Random Posts

Thursday, February 23, 2012

കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോടിയേരി; കൊലപാതകത്തിലേയ്ക്ക് നയിച്ചത് സി.പി.എം ഹിഡന്‍ അജണ്ടയെന്ന് സുധാകരന്‍


പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്തു ത്യാഗത്തിനു പാര്‍ട്ടി ഒരുങ്ങുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോടിയേരി. പി. ജയരാജന്‍ അക്രമസ്ഥലം സന്ദര്‍ശിക്കുമെന്നു മുന്‍കൂട്ടി അറിയിച്ചിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രി പ്രാദേശികമായി ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്കു വീതിച്ചു നല്‍കിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

എന്നാല്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ യുവാവിന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലേക്കു നയിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജന്റെ ഹിഡന്‍ രാഷ്ട്രീയ അജണ്ടയാണെന്നു കെ. സുധാകരന്‍ എംപി. സംഭവ സ്ഥലത്തേക്കു പോകുമ്പോള്‍ ജയരാജന്റെ കാര്‍ യുവാവിനെ ഇടിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ വികാരപ്രകടനമാണ് കാര്‍ ആക്രമിക്കുന്നതിലേക്കു എത്തിയത്. എന്നാല്‍ ഇതും ലീഗാണെന്നു വരുത്തി തീര്‍ക്കുകയാണു ചെയ്തത്. തന്നോടൊപ്പം പാര്‍ട്ടി നിയന്ത്രണചാനല്‍ പ്രതിനിധികളെയും പാര്‍ട്ടിപത്രക്കാരെയും കൂട്ടിയതും വ്യക്തമായ ഗൂഢലക്ഷ്യത്തോടെയാണ്. അരിയില്‍ ഭാഗത്തേക്കു പോയാല്‍പ്രശ്‌നമുണ്ടാകുമെന്നറിഞ്ഞിട്ടും അവിടേക്കു പോയത് അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷുക്കുറിന്റെ കൊലപാതകത്തിനു പി. ജയരാജനും സിപിഎമ്മും മറുപടി പറയണം. നേതാവിന്റെ കാര്‍ ആക്രമിച്ചതിനു പിന്നാലെ ജില്ലാ ഹര്‍ത്താലിനാഹ്വാനം ചെയ്തത് ഇതിന്റെ മറവില്‍ ലീഗ് പ്രവര്‍ത്തകരെ വേട്ടയാടി നാട്ടിലെങ്ങും കൊള്ളയും അക്രമവും നടത്തുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാല്‍ പോലീസ് കരുതലോടെ നിന്നതിനാല്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടായില്ല. ഷുക്കൂറും മറ്റു പ്രവര്‍ത്തകരും അഭയം തേടിയ വീട്ടില്‍ നിന്നും പലപ്രാവശ്യം പോലീസിനെ വിളിച്ചിട്ടും അവര്‍ എത്താതിരുന്നത് പോലീസിന്റെ വീഴ്ചയായി കാണേണ്ടിയിരിക്കുന്നു. ഒരുപക്ഷേ പോലീസ് എത്തിയിരുന്നെങ്കില്‍ കൊലപാതകംഉണ്ടാവില്ലായിരുന്നു. ഇടതുപക്ഷ ഭരണകാലത്ത് സിപിഎം പോലീസിനെ നിര്‍ജീവമാക്കിയിരുന്നു. ഈ സര്‍ക്കാര്‍ അതില്‍ നിന്നും പോലീസിനെ മോചിപ്പിച്ചു കൊണ്ടു വരികയാണ്. ജില്ലയില്‍ കളക്ടറും എസ്പിയും ഇല്ലാത്തതും പ്രധാനവിഷയമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും സുധാകരന്‍ പറഞ്ഞു.

അക്രമം നടക്കുന്നത് കുറവാണെന്ന് പറയുമ്പോഴും കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ തളിപ്പറമ്പിനു സമീപം അരിയിലില്‍ ആരംഭിച്ച അക്രമങ്ങള്‍ ജില്ല മുഴുവന്‍ പടരുന്നതാണ് ഇന്നലെ കണ്ടത്. ഒരാള്‍ക്കു വെട്ടേറ്റതിനുപുറമേ എംഎല്‍എയ്ക്കു നേരെയുണ്ടായ ആക്രമണത്തിനും ഇന്നലെ ജില്ല സാക്ഷ്യംവഹിച്ചു. തകര്‍ക്കപ്പെട്ട പാര്‍ട്ടി ഓഫീസുകളും വീടുകളും കച്ചവട സ്ഥാപനങ്ങളും നിരവധിയാണ്. കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. പോലീസ് ജാഗ്രത പാലിക്കുന്നുണെ്ടങ്കിലും അക്രമങ്ങള്‍ തടയാന്‍ അവര്‍ക്കു കഴിയുന്നില്ല. പാര്‍ട്ടി നേതൃത്വങ്ങളാകട്ടെ പരസ്പരം പഴിചാരിയും ആരോപണങ്ങള്‍ ഉന്നയിച്ചും സംഘര്‍ഷം വളര്‍ത്താനാണു നോക്കുന്നത്. പട്ടുവം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും നടന്ന അക്രമ സംഭവങ്ങള്‍ പുറത്തറിഞ്ഞിട്ടില്ല. പാര്‍ട്ടി ഓഫീസുകളും വീടുകളും കടകളും മറ്റും ആക്രമിച്ചതിനു പുറമെ കൊള്ളയും അരങ്ങേറുന്നുണ്ട്. സ്ത്രീകള്‍ക്കുനേരെയും ആക്രമണമുണ്ടായി.

അരിയില്‍ വാര്‍ഡ് മെമ്പര്‍ പി.പി. സുബൈറിന്റെ വീടാക്രമിച്ച സംഘം 12 പവന്‍ സ്വര്‍ണവും 20,000 രൂപയും കൊള്ളയടിച്ചു. വീടാക്രമിച്ച അക്രമി സംഘങ്ങളില്‍ നിന്നും രക്ഷപ്പെടാനായി മുളകുപൊടി വിതറിയ മൊട്ടമ്മല്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ അക്കിപ്പറമ്പത്ത് ഉമാദേവിയെ (54) മര്‍ദനമേറ്റ നിലയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിക്കു സമീപത്തെ ടി.എസ്-20 നമ്പര്‍ കള്ളുഷാപ്പ് ആക്രമിച്ച സംഘം പൂര്‍ണമായും അടിച്ചുതകര്‍ത്തു. കെ. ദിലീപന്‍, എം.കെ ഗോവിന്ദന്‍, കെ. പ്രഭാകരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. അരിയിലെ സിപിഎം പ്രവര്‍ത്തകന്‍ പാറയില്‍ കുഞ്ഞിക്കണ്ണന്റെ വീട് അക്രമി സംഘത്തിന്റെ കല്ലേറില്‍ തകര്‍ന്നു.

പട്ടുവം കടവിനുസമീപത്തെ സിപിഎം പ്രവര്‍ത്തകന്‍ അനില്‍കുമാറിന്റെ വീടിനുനേരേ തിങ്കളാഴ്ച രാത്രി ബോംബേറുണ്ടായി. കഴിഞ്ഞ വര്‍ഷം ലീഗ് പ്രവര്‍ത്തകന്‍ അന്‍വറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനില്‍കുമാര്‍. ബോംബ് വീട്ടുമുറ്റത്ത് വീണുപൊട്ടിയതിനാല്‍ ആളപായമുണ്ടായില്ല. അരിയില്‍ കോളനിയില്‍ ലീഗ് അനുഭാവിയായ കെ.കെ. ഫാത്തിമയുടെ വീടിനുനേരേയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടിലേക്കുള്ള പൈപ്പ് ലൈനുകള്‍ നശിപ്പിച്ചു. അരിയിലിലെ പുത്തലത്ത് രാജീവന്റെ വീടാക്രമിച്ചു സ്വര്‍ണവും പണവും കവര്‍ന്നു. മാട്ടൂല്‍ നോര്‍ത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന്റെ വീടിനുനേരേയുണ്ടായ കല്ലേറില്‍ ഓടുകള്‍ തകര്‍ന്നു. തളിപ്പറമ്പ് ടൗണില്‍ ഇന്ത്യന്‍ കോഫീഹൗസിനുനേരേയും ആക്രമണമുണ്ടായി. കംപ്യൂട്ടര്‍ നശിപ്പിച്ചു. പണം എടുത്തുകൊണ്ടുപോയതായും പരാതിയുണ്ട്.

തളിപ്പറമ്പ് ന്യൂഹരിഹര്‍ ടാക്കിനു സമീപത്തെ എം.വി. ചന്ദ്രന്റെ കൃഷ്ണ ഹോട്ടല്‍ ഒരു സംഘം അടിച്ചു തകര്‍ത്തു. തൊട്ടടുത്ത അക്കിപ്പറമ്പ് കള്ളുഷാപ്പും പൂര്‍ണമായി തകര്‍ത്തിട്ടുണ്ട്. കെ.പി. ബാലകൃഷ്ണന്റെ പേരില്‍ ലൈസന്‍സുള്ള ഷാപ്പാണ് തകര്‍ത്തത്. ഇതിനു സമീപത്തെ മൊടമ്മല്‍ കുഞ്ഞികൃഷ്ണന്റെ വീട്ടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമി സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു ബൈക്കുകള്‍ തീവച്ച് നശിപ്പിക്കാനും ശ്രമിച്ചു. ബൈക്കുകള്‍ ഭാഗികമായി കത്തിനശിച്ചു. മയ്യില്‍, കമ്പില്‍ മേഖലയില്‍ അക്രമങ്ങളില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.

കമ്പില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം നാറാത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ കസേരയും മേശയുമടക്കമുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. ചടയന്‍ സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന യുവജന വായനശാലയും അക്രമികള്‍ തകര്‍ത്തു. വാതില്‍ തകര്‍ത്ത് അകത്തുകയറി മേശയിലുണ്ടായിരുന്ന 25,000 രൂപ കൊള്ളയടിച്ചു. പുസ്തകങ്ങളും ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. അലമാരകള്‍ അടിച്ചു തകര്‍ത്ത് പുസ്തകങ്ങള്‍ വാരി വലിച്ച് റോഡിലിട്ടു. വായനശാലയിലുണ്ടായിരുന്ന റേഡിയോ, ടെലിവിഷന്‍ എന്നിവയും നശിപ്പിച്ചു. സമീപത്തെ പുലരി ഹോട്ടലാക്രമിച്ച് ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കി. ഷട്ടര്‍ കുത്തിക്കീറുകയും ഫ്രിഡ്ജ്, മിക്‌സി, ഗ്രൈന്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പാത്രങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തു. വാഷ്‌ബേസിനും വാട്ടര്‍ ടാങ്കുമുള്‍പ്പെടെയുള്ളവ കുത്തിപ്പൊട്ടിച്ചു. ഹോട്ടലില്‍ നിന്ന് 5100 രൂപ കൊള്ളയടിച്ചതായും പറയുന്നു. അടുക്കളയ്ക്കു തീയിടുകയും ചെയ്തു. പത്തു വനിതകള്‍ ചേര്‍ന്ന് ഡിഡബ്ലുഎസ്ആര്‍ പദ്ധതി പ്രകാരം ആരംഭിച്ചാണ് ഹോട്ടല്‍.

കമ്പില്‍ ടൗണില്‍ മുല്ലക്കൊടി സഹകരണ റൂറല്‍ ബാങ്കിന്റെ കമ്പില്‍ വനിതാശാഖയ്ക്കു നേരെയും അക്രമം നടന്നു. ഇരിക്കൂര്‍ ടൗണിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവച്ചു നശിപ്പിച്ചതിനു പുറമേ വ്യാപാരിയായ രാമചന്ദ്രന്റെ പെയിന്റ് കടയ്ക്കു നേരെയും അക്രമം നടത്തി. തലശേരി നാരങ്ങാപ്പുറത്ത് ലീഗ് ഓഫീസ് ഒരു സംഘം തകര്‍ത്തു. വൈകുന്നേരം വരെ ഓഫീസിനു മുന്നില്‍ പോലീസ് കാവലുണ്ടായിരുന്നു. പോലീസ് നീങ്ങിയശേഷം വൈകുന്നേരം 6.30 ഓടെയാണ് അക്രമം നടന്നത്.

പയ്യന്നൂര്‍ ടൗണ്‍, ചപ്പാരപ്പടവ്, മങ്കര, പേരാവൂര്‍, മുണേ്ടരി, എടയന്നൂര്‍, മുഴപ്പിലങ്ങാട്, അഴീക്കോട്, പൂതപ്പാറ എന്നിവിടങ്ങളിലെ ലീഗ് ഓഫീസുകള്‍ക്കു നേരെയും അക്രമം നടന്നു. തലശേരി നാരങ്ങാപ്പുറത്തെ മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി ഓഫീസിനു നേരെ അക്രമം. ഇന്നലെ വൈകുന്നേരം നാലോടെയാണു ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തിയത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സിപിഎമ്മുകാരാണ് അക്രമത്തിനു പിന്നിലെന്നു ലീഗ് നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടര്‍ന്നു നഗരത്തില്‍ പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. അരിയില്‍ പ്രദേശങ്ങളിലും തളിപ്പറമ്പിലും തിങ്കളാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍  300 ഓളം പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു.

തിങ്കളാഴ്ച കൊലചെയ്യപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണേ്ടാടെ അരിയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹത്തെ ആയിരക്കണക്കിനു പ്രവര്‍ത്തകരും അനുഗമിച്ചു. കെ. സുധാകരന്‍ എംപി, കെ.എം. ഷാജി എംഎല്‍എ, ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.വി മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, സെക്രട്ടറി സി.കെ സുബൈര്‍, വി.കെ അബ്ദുള്‍ഖാദര്‍ മൗലവി, ബി.പി ഫാറൂഖ്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷറഫലി, അന്‍വര്‍ സാദത്ത്, അഷറഫ് ചെലവൂര്‍, കൊങ്ങായി മുസ്തഫ, സുബൈര്‍, ഇബ്രാഹിംകുട്ടി, ഹുസൈന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു