Random Posts

Monday, August 15, 2011

റബര്‍ തോട്ടങ്ങള്‍ കൃഷിയിടമാണെന്നു സ്ഥാപിക്കാന്‍ കേന്ദ്രം ഇടപെടണം: കെ.എം മാണി


പത്തനംതിട്ട: റബര്‍ കൃഷി ചെയ്യുന്ന ഭൂമി കൃഷിയിടമല്ലെന്ന് സ്ഥാപിക്കാനായി പൊതുമേഖലാ ബാങ്ക് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷി ചേരണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം. മാണി. ബാങ്കിന്റെ നടപടികള്‍ക്കെതിരെ ജില്ലാ ആസ്ഥാനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. റബര്‍ കൃഷിക്കായി കര്‍ഷകര്‍ എടുത്ത വായ്പകളില്‍ തിരിച്ചടവു തെറ്റിയവരുടെ ഭൂമി ഏറ്റെടുത്ത് ലേലം ചെയ്യാനുള്ള ബാങ്കിന്റെ നടപടിക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടു വരണം.

സെന്‍സസ് പ്രാരംഭ നടപടികളില്‍ റബര്‍, നാളികേരം, അടയ്ക്ക തുടങ്ങിയവ കൃഷി ചെയ്യുന്നവരെ കര്‍ഷകരായി പരിഗണിക്കാത്ത കേന്ദ്ര നടപടി തിരുത്തണം. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക ഉയര്‍ത്തണം. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം - അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഘടകങ്ങള്‍ക്കും നേതാക്കള്‍ക്കും എതിരെ ഭാവിയില്‍ വരാവുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനും അച്ചടക്ക പരിപാലനത്തിനും രാഷ്ട്രീയകാര്യ സമിതികള്‍ രൂപീകരിക്കും.

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിക്കായി പാര്‍ട്ടി ആവിഷ്‌കരിക്കുന്ന മാതൃകാ സമീപനരേഖ തയാറാക്കാനായി ഒക്‌ടോബര്‍ 31ന് സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ചേരും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നാല്‍ അന്വേഷിക്കാന്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ പ്രത്യേകം അധികാരമുള്ള സമിതികളെ നിയമിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പ്രത്യേക രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കും. കാര്‍ഷിക വിദ്യാഭ്യാസ വിഷയ പഠനത്തിന് പ്രത്യേക സമിതികള്‍ ഉണ്ടാകും. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിക്കുവേണ്ടി കേരള കോണ്‍ഗ്രസ് (എം) മാതൃകാസമീപനരേഖ തയ്യാറാക്കും. ഇതിനായി ഒക്ടോബര്‍ 9ന് കോട്ടയത്ത് പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തുമെന്നും മാണി വ്യക്തമാക്കി.

അതിനിടെ നികുതിയില്ലാതെ ലോകകമ്പോളത്തില്‍നിന്നും പ്രകൃതിദത്ത റബര്‍ ഇറക്കുമതി ചെയ്യാന്‍ വീണ്ടും നീക്കം നടക്കുന്നതായി സൂചന. ആഭ്യന്തരതലത്തില്‍ ആവശ്യമായ റബര്‍ സംഭരിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണിത്. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിടുന്ന ടയര്‍ വ്യവസായത്തെ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് വ്യവസായികള്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ ഇറക്കുമതി നടത്തുന്നതിന് അനുമതി നല്‍കിയാല്‍ അത് ആഭ്യന്തരകമ്പോളത്തിലെ റബര്‍വില കുറയുന്നതിനൊപ്പം രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പ്രതികൂലമാവുകയും ചെയ്യും. അടുത്തയിടെ ഏഴര ശതമാനം നികുതിക്ക് നാല്‍പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ ടയര്‍കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടുലക്ഷം ടണ്ണിന്റെ ഇറക്കുമതിക്ക് അനുമതി നല്‍കണമെന്നാണ് ടയര്‍കമ്പനികളുടെ ആവശ്യം.

സ്വാഭാവികറബറുത്പാദനത്തില്‍ ഉണ്ടായിട്ടുള്ള സമ്മര്‍ദ്ദവും റബര്‍വിലയിലുണ്ടായിട്ടുള്ള വര്‍ധനവും നിമിത്തം കുറഞ്ഞ തുകയ്ക്ക് ടയര്‍ കമ്പോളത്തിലെത്തിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ല. ഇതുമൂലം ചൈനയില്‍നിന്ന് വിലയും ഗുണവും കുറഞ്ഞ ടയറിന്റെ ഇറക്കുമതിയും ശക്തമാവുകയാണ്. ഈ സാഹചര്യത്തില്‍ സ്വാഭാവികറബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ടയര്‍വ്യവസായം തന്നെ പ്രതിസന്ധിയിലാകുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും റബര്‍ ഇറക്കുമതി ചെയ്യുകയാവും ആഭ്യന്തരസംഭരണത്തേക്കാള്‍ കൂടുതല്‍ ലാഭകരമെന്നാണ് ഇവരുടെ നിലപാട്.

ഇപ്പോള്‍ വ്യാവാസായികാവശ്യങ്ങള്‍ക്ക് വേണ്ടത്ര റബര്‍ ഉത്പാദിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുന്നുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആഭ്യന്തരആവശ്യത്തിനുള്ള റബര്‍തന്നെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഭോഗത്തിന് അനുസൃതമായ രീതിയില്‍ ഇവിടുത്തെ റബറുത്പാദനം വര്‍ധിക്കുന്നില്ല എന്നതാണ് ഇതിനുകാരണം. ഉപഭോഗത്തിന് അനുസൃതമായ രീതിയില്‍ ഉത്പാദനരംഗത്ത് വളര്‍ച്ചയുണ്ടാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആവര്‍ത്തനകൃഷിക്കും പുതുകൃഷിക്കുമായി റബര്‍ബോര്‍ഡ് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. രാജ്യത്തെ തൊണ്ണൂറ് ശതമാനം റബര്‍കൃഷിയുമുള്ള കേരളത്തില്‍ പുതുകൃഷിക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത കുറഞ്ഞതും ഇതിന്റെ വ്യാപനത്തിന് തടസമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇരുപതിനായിരത്തിലേറെ ഹെക്ടര്‍ സ്ഥലത്ത് പുതുകൃഷി നടന്നപ്പോള്‍ ഇത്തവണയതില്‍ അറുപത് ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് നിഗമനം. മാത്രവുമല്ല റബറിന്റെ ഉത്പാദനക്ഷമതയിലും നമുക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ല.

ഇന്ത്യയിലെ ശരാശരി റബറുത്പാദനം ഹെക്ടറൊന്നിന് 1575 കിലോഗ്രാമാണെങ്കില്‍ വിയറ്റ്‌നാമിലിത് 1800 കിലോഗ്രാമാണ്. എന്നാല്‍ മരങ്ങളുടെ പ്രായക്കൂടുതല്‍ മൂലം ഇന്ത്യന്‍തോട്ടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനക്ഷമത 1200 കിലോഗ്രാം മാത്രമായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഇതിനിടെ വിപണിയില്‍ ഇനിയും വില ഉയര്‍ന്നേക്കുമെന്ന സൂചനകളെതുടര്‍ന്ന് കര്‍ഷകരും കച്ചവടക്കാരും പരമാവധി റബര്‍ സംഭരിച്ചുവയ്ക്കാനും ശ്രമം നടത്തുന്നുണ്ട്. കേരളത്തില്‍ റബറിനു പുതിയ റെക്കോഡ് വില രേഖപ്പെടുത്തിയ അതേ ആഴ്ച തന്നെ 40000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ റബര്‍വ്യവസായികള്‍ക്കു അനുമതി ന്‌ലകിയത് വിപണിയെ ബാധിച്ചുതുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയിലെ റബര്‍കര്‍ഷകരെ സഹായിക്കുന്നതിനു രൂപീകരിച്ച റബര്‍ബോര്‍ഡിനോടു പോലും ആലോചിക്കാതെയെടുത്ത തീരുമാനം വരുംദിവസങ്ങളില്‍ വിപണിയില്‍ കടുത്ത പ്രതിസന്ധ സൃഷ്ടിക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഏഴര ശതമാനം തീരുവയിലായിരിക്കും ഇറക്കുമതി. 20 ശതമാനമാണ് പ്രാബല്യത്തിലുള്ള നിരക്ക്. തീരുവയിളവ് റബ്ബര്‍ കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാവും. ടയര്‍ നിര്‍മാതാക്കളടക്കമുള്ള വ്യവസായികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തീരുമാനം. രണ്ട് ലക്ഷം ടണ്‍ റബ്ബര്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്യണമെന്നാണ് വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നത്. തീരുവയില്ലാതെ ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാനാണ് വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ റബ്ബറിന്റെ ഇറക്കുമതിത്തീരുവ 20 ശതമാനമാണ്. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ റബ്ബര്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായിട്ടുണ്ട്. ഏപ്രില്‍ജൂണ്‍ കാലയളവില്‍ 38,233 ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്തത്. 2010ല്‍ ഇത് 19,118 ടണ്ണായിരുന്നു. നടപ്പുവര്‍ഷത്തിലെ ആദ്യപാദത്തില്‍ ഉത്പാദനം 1,75,700 ടണ്‍ രേഖപ്പെടുത്തി. മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കൂടുതലാണിത്. ഉപഭോഗം മുന്‍വര്‍ഷത്തേക്കാള്‍ നാല് ശതമാനം കൂടുതലാണ്. 2.44 ലക്ഷം ടണ്‍ റബ്ബറാണ് ആദ്യപാദത്തില്‍ ഉപഭോഗം ചെയ്തത്. നാല്പതിനായിരം ടണ്‍ ഇറക്കുമതി 15 ദിവസത്തേക്ക് മാത്രമേ തികയൂവെന്നും ജൂണിലെ റബ്ബര്‍ ഉപഭോഗം 80,500 ടണ്ണായിരുന്നെന്നും വ്യവസായികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം കേന്ദ്രതീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ധനമന്ത്രി കെ.എം. മാണി പ്രതികരിച്ചു. ''ഇതുസംബന്ധിച്ച വാര്‍ത്ത ശരിയാണെങ്കില്‍ കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും. ഏറെക്കാലം ന്യായവില കിട്ടാതെ കര്‍ഷകര്‍ വലഞ്ഞിരുന്നു. ഇപ്പോള്‍ വില കിട്ടുമ്പോള്‍ ഭീമമായി ഇറക്കുമതി ചെയ്യുന്നത് വിലയിടിക്കും. വാര്‍ത്ത ശരിയാണെങ്കില്‍ തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും കെ.എം മാണി ഡല്‍ഹിയില്‍ അറിയിച്ചു. ഇറക്കുമതി തീരുമാനം കര്‍ഷക സമ്പദ്‌വ്യവസ്ഥക്ക് ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചുരുങ്ങിയ നിരക്കില്‍ ഇറക്കുമതി അനുവദിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സതേണ്‍ ഇന്ത്യ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. തീരുവയില്‍ ഗണ്യമായ ഇളവോടെയാണു ഇറക്കുമതി ചെയ്യാന്‍ കേന്ദ്രാനുമതി. ടയര്‍ വ്യവസായികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും തീരുവ കുറച്ച് റബര്‍ ഇറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പ് വന്ന തീരുമാനം, വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് മരവിപ്പിച്ചു. രണ്ടു ലക്ഷം ടണ്‍ റബര്‍ തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്നാണ് ടയര്‍ വ്യവസായികള്‍ ആവശ്യപ്പെട്ടത്. ഇതില്‍ പകുതി ഇറക്കുമതി ചെയ്യാന്‍ വാണിജ്യ മന്ത്രാലയം ശിപാര്‍ശ ചെയ്തു. എന്നാല്‍, കര്‍ഷക താല്‍പര്യം കൂടി കണക്കിലെടുക്കണമെന്ന് ധനമന്ത്രാലയം അഭിപ്രായപ്പെട്ടു. അങ്ങനെയാണ് 40,000 ടണ്ണിലേക്ക് അനുമതി ഒതുങ്ങിയത്. ഇറക്കുമതി ചെയ്യുന്ന റബര്‍, ഒരു മാസത്തേക്ക് ഇന്ത്യയില്‍ ആവശ്യമായ റബറിന്റെ പകുതി മാത്രമാണെങ്കിലും, വിപണിയില്‍ റബര്‍ വില ഇടിയുമെന്ന് ഉറപ്പാണ്. റബര്‍ബോര്‍ഡുമായി ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെങ്കിലും വിവരം നേരത്തെ ചോര്‍ന്നിരുന്നു. തീരുവ കുറയ്ക്കുമെന്ന് വിവരം ലഭിച്ച രീതിയില്‍ ടയര്‍ നിര്‍മാണക്കമ്പനി അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രാജീവ്ബുദ്ധ്രാജ് നേരത്തെ അടുപ്പമുള്ള കേന്ദ്രങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു.

എംആര്‍എഫ്, അപ്പോളോ, സിയറ്റ് തുടങ്ങി ടയര്‍നിര്‍മാണ രംഗത്തെ വമ്പന്‍മാര്‍ക്ക് തീരുവ കുറച്ച് റബര്‍ ഇറക്കുമതിചെയ്യുന്നത് വന്‍ നേട്ടമാകും. ഈ മാസം റബര്‍ഷീറ്റിന് (ആര്‍എസ്എസ്4) കിലോക്ക് 216 രൂപ വരെ ലഭിച്ചു. എന്നാല്‍ , ഇറക്കുമതി സാധ്യമായാല്‍ ടയര്‍വ്യവസായികള്‍ക്ക് കിലോയ്ക്ക് 30-35 രൂപ നിരക്കില്‍ വിദേശ റബര്‍ ലഭിക്കും. പ്രതിവര്‍ഷം 30 ലക്ഷം കാര്‍ വില്‍ക്കുകയെന്ന ലക്ഷ്യം നേടാനായി കമ്പനികള്‍ മത്സരിച്ച് വില്‍പ്പന നടത്തുകയാണ്. ഇതനുസരിച്ച് കൊള്ളലാഭം കൊയ്യുകയെന്നതും ടയര്‍കമ്പനികളുടെ ലക്ഷ്യമായി ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇറക്കുമതി അനുവദിച്ചത് കര്‍ഷകരെ ദോഷകരമായി ബാധിക്കും. ഇറക്കുമതി വാര്‍ത്ത വന്നാല്‍തന്നെ റബര്‍വിപണിയില്‍ വിലയിടിയും. പ്രത്യേകിച്ചും കേരളത്തില്‍ . ഈ വിലയിടിയലും ടയര്‍വ്യവസായികള്‍ക്ക് ചൂഷണത്തിന് അവസരമാകും. ഇരുപതു ശതമാനം തീരുവ കര്‍ശനമായി ഏര്‍പ്പെടുത്തിയാല്‍പോലും റബര്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ലാഭകരമാണെന്ന് റബര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

മഴക്കാലമായതിനാല്‍ ഷീല്‍ഡും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാന്‍ വന്‍ മുതല്‍മുടക്ക് നടത്തിയാണ് കേരളത്തിലെ കര്‍ഷകര്‍ റബര്‍ വെട്ടുന്നത്. കഴിഞ്ഞവര്‍ഷം രണ്ടു ലക്ഷം ടണ്‍ റബര്‍ 7.5 ശതമാനം തീരുവയ്ക്ക് ഇറക്കുമതിചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. പ്രതിഷേധം വ്യാപകമായതോടെ 20 ശതമാനമോ അല്ലെങ്കില്‍ 20 കിലോയുടെ വിലയോ ഏതാണ് കുറവ് അത് തീരുവയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മലേഷ്യ, തായ്വാന്‍ , ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് റബര്‍ ഇറക്കുമതിചെയ്യുന്നത്. കര്‍ഷകരേക്കാള്‍ കേന്ദ്രസര്‍ക്കാരിന് പ്രിയം ടയര്‍വ്യവസായികളാണെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നു. അന്താരാഷ്ട്രസാഹചര്യങ്ങള്‍ മൂലം ഇന്ത്യന്‍ റബറിനു വില ഉയര്‍ന്ന ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രമുഖ റബ്ബര്‍ ഉത്പാദക രാജ്യമായ തായ്‌ലന്‍ഡില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കം അവിടത്തെ റബ്ബര്‍ ഉത്പാദനം കുറയാന്‍ കാരണമായി.

തായ്‌ലന്‍ഡില്‍നിന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് റബ്ബറിന്റെ വരവ് കുറഞ്ഞതോടെ വിപണിയില്‍ വില ഉയര്‍ന്നു. കൂടാതെ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമായതിനാല്‍ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയില്‍ സജീവമായതും വില കൂടാന്‍ സഹായിച്ചു. കിലോയ്ക്ക് 230 രൂപയിലാണ് 2011 ജനവരിയില്‍ വ്യാപാരം തുടങ്ങിയത്. തുടര്‍ന്നുള്ള രണ്ട് മാസവും വിലസ്ഥിരത രേഖപ്പെടുത്തിയെങ്കിലും മാര്‍ച്ച് 11ന് ജപ്പാനിലുണ്ടായ സുനാമിയെത്തുടര്‍ന്ന് റബ്ബര്‍ വില 182ലേക്ക് താഴ്ന്നു. എന്നാല്‍, സുനാമി വ്യവസായമേഖലയെ ബാധിക്കാത്തതും അന്താരാഷ്ട്ര വിപണിയില്‍ ആവശ്യകത വര്‍ദ്ധിച്ചതും റബ്ബര്‍വില വീണ്ടും ഉയരാന്‍ കാരണമായി. ഉല്പാദനം കുറയുന്ന കാലമായതും വിപണിയില്‍ റബ്ബറിന്റെ വരവ് കുറഞ്ഞതും വില ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണമാകുമെന്നാണ് വ്യാപാരിസമൂഹത്തിന്റെ പ്രതീക്ഷ