ന്യൂഡല്‍ഹി: ആജന്മ ശത്രുവായി എപ്പോഴും വിശേഷിപ്പിക്കുന്ന അമേരിക്കയില്‍നിന്നുള്ള സഹായം സിപിഎമ്മിന്റെ രണ്ട് യുവ എംപിമാര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പുതിയ വിവാദത്തിലേക്കു തള്ളിവിടുന്നു. കേരളത്തിലെ ജ്വലിക്കുന്ന വിപ്ലവ നക്ഷത്രം പി. രാജീവും ബംഗാളില്‍നിന്നുള്ള മൊയിനുല്‍ ഹസനുമാണ് പാര്‍ലമെന്റി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന സംഘടനയുടെ സഹായം തേടുന്ന സിപിഎം എംപിമാര്‍. പാര്‍ലമെന്റിന്റെ ഇരു സഭകളില്‍നിന്നുമായി മറ്റ് നാല്‍പത്തി രണ്ടോളം എംപിമാര്‍ ഇതേ സ്ഥാപനത്തിന്റെ സഹായം തേടുന്നുണ്ടെങ്കിലും അമേരിക്കന്‍ ഫണ്ടിങ്ങിനെ നഖശിഖാന്തം എതിര്‍ക്കുന്ന സിപിഎം എംപിമാര്‍ അമേരിക്കന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സഹായം തേടുന്നതിലെ വൈരുധ്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ദേശീയ ദിനപത്രമായ ഏഷ്യന്‍ ഏജ് ആണ് സിപിഎം എംപിമാര്‍ ഇത്തരത്തില്‍ സേവനം കൈപ്പറ്റുന്നതായി വെളിപ്പെടുത്തിയത്. അമേരിക്കന്‍ സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷന്റെ സഹായത്തോടെ 2005ല്‍ സ്ഥാപിച്ച സംഘടനയാണ് പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച്. ഇപ്പോഴത്തെ നടത്തിപ്പില്‍ ഗൂഗിള്‍ ഫൗണ്ടേഷന്റെ സഹായവുമുണ്ട്. സിപിഎം കുത്തകകളായി കണക്കാക്കുന്ന പ്രസ്ഥാനങ്ങളാണ് ഗൂഗിളും ഫോര്‍ഡും. കേരളത്തില്‍നിന്നുള്ള ജോസ് കെ. മാണി എംപിയും പി.ആര്‍.എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ സഹായം തേടുന്നുണ്ടെങ്കിലും സിപിഎം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ പി. രാജീവ് അമേരിക്കന്‍ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ സഹായം തേടിയതിലെ അനൗചിത്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
എന്‍ജിഒകളെയും ഇവ വഴി ഇന്ത്യയിലേക്ക് മുതലാളിത്ത രാജ്യങ്ങളുടെ ഫണ്ട് ഒഴുകുന്നതും സിപിഎം പ്രത്യയശാസ്ത്രപരമായും പ്രായോഗികമായും എതിര്‍ക്കുന്ന കാര്യമാണ്. ഇത്തരം സംഘനടകള്‍ക്കെതിരെ അക്രമസമരങ്ങള്‍ ഉള്‍പ്പെടെ നടത്തിയിട്ടുള്ള ചരിത്രമുള്ളവരാണ് പി. രാജീവും മൊയിനുല്‍ ഹസനും. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ അമേരിക്ക ഇവര്‍ക്ക് ശത്രുവല്ലെന്നാണ് ഇരുവരുടെയും നടപടികള്‍ നല്‍കുന്ന സൂചന. സഭാപ്രവര്‍ത്തനത്തിന് രാജീവിനും മൊയിനും ആവശ്യമായ ഗവേഷണപിന്തുണയും വിവിര ശേഖരണവും നടത്തുന്നത് പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചാണ്. ഇത് സംഘടനയുടെ വെബ് സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. മണ്ഡലത്തിന്റെ സമഗ്ര ചിത്രം മുതല്‍ സഭയില്‍ ഉന്നയിക്കേണ്ട ചോദ്യം വരെ ഇവര്‍ തയ്യാറാക്കും. അതായത് വിപ്‌ളവം പ്രസംഗിച്ചു നടക്കുന്ന എംപിമാര്‍ പാര്‍ലമെന്റില്‍ എന്തുചെയ്യണമെന്നതിന്റെ രൂപരേഖ അമേരിക്കന്‍ സഹായമുള്ള സംഘടന തീരുമാനിക്കും.
സിപിഎമ്മിന്റെ യുവ നേതൃത്വം എത്തിപ്പെട്ടിരിക്കുന്ന ആശയ - പ്രത്യശാസ്ത ജീര്‍ണതകളുടെ തെളിവാണിതെന്നാണ് ആരോപണം. പി.രാജീവ് അമേരിക്കന്‍ ബന്ധമുള്ള സംഘനടയുടെ സഹായം സ്വീകരിക്കുന്നുവെന്ന വിഷയം സിപിഎമ്മിനുള്ളില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിതലത്തില്‍ നടപടികള്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ഒരു കാലത്ത് തനിക്കൊപ്പം നിന്ന ശേഷം പിന്നീട് മറുപക്ഷം ചാടി, ഇപ്പോള്‍ പിണറായിയുടെ ശക്തനായ അനുയായിയായി അറിയപ്പെടുന്ന രാജീവിനെതിരെ ലഭിച്ച ആയുധമായി വിഎസ് അച്യുതാനന്ദന്‍ ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും പിണറായി വിഭാഗത്തിനുള്ള അജയ്യമായ മേല്‍ക്കൈ ഉപയോഗിച്ച് രാജീവ് അതിനെ മറികടക്കുമെന്നുള്ളത് ഉറപ്പാണ്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തുവന്ന സാഹചര്യത്തിലുണ്ടായ പുതിയ വിവാദം പാര്‍ട്ടിക്ക് ക്ഷീണംചെയ്യുമെന്ന് പിണറായി വിഭാഗക്കാര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.






