Random Posts

Saturday, February 18, 2012

ആളൊരുങ്ങി അരങ്ങൊരുങ്ങി; പിറവം മത്സരച്ചൂടിലെത്തി


രാഷ്ട്രീയ കേരളം ഏറെക്കാലമായി കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. മാര്‍ച്ച് 18ന് പിറവം ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 22 ന് വിജ്ഞാപനം പുറപ്പെടുവിക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 21നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിറവം മണ്ഡലം ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത് ഒരു പോലെ ബാധകമാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 29 ആണ്. സൂക്ഷ്മ പരിശോധന മാര്‍ച്ച് ഒന്നിന്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് മൂന്ന്.

മുന്‍മന്ത്രി ടി.എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന പിറവം സീറ്റില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായിരുന്ന കേരളാ കോണ്‍ഗ്രസിനെ(ജേക്കബ്) പ്രതിനിധീകരിച്ച് മകന്‍ അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത് ടി.എം. ജേക്കബിനെ തോല്‍പ്പിക്കുകയും ജേക്കബിനോട് തോല്‍ക്കുകയും ചെയ്ത മുന്‍ എം.എല്‍.എയായ എം.ജെ ജേക്കബിനെയാണ്. അനൂപ് ജേക്കബ് ജയിച്ചാല്‍ മന്ത്രിയാക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനം മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുമ്പോള്‍ ചിട്ടയായ കേഡര്‍ സംവിധാനത്തിന്റെ കെട്ടുറപ്പില്‍ ഉറപ്പുള്ള വോട്ടെല്ലാം പെട്ടിയില്‍ വീഴ്ത്തുന്നതിനൊപ്പം എം.ജെ ജേക്കബ് എംഎല്‍എയായിരുന്ന കാലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് നിഷ്പക്ഷ ഭൂരിപക്ഷത്തെയും അനുകൂലമാക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം.

മാസങ്ങള്‍ക്ക് മുന്‍പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രതീക്ഷിച്ച് ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്നോട്ടു പോയതിനാല്‍ സമയക്കുറവ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ തടസമായി ഉയരുന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പിനു സാധ്യത തെളിഞ്ഞതോടെ വികസ പദ്ധതികളുടെ പ്രവാഹമായിരുന്നു മണ്ഡലത്തിലുടനീളം. ദിവസം തോറും ഉത്ഘാടനങ്ങളും പ്രഖ്യാപനങ്ങളുമായി വികസനം കൊഴുത്തപ്പോള്‍ അന്തരിച്ച മന്ത്രി ടി.എം. ജേക്കബിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുകയാണെന്ന വ്യാഖ്യാനമാണ് യുഡിഎഫ് ഇതിനു നല്‍കിയത്.

രാഷ്ട്രീയ കേരളത്തിനൊപ്പം ദേശീയ രാഷ്ട്രീയവും പിറവം ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുമ്പോള്‍ വിജയം ഇരുമുന്നണികളെ സംബന്ധിച്ചും നിര്‍ണായകം തന്നെ. വലതുഭരണത്തിന്റെ വിലയിരുത്തലെന്നതിനപ്പുറം നിലനില്‍പ്പിനു ശക്തി പകരുന്ന വിജയമാണ് പിറവത്ത് യുഡിഎഫിനു വേണ്ടത്. ഇടതുമുന്നണിക്കാകട്ടെ വിജയത്തിനരികിലെത്തി കൈവിട്ടു പോയ ഒരു സീറ്റ് തിരികെ പിടിക്കുന്നതിനൊപ്പം യുഡിഎഫിന് അഗ്നിപരീക്ഷയുടെ നാളുകള്‍ സമ്മാനിക്കാനും പിറവത്ത് വിജയിച്ചേ തീരൂ. ഇരുമുന്നണികളും മുന്‍നിര നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വളരെ നേരത്തെ തന്നെ നടത്തിയിരുന്നു. യുഡിഎഫിലെ കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പിറവത്തെത്തി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത്.

പാര്‍ട്ടിസമ്മേളനങ്ങളുടെ പേരില്‍ ഇടതുമുന്നണിയുടെ പ്രത്യേകിച്ച് സിപിഎം നേതാക്കളുടെ എണ്ണയിട്ട പോലുള്ള പ്രവര്‍ത്തനം ഇതു വരെ മണ്ഡലത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രായത്തെ തോല്‍പ്പിക്കുന്ന ചുറുചുറുക്കുമായി മണ്ഡലം പലവട്ടം വലം വച്ചുകഴിഞ്ഞു ഇടതു സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മണ്ഡലത്തിലുടനീളമുള്ള മരണവീടുകളിലും വിവാഹപന്തലുകളിലും സജീവ സാന്നിധ്യമായിരുന്നു ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും. പള്ളിപ്പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും തുടങ്ങി നാലാളുകൂടുന്നിടത്തൊക്കെ കൂപ്പുകൈകളുമായി സ്ഥാനാര്‍ത്ഥികളെത്തി. യുവത്വത്തിന്റെ ചുറുചുറുക്കുമായി പിതാവ് തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും അനുവദിച്ച് വിജയം നല്‍കി അനുഗ്രഹിക്കണമെന്ന് അനൂപ് ജേക്കബ് അഭ്യര്‍ത്ഥിക്കുമ്പോള്‍ അറുപതിലും കൈവിടാത്ത ആത്മവിശ്വാസത്തോടെ തനിക്ക് കിട്ടിയ ചുരുങ്ങിയ കാലം കൊണ്ട് പിറവത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിഞ്ഞ  ചൂണ്ടിക്കാട്ടി വീണ്ടും ഒരവസരം കൂടി ചോദിക്കുകയാണ് എം.ജെ ജേക്കബ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 157 വോട്ടിനാണ് എം.ജെക്ക് ടി.എം. ജേക്കബിനോട് അടിയറവു പറയേണ്ടി വന്നത്. സിപിഎമ്മിന്റെ പാര്‍ട്ടി മെഷീനറിയുടെ പോരായ്മയാണ് ഈ പരാജയകാരണമെന്ന് സിപിഐയും ഇടതു അനുകൂലികളും ആരോപിക്കുമ്പോള്‍ എന്തു വിലകൊടുത്തും പിറവം സീറ്റ് സിപിഎമ്മിനു പിടിച്ചെടുത്തേ മതിയാവൂ. പാര്‍ട്ടി സംസ്ഥാന സമ്മേളനം കഴിഞ്ഞ സാഹചര്യത്തില്‍ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനായി സിപിഎം പിറവത്ത് കളത്തിലിറങ്ങാനാണ് സാധ്യത. കൂട്ടിയും കുറച്ചും പോരുമുറുകുമ്പോള്‍ സഹതാപ വോട്ടെന്ന ഒരു ഘടകം കൂടി അനുകൂലമായുണ്ടെന്നാണ് യുഡിഎഫ് വിശ്വാസം. എന്നാല്‍ പിറവം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ആ പൂതി മനസിലിരിക്കത്തേയുള്ളൂവെന്ന് ഇടതുമുന്നണി നേതാക്കള്‍ പറയുന്നു. ഉപതെരഞ്ഞെടുപ്പ് അനന്തമായി നീണ്ടതു കൊണ്ട് സഹതാപതരംഗമെന്ന ഘടകം തെരഞ്ഞെടുപ്പ് ചൂടില്‍ അപ്രത്യക്ഷമാകുമെന്നാണ് നിഷ്പക്ഷ നിരീക്ഷകരുടെ പക്ഷം.

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു മുന്നോട്ട് പോയിട്ട് മാസങ്ങളേറെയായെങ്കിലും ബിജെപിക്ക് ഇതുവരെ കൊള്ളാവുന്ന ഒരു സ്ഥാനാര്‍ത്ഥി ഒത്തുവന്നിട്ടില്ല. നേതൃത്വത്തിന്റെ പരാജയമായാണ് അണികള്‍ ഇതിനെ കാണുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം