Random Posts

Wednesday, February 1, 2012

നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം ലഭിച്ചുവെന്ന് ഉറപ്പാക്കുവാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം; നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി


സംസ്ഥാനത്തെ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ഉളവായിരിക്കുന്ന പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. പതിറ്റാണ്ടുകളായി നഴ്‌സുമാര്‍ അനുഭവിച്ചു വരുന്ന തൊഴില്‍ രംഗത്തെ ശമ്പള ചൂഷണത്തിന് ഇതോടെ അറുതി വന്നേക്കും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ ആസ്പത്രികളിലെയും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് ജനുവരിയില്‍ ജോലി ചെയ്തതിന്റെ മിനിമം വേതനം ലഭിച്ചുവെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

ചൂഷണമനുഭവിച്ചു വരുന്ന സംസ്ഥാനത്തെ നഴ്‌സുമാരുടെ ശബ്ദമായി ഉയര്‍ന്നു വരുവാന്‍ കഴിഞ്ഞ യുണൈറ്റഡ്‌ നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ)യുടെ ഊര്‍ജ്ജ്വസലരായ പ്രവര്‍ത്തകരുടെ വിജയം കൂടിയാണ് മന്ത്രി ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. നഴ്‌സുമാരുടെ സമരത്തെ നേരിടുന്നതിന് വേണ്ടി വിവിധ മാനേജ്‌മെന്റുകള്‍ പല വിധത്തിലുമുള്ള തന്ത്രങ്ങളുമായി രംഗത്ത് വന്നിരുന്നു. എറണാകുളം ജില്ലയിലെ പ്രമുഖമായ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍, എറണാകുളം ലേക്‌ഷോര്‍ എന്നിവിടങ്ങളില്‍ ശക്തമായ സമരവും നടന്നുവരുകയായിരുന്നു. ഇതിനിടയിലാണ് മിനിമം വേതനം നല്‍കണം എന്ന സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന സന്ദേശം നല്‍കി മന്ത്രിയുടെ കര്‍ശന നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളം ലഭിക്കുമ്പോള്‍ മിനിമം വേതന നിയമപ്രകാരമുള്ള നിശ്ചിത തുക ശമ്പളമായി ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആസ്പത്രികളും ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക് മിനിമം വേതനനിയമ പ്രകാരമുള്ള നിശ്ചിത ശമ്പളം നല്‍കിയിരിക്കണമെന്ന് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധന നടത്തി മിനിമം വേതനം നല്‍കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ്. ഏതെങ്കിലും സ്ഥാപനങ്ങള്‍ മിനിമം വേതനം നല്‍കുന്നില്ലെന്ന് പരാതിയുണ്ടായി കണ്ടെത്തിയാല്‍ ഈ മേഖലയിലെ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശപ്രകാരം ജനുവരി മാസം സംസ്ഥാനത്തെ നിരവധി സ്വകാര്യ ആസ്പത്രികളില്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ആ പരിശോധനകളില്‍ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പല സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമായിരിക്കുന്നത്. പ്രതിമാസ ശമ്പളം രണ്ടായിരം രൂപ പോലും നല്‍കാത്ത സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. അന്ന് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളോട് അത് പരിഹരിക്കാനുള്ള നിര്‍ദേശം ഉദ്യോഗസ്ഥാര്‍ നല്‍കിയിരുന്നു. ഇവടങ്ങളില്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായോ എന്നു പുനഃപരിശോധന നടത്താനും അതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

നഴ്‌സുമാര്‍ ഉള്‍പ്പെടെ സമരത്തിലേയ്ക്ക് കടക്കുന്ന പാരാമെഡിക്കല്‍ ജീവനക്കാര്‍ പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വംകൂടി പാലിക്കുന്നതില്‍ നിന്നും പിന്മാറരുതെന്ന് മന്ത്രി സൂചിപ്പിച്ചു. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ വേണം പ്രത്യക്ഷ സമരങ്ങളിലേക്ക് സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ നീങ്ങേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അല്ലാതെയുള്ള സമരങ്ങളോട് യോജിക്കാനാകില്ലന്നും അദ്ദേഹം പറഞ്ഞു. ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്‌മെന്‍റുകള്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് തൊഴില്‍വകുപ്പിന് സമരം തുടങ്ങുന്നതിന് മുമ്പ് നല്‍കണമെന്നും മന്ത്രി പറഞ്ഞു. നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടുകൂടിയാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മിനിമം ശമ്പളം നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നഴ്‌സിങ് ഉള്‍പ്പെടുന്ന പാരാമെഡിക്കല്‍ മേഖലയില്‍ നിലവിലുള്ള മിനിമം വേജസിന്റെ കാലാവധി ഈ വര്‍ഷം പൂര്‍ത്തിയാവുമെന്നും പുതിയ മിനിമം വേജസ് വരുമ്പോള്‍ തുക ഉയര്‍ത്തി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും പാരാമെഡിക്കല്‍ മേഖലയിലെ ജീവനക്കാര്‍ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി