
പിറവത്തെ ജനഹിതം ബുധനാഴ്ച രാവിലെ അറിയാം. മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഒമ്പത് റൗണ്ട് വോട്ടെണ്ണുന്നതോടെ പിറവത്തെ ജനവിധിയറിയാം.
134 ബൂത്തുകളാണ് പിറവത്തുണ്ടായിരുന്നത്. 14 മേശകളാണ് വോട്ടെണ്ണുന്നതിനായി ക്രമീകരിച്ചിട്ടുള്ളത്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ സര്‍വീസ് വോട്ടുകളും എണ്ണിത്തുടങ്ങും. 323 സര്‍വീസ് ബാലറ്റില്‍ 316 എണ്ണം മാത്രമാണ് ഇതുവരെ തിരിച്ചെത്തിയത്. ബുധനാഴ്ച രാവിലെ എട്ടുവരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും. എട്ടരയോടെ ലീഡ് നിലയും പത്തു മണിയോടെ ഫലവും അറിയാനാകും.
ലോകമെമ്പാടുമുള്ള മലയാളികള്‍ പിറവത്തിന്റെ മനസ്സറിയാന്‍ കാത്തിരിക്കുകയാണ്. കേരളം കണ്ടതില്‍ ഏറ്റവും വാശിയുള്ള ഉപ തിരഞ്ഞെടുപ്പാണ് പിറവത്ത് നടന്നത്. ഇരു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് വിധി കാത്തിരിക്കുന്നത്.
1,58,055 പേരാണ് പിറവത്ത് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് യു.ഡി.എഫ്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഇരു മുന്നണികളും സമ്മതിച്ചുകൊണ്ടാണ് പ്രചാരണം തുടങ്ങിയത്. നേരിയ ഭൂരിപക്ഷം മാത്രമുള്ള യു.ഡി.എഫ്. സര്‍ക്കാരിന് പിറവത്ത് സീറ്റ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നെയ്യാറ്റിന്‍കരയില്‍ ഉപ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത് യു.ഡി.എഫിന് ആശ്വാസം നല്‍കുന്നുണ്ട്.






