Random Posts

Friday, February 17, 2012

അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ തയാറായി: യു.ഡി.എഫ് സര്‍ക്കാറിന്റെ വിജയം

സംസ്ഥാത്തെ 12,000 സ്‌കൂളുകളിലെ 42 ലക്ഷം വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ തയാറായി. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായാണ് അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് അച്ചടി പൂര്‍ത്തിയാക്കുന്നത്.
3.9 കോടി പുസ്തകങ്ങളാണ് ആകെ വേണ്ടത്. രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ ആദ്യ വാല്യമായി 2.6 കോടി പുസ്തകങ്ങള്‍ ജൂണ്‍ ഒന്നിന് വിതരണം ചെയ്യും. രണ്ടാം വാല്യം 1.3 കോടി പാഠപുസ്തകങ്ങള്‍ നവംബര്‍ ഒന്നിനാണ് വിതരണം ചെയ്യുക. തപാല്‍ വകുപ്പാണ് പുസ്തകങ്ങള്‍ അതത് ജില്ലാ കേന്ദ്രളിലും അവിടെ നിന്ന് സൊസൈറ്റികളിലും എത്തിക്കുക. സൊസൈറ്റികള്‍ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യും. ഈ അധ്യയന വര്‍ഷത്തെ പരീക്ഷാഫലം അറിയുന്ന ദിവസംതന്നെ അടുത്ത ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങള്‍ വാങ്ങി മടങ്ങാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.

പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് നിര്‍വഹിച്ചു. യഥാസമയം പുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതു കാരണം പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉപയോഗിക്കുന്ന കാലം ഇതോടെ അവസാനിച്ചതായും പൊതുവിദ്യാഭ്യാസ മേഖലയില്‍ ഗുണകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപക പാക്കേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. വരുന്ന വര്‍ഷങ്ങളില്‍ ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ശോഭ കോശി, പൊതു വിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കരന്‍, മുഹമ്മദ് യാസീന്‍, ഡോ. കെ.എം രാമാനന്ദന്‍, പി.കെ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.