Random Posts

Saturday, March 10, 2012

പിറവത്ത് യു.ഡി.എഫിന് വാക്കോവര്‍? ശെല്‍വരാജന്റെ വെടിയേറ്റ് സിപിഎം പിടയുന്നു


തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പിറവത്തേത് പോലെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉപതിരഞ്ഞെടുപ്പ്‌ മുന്‍പ് ഉണ്ടായിട്ടില്ല. നേരിയ ഭൂരിപക്ഷത്തില്‍ മുന്നോട്ടുനീങ്ങുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നിലനില്പ് തന്നെ ഈ ഉപതിരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. ശെല്‍വരാജിന്റെ രാജി ആ സ്ഥിതിയാണ് മാറ്റിമറിച്ചിരിക്കുന്നു. പിറവം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്‍.ഡി.എഫ്. എം.എല്‍.എ.മാരുടെ അംഗസംഖ്യ ഉയര്‍ത്തി യു.ഡി.എഫ്. മന്ത്രിസഭയെ പ്രതിസന്ധിയിലാക്കാമെന്ന സി.പി.എം. നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ പാളി‍.

പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം പഴയതുപോലെ നിര്‍ണായകമല്ലെന്ന് മാത്രമല്ല ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വലിയ മേല്‍കൈനേടാനും യു.ഡി.എഫിന് സാധിച്ചു. പിറവം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ പാര്‍ട്ടി എം.എല്‍.എ.യുടെ രാജി സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും വീഴ്‌ത്തി കളഞ്ഞു. സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപിച്ചും മുല്ലപ്പെരിയാറടക്കമുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിഷ്‌ക്രിയത്വമാരോപിച്ചും എല്‍.ഡി.എഫ്‌ നടത്തി വന്ന പ്രചരണം ഒറ്റ ദിവസം കൊണ്ട് കീഴ്‌മേല്‍ മറിഞ്ഞു. ഇന്നലെ മുതല്‍ എല്‍.ഡി.എഫ്‌ പ്രതിരോധത്തിലാണ്. സി.പി.എമ്മിനെതിരെ സെല്‍വരാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി തിരഞ്ഞെടുപ്പ് രംഗത്തുതന്നെ നല്‍കേണ്ട ബാധ്യതയും ഇനി സി.പി.എമ്മിനുണ്ട്.

ഫ്യൂഡല്‍ സംവിധാനമാണ് സി.പി.എമ്മിലുള്ളതെന്നാണ് ആര്‍. ശെല്‍വരാജ് ആരോപിച്ചിരിക്കുന്നത്. 'പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ ഇംഗിതത്തിന് ഒപ്പം നില്‍ക്കുന്നുണ്ടോ എന്ന മാനദണ്ഡം മാത്രം വെച്ചാണ് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നല്‍കുന്നത്. സംസ്ഥാന നേതൃത്വം നിക്ഷിപ്ത താല്പര്യങ്ങളുടെ ഏജന്റുമാരായ സാമൂഹ്യവിരുദ്ധസംഘത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. അതില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനുള്ള നേരിയ സാധ്യത പോലും സംസ്ഥാന സമ്മേളനത്തോടെ ഇല്ലാതായി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വം പൂര്‍ണമായും അധികാരദല്ലാള്‍മാരുടെയും കച്ചവട - അധോലോക താല്പര്യക്കാരുടെയും പിടിയിലാണ്. പുതിയസംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണിത്. ജില്ലയിലെ പല നേതാക്കളും കണ്ണഞ്ചിപ്പിക്കുന്ന രഹസ്യ നിക്ഷേപങ്ങള്‍ക്ക് ഉടമകളാണ്. പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ സ്ഥാനമാനങ്ങള്‍ നേടി പണം കുന്നുകൂട്ടുക മാത്രമാണ് ഇക്കുട്ടരുടെ ലക്ഷ്യം. പ്രകാശ് കാരാട്ടുപോലും ഇക്കാര്യത്തില്‍ നിസ്സഹായനാണ്. സംസ്ഥാന നേതൃത്വത്തില്‍ ചിലരുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തും ആകാമെന്ന അഹന്തയിലാണ് ജില്ലാ നേതൃത്വം. സി.പി.എം നിയമസഭാംഗങ്ങളില്‍ തന്നെ മാത്രം സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതിരുന്നത് ഇതു മൂലമാണ്‌' - അദ്ദേഹം പറഞ്ഞു.

ശെല്‍വരാജിന്റെ രാജി പ്രഖ്യാപനം സിപിഎമ്മിനുനേരെ അപ്രതീക്ഷിതമായി പാഞ്ഞുവന്ന വെടിയുണ്ടായായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാനും എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുമാകാത്ത കടുത്ത ആശയക്കുഴപ്പത്തിലായിരുന്നു ഇന്നലെ സിപിഎം. ശെല്‍വരാജിന്റെ നീക്കങ്ങളും സിപിഎമ്മിന്റെ ആശയക്കുഴപ്പത്തിന്റെയും ഇന്നലത്തെ നാള്‍വഴികള്‍ ഇങ്ങനെ.

രാവിലെ എട്ടരയോടെ സുഹൃത്തിന്റെ വാഹനത്തില്‍ ശെല്‍വരാജ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വസതിയിലേക്ക്. സ്പീക്കറോട്തന്നെ ഒരു കടലാസ് വാങ്ങി ഒറ്റവരിയില്‍ രാജിക്കത്ത് എഴുതി നല്‍കി. അവിടെനിന്ന് ഇറങ്ങി നേരെ നെയ്യാറ്റിന്‍കര ടിബിയിലേക്ക്. 9.30 ന് ടിബിയില്‍ എത്തി മൊബൈല്‍ ഓഫ് ചെയ്തു. 10 മണിയോടെ രാജി വാര്‍ത്ത പുറംലോകം അറിഞ്ഞുതുടങ്ങി. പത്രക്കാരുടെ പട നെയ്യാറ്റിന്‍കരി ടിബിയിലേക്ക്. ആരെയും കാണാതെ ശെല്‍വരാജ് അടച്ചിട്ട മുറിയില്‍. ഇതിനിടെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി എത്തി. രാജിയില്‍നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ഥന. കുലുക്കമില്ലാതെ ശെല്‍വരാജ്. വീണ്ടും സമ്മര്‍ദം തുടര്‍ന്നപ്പോള്‍ ശെല്‍വരാജ് മുന്‍ സെക്രട്ടറിയോട് കാര്യം പറഞ്ഞു - ഞാന്‍ എന്തായാലും പിന്‍മാറില്ല. എന്നോടൊപ്പം കൂടുതല്‍ സമയം നിന്നാല്‍ താനും പാര്‍ട്ടിക്ക് അനഭിമതനാകും. വേഗം പോകുക. - സംഗതി ഏറ്റു. പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായ മുന്‍ സെക്രട്ടറി സ്ഥലം വിട്ടു.

അമ്പരപ്പില്‍നിന്ന്  മോചിതരാകാത്ത സിപിഎം സംസ്ഥാന നേതാക്കള്‍ പ്രാദേശിക നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പിന്തിരിപ്പിക്കാനുള്ള ശ്രമം തുടരാന്‍ ഏരിയ സെക്രട്ടറിക്ക് നിര്‍ദേശം. ഏരിയ സെക്രട്ടറിയും നേരത്തെ വന്നുപോയ മുന്‍ സെക്രട്ടറിയും വീണ്ടും ടിബിയിലേക്ക്. അടിച്ചിട്ട മുറിയില്‍ ചര്‍ച്ച തുടര്‍ന്നു. ശെല്‍വരാജിന് കുലുക്കമില്ല. സെക്രട്ടറി ഫോണില്‍ വി. ശിവന്‍കുട്ടിയെ വിളിച്ച് ഫോണ്‍ ശെല്‍വരാജിന് കൈമാറി. ശിവന്‍കുട്ടി പറഞ്ഞതെല്ലാം മൂളിക്കേട്ടതല്ലാതെ അനുകൂല മറുപടിയില്ല. ഇതേ ഫോണിലേക്കുതന്നെ ആദ്യം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വിളി വന്നു. ഫലം പഴയതു തന്നെ. പിന്നീട് ഇതേ ഫോണിലേക്കുതന്നെ പിണറായിയുടെ കോള്‍. വിനയത്തോടെ ശെല്‍വരാജ് ആവശ്യം നിരസിച്ചു.

ഈ ഘട്ടത്തില്‍ ഇനി അനുനയ ശ്രമകൊണ്ട്കാര്യമില്ലെന്നു സിപിഎം തിരിച്ചറിഞ്ഞു. പിന്നെ എങ്ങനെ കൈകാര്യംചെയ്യും. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു. പണം വാങ്ങി പോയതാണെന്ന് പ്രചാരണം നടത്താന്‍ തീരുമാനത്തിലെത്തുന്നു. തൊട്ടുപിന്നാലെ കടകംപള്ളി സുരേന്ദ്രന്റെ പത്രസമ്മേളനം. പണം വാങ്ങി പാര്‍ട്ടിയ വഞ്ചിച്ചു എന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നു. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും വിവിധ സിപിഎം നേതാക്കള്‍ ഇതേ ആരോപണം ആവര്‍ത്തിക്കുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ആകുന്നില്ല. ഇതോടെ ആരോപണം യുഡിഎഫിനും മുഖ്യമന്ത്രിക്കുംഎതിരെ തിരിക്കുന്നു. പിന്നെ രാത്രി വൈകുംവരെ ഈ ആരോപണത്തില്‍ കടിച്ചുതൂങ്ങുകയാണ് സിപിഎം നേതാക്കള്‍. പിറവത്തെ പോരാട്ടത്തിനിടെ തെന്നിവീണ സിപിഎം വീണ്ടും എഴുന്നേറ്റ് ഓടുകയാണ്. പുതിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കായി ജനം കാത്തിരിക്കുന്നു