Random Posts

Friday, February 3, 2012

ഭാഗ്യക്കുറി വകുപ്പിനെ തകര്‍ക്കാന്‍ ഇടതു സര്‍വീസ് സംഘടന


പ്രതിമാസം 150 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനെ തകര്‍ക്കാന്‍ വകുപ്പിലെ ഇടതു സര്‍വീസ് സംഘടനയുടെ നീക്കം.
ഇടതുസര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദത്തില്‍ അകെപ്പട്ട് വരുമാനം നിലച്ച ഭാഗ്യക്കുറി വകുപ്പ് ആറുമാസത്തിനിടെ അസൂയാവഹമായ നേട്ടങ്ങളാണുണ്ടാക്കിയത്. ഇതിലൂടെ യുഡിഎഫ് സര്‍ക്കാരിനുണ്ടായ മികച്ച പ്രതിഛായ കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ചേര്‍ന്ന് അട്ടിമറി നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ വിവാദങ്ങളെ തുടര്‍ന്ന് ഭാഗ്യക്കുറി നറുക്കെടുപ്പ് ആഴ്ചയില്‍ ഒന്നായി ചുരുക്കിയിരുന്നു. ഇതോടെ ഭാഗ്യക്കുറി വകുപ്പും ഏജന്റുമാരും വില്‍പ്പനക്കാരും വന്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ടിക്കറ്റ് വില്‍പ്പന നടത്തിക്കൊണ്ടു പോകുന്നതിനായി അന്ന് ജീവനക്കാരും ഏജന്റുമാരും നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് തലങ്ങളിലായി 16 വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിച്ചു.

ഈ വില്‍പ്പന കേന്ദ്രങ്ങള്‍ വഴിയാണ് പിന്നീട് ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ടിക്കറ്റുകള്‍ നല്‍കിവരുന്നത്. എന്നാല്‍ ഇത്തരം താലൂക്ക് കേന്ദ്രങ്ങള്‍ വേണ്ടെന്നായിരുന്നു അന്ന് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എംവി ജയരാജന്റെ നിലപാട്. പകരം ജില്ലാ തലങ്ങളില്‍ വന്‍കിട ഏജന്റുമാരെ ടിക്കറ്റുവില്‍പ്പന ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡയറക്ടറെ സമീപിക്കുകയും ചെയ്തിരുന്നു. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനക്കാരെ സഹായിക്കുന്നതിനാണ് ഈ നീക്കമെന്ന് തിരിച്ചറിഞ്ഞ് ജീവനക്കാര്‍ ഇതിനെ എതിര്‍ത്തു. ഇതോടെ ആ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആഴ്ചയില്‍ ഏഴുദിവസവും നറുക്കെടുപ്പ് പുനഃരാരംഭിക്കുകയും സമ്മാനഘടനയില്‍ പരിഷ്‌കാരം വരുത്തുകയും ചെയ്തതോടെ ഒരുമാസം 150 കോടിയോളം രൂപയുടെ വിറ്റുവരവിലേക്ക് ഭാഗ്യക്കുറി വകുപ്പ് മാറി. കാരുണ്യ അടക്കമുള്ള ലോട്ടറികളുടെ നടത്തിപ്പ് സാമൂഹിക സേവനമെന്ന നിലയില്‍ പ്രശംസ നേടുകയും ചെയ്ത ഘട്ടത്തിലാണ് വകുപ്പിനെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.

താലൂക്ക് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി ടിക്കറ്റ് വില്‍പ്പന കുറയ്ക്കുക എന്നതാണ് ഇവരുടെ ആദ്യ നീക്കം. ഇതിന്റെ ഭാഗമായി ആറ്റിങ്ങല്‍ താലൂക്ക് കേന്ദ്രം ആഴ്ചയില്‍ മൂന്നുദിവസം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് സര്‍ക്കുലറും ഇറക്കി. ഏജന്റുമാരെയും വില്‍പ്പനക്കാരെയും ജില്ലാ ഓഫീസുകളില്‍ എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഏജന്റുമാര്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം താറുമാറാകാനേ ഈ തീരുമാനം ഉപകരിക്കൂവെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, വന്‍കിട ഏജന്റുമാര്‍ക്ക് മുന്നില്‍ വില്‍പ്പനക്കാരെ എത്തിക്കുക എന്നലക്ഷ്യമാണ് ഉദ്യോഗസ്ഥര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആക്ഷേപമുണ്ട്.