Random Posts

Wednesday, August 24, 2011

സി.പി.എമ്മിലെ സ്വഭാവദൂഷ്യ ആരോപണം: തെളിവെടുപ്പ് തുടങ്ങി


സി.പി.എം. എറണാകുളം മുന്‍ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയുള്ള സ്വഭാവദൂഷ്യ ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയ വൈക്കം വിശ്വന്‍ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്‍ററിലാണ് തെളിവെടുപ്പ്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.സി. ജോസഫൈന്‍, എ.കെ. ബാലന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. പരാതി നല്‍കിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എ. ചാക്കോച്ചനില്‍നിന്ന് വിശദീകരണം തേടിയതിനൊപ്പം ലെനിന്‍സെന്‍ററിലെ ജീവനക്കാരില്‍നിന്നും ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ലെനിന്‍ സെന്‍ററില്‍ ഒളിക്യാമറ വെയ്ക്കാനുണ്ടായ സാഹചര്യങ്ങള്‍ ചാക്കോച്ചന്‍ കമ്മീഷനു മുന്നില്‍ വിശദീകരിച്ചു. ബുധനാഴ്ച ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കും. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ കമ്മീഷന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍ക്കൊപ്പം തെളിവുകള്‍ ശേഖരിക്കാന്‍ ഒളിക്യാമറ എവിടെ, എങ്ങനെ, ആരുടെ സഹായത്താല്‍ സ്ഥാപിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുന്നുണ്ട്. തെളിവ് ശേഖരിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളെല്ലാം കമ്മീഷന്‍ പരിശോധിക്കും. ഒളിക്യാമറ പ്രയോഗവും ജില്ലാ സെക്രട്ടറിയുടെ മാറ്റവും വി.എസ്. വിഭാഗത്തിനിടയിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒളിക്യാമറ പ്രയോഗം വേണ്ടിയിരുന്നില്ല എന്ന് അഭിപ്രായമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. അന്വേഷണ കമ്മീഷനു മുന്നില്‍ എത്താന്‍ മടിയുള്ള ചിലര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മാറിയതും വി.എസ്. വിഭാഗത്തിനുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ ഉപയോഗിച്ചതിനെതിരെ പിണറായി വിഭാഗം ശക്തമായി രംഗത്തെത്തി. ആരോപണത്തിനൊപ്പം അത് ഉന്നയിച്ചവരേയും പെടുത്താനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്. ഗോപി കോട്ടമുറിക്കലിന്റെ ഭാഗത്തുനിന്ന് സ്വഭാവദൂഷ്യ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിഘടകത്തില്‍ പറഞ്ഞ് തിരുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്ന് മുതിര്‍ന്ന നേതാക്കളടക്കം പരസ്യമായി പ്രതികരിച്ചിരുന്നു. എന്നാല്‍, പുതിയ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍, വി.എസ്. വിഭാഗത്തിന് ആശ്വാസം നല്‍കുന്ന നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. ഏത് ഒളിക്യാമറ വെച്ചാലും പേടിക്കാത്ത വിധത്തില്‍ സുതാര്യമായിരിക്കണം പാര്‍ട്ടി കാഡറിന്റെ ജീവിതമെന്നും പാര്‍ട്ടി ഓഫീസിലും പുറത്തും ഒരു പോലെയാവണം അയാളുടെ പെരുമാറ്റമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.