈ പവലയനില്‍ പ്രവര്‍ത്തിക്കും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവാക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. തുറമുഖഎക്‌സൈസ് മന്ത്രി കെ. ബാബു, നോര്‍ക്ക് റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരെയും പ്രത്യേക ക്ഷണിതാക്കളാക്കിയിട്ടുണ്ട്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി രൂപവല്‍ക്കരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗമായിരുന്നു ഇത്. ദുബൈ ഇസ്‌ലാമിക് ബാങ്ക് ഡപ്യൂട്ടി സി.ഇ.ഒ ഡോ. അദ്‌നാന്‍ ചില്‍വന്‍, എമിറേറ്റ്‌സ് എന്‍.ബി.ഡി സി.ഇ.ഒ സുരേഷ് കുമാര്‍, സ്മാര്‍ട് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. ബാജു ജോര്‍ജ്, എം.എ. യൂസഫലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ള കാര്യങ്ങളും ഇതേ രീതിയില്‍ തുടരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവാക്കിയത് കാര്യങ്ങള്‍ വേഗത്തിലാക്കും. അതേസമയം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ഇത് എത്രയാണെന്നു വെളിപ്പെടുത്തിയില്ല. പദ്ധതി ശരിയായ ദിശയിലാണു മുന്നേറുന്നതെന്ന സൂചനയാണു പുതിയ തീരുമാനങ്ങള്‍ നല്‍കുന്നതെന്നു നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ എം.എ. യൂസഫലി യോഗത്തിനു ശേഷം പറഞ്ഞു. കൊച്ചിക്കും കേരളത്തിനും പുതിയ വികസന പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടാണു സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഐടിക്കു പുറമേ മറ്റു സേവന വ്യവസായങ്ങള്‍ക്കും പ്രയോജനപ്പെടും വിധം ബഹു സേവന സെസ് പദവിയാണു പുതിയ കരാറിലുള്ളത്.
സോഫ്റ്റ്‌വെയര്‍ വികസനത്തിനു പുറമെ ബാങ്കിങ്, മീഡിയ, ആര്‍കിടെക്ചര്‍, ഡിസൈന്‍, ഗവേഷണവും വികസനവും തുടങ്ങിയ കയറ്റുമതി സേവന വ്യവസായങ്ങള്‍ക്കു കൂടി വളര്‍ച്ചാസാധ്യത തുറന്നുകിട്ടും. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യ വികസന രംഗത്തും വന്‍ വളര്‍ച്ചയാണു വിഭാവനം ചെയ്യുന്നത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് കൊച്ചി നഗരത്തിന്റെ നട്ടെല്ലായി മാറും വിധമാണു പുതിയ പദ്ധതികള്‍. കാക്കനാട്ട് 2000 കോടി രൂപ ചെലവില്‍ സ്മാര്‍ട് സിറ്റി തുടങ്ങാന്‍ താല്‍പര്യമുണ്ടെന്നു ദുബായ് ഇന്റര്‍നെറ്റ് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതു 2004 നവംബറില്‍. യുഡിഎഫ് ഭരണകാലത്തു തുടക്കമിട്ട നടപടികള്‍ പക്ഷേ, പിന്നാലെ വന്ന ഇടതു സര്‍ക്കാരിന്റെ കാലത്തു വിവാദങ്ങളില്‍ കുരുങ്ങി. ഒടുവില്‍, അധികാരമൊഴിയുന്നതിന് നാളുകള്‍ ബാക്കിനില്‍ക്കെ ഇടതു സര്‍ക്കാര്‍ അന്തിമാനുമതി നല്‍കിയതോടെ പദ്ധതിക്കു വീണ്ടും ജീവന്‍ വച്ചു. എങ്കിലും, നടപടികള്‍ മുന്നോട്ടു നീങ്ങിയില്ല.
യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ നടപടികള്‍ക്കു വേഗം കൂടി. ഒടുവില്‍, ആറു കൊല്ലം മുന്‍പൊരു നവംബര്‍ മുതല്‍ കേരളം മോഹിച്ചതു മറ്റൊരു നവംബറില്‍ യാഥാര്‍ഥ്യമാകുകയാണ്. സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തു കെഎസ്ഇബി സ്ഥാപിക്കുന്ന വൈദ്യുത ടവറുകളും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ല്‍) നിര്‍ദിഷ്ട വാതക പൈപ്പ് ലൈനും ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇതൊന്നും പദ്ധതിയെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷയാണ് സ്മാര്‍ട് സിറ്റി അധികൃതര്‍ക്ക്. ടവര്‍ സ്മാര്‍ട് സിറ്റിയെ ബാധിക്കാന്‍ അനുവദിക്കില്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ടവറുകള്‍ സ്ഥാപിച്ച് 220 കെവി ലൈന്‍ വലിക്കാനാണു നീക്കം. കൂടംകുളത്തു നിന്നു പള്ളിക്കര സബ്‌സ്‌റ്റേഷനിലേക്കു വൈദ്യുതി എത്തിക്കാനാണു ലൈന്‍. എന്നാല്‍, ലൈന്‍ വലിക്കുന്നതോടെ 30 - 40 ഏക്കര്‍ സ്ഥലം പാഴാവുമെന്നതാണ് പ്രധാന ആശങ്ക. വന്‍തോതില്‍ വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ക്കു സമീപം കെട്ടിടങ്ങളടക്കമുളള നിര്‍മാണം പ്രയാസമാകും






