പിറവം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ഭാഗമായി നടന്ന ഏഷ്യാനെറ്റിന്റെ പോര്‍ക്കളം പരിപാടിക്കിടെ ഇടതുപക്ഷ- വലതുമുന്നണി അനുഭാവികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ വക കസേര കൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോഷി ജോണിന്റെ തലപൊളിഞ്ഞു. താടിയെല്ലിനു സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ചോരവാര്‍ന്നൊഴുകുന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ പിറവം പാലത്തിനു സമീപമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിലായിരുന്നു സംഭവം. ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും സന്നിഹിതരായിരുന്ന പരിപാടിയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റ് പി.ജെ തോമസും പങ്കെടുത്തിരുന്നു. പരിപാടിയുടെ തുടക്കം മുതല്‍ തന്നെ ഉദ്ദേഗ്വജനകമായിരുന്നു കാര്യങ്ങള്‍. വീറും വാശിയും പുലര്‍ത്തി ഇരുപക്ഷവും ശബ്ദമുയര്‍ത്തി ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കിയതോടെ പലപ്രാവശ്യവും ചര്‍ച്ച വഴിമുട്ടി. അമിതാവേശത്തിലായിരുന്ന അണികളെ സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇടപെട്ടാണ് പലപ്പോഴും പിന്തിരിപ്പിച്ചത്.
പിറവത്തിന്റെ വികസനവിഷയത്തില്‍ മുന്‍മന്ത്രി ടി.എം. ജേക്കബും മുന്‍ എം.എല്‍.എ എം.ജെ. ജേക്കബും നല്‍കിയ സംഭാവനകളെ സംബന്ധിച്ച ചോദ്യങ്ങളും അതിനു വന്ന ഉത്തരങ്ങളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടക്കമിട്ടതെന്നറിയുന്നു. ചര്‍ച്ചയില്‍ കാഴ്ചക്കാരും ശ്രോതാക്കളുമായി പങ്കെടുത്ത അണികളില്‍ ഭൂരിപക്ഷവും മദ്യപിച്ചിട്ടാണ് വന്നതെന്നും അതിന്റെ പരിണിതഫലമാണ് വികാരം മൂത്തുള്ള ഏറ്റുമുട്ടലെന്നും ആരോപണമുണ്ട്. കസേര ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസുകാരനെ ഡിവൈഎഫ്‌ഐ നേതാവ് മര്‍ദ്ദിച്ചതോടെ രംഗം കൂടുതല്‍ സംഘര്‍ഷഭരിതമായി. ഇരുമുന്നണിയുടെയും പ്രവര്‍ത്തകര്‍ വിഷയം ഏറ്റുപിടിച്ച് നേരിട്ട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയെങ്കിലും സ്ഥാനാര്‍ത്ഥികളുടെയും അവതാരകന്റെയും സ്‌നേഹപൂര്‍ണ്ണമായ ശാസനയെ തുടര്‍ന്നാണ് തത്ക്കാലത്തേക്കെങ്കിലും പ്രശ്‌നം പരിഹരിച്ച് പരിപാടി തുടരാനായത്. ലൈവായി സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി ബഹളത്തെ തുടര്‍ന്ന് പലതവണ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിച്ച പരിപാടിക്കിടെയിലും മദ്യപന്മാരായ പാര്‍ട്ടി അണികള്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. മദ്യം നല്‍കുന്ന ധൈര്യത്തില്‍ സ്ഥാനാര്‍ത്ഥികളോട് ചോദ്യമുന്നയിച്ച പലരും പറയുന്നത് ആര്‍ക്കും വ്യക്തമാകാത്ത ഭാഷയിലായിരുന്നു. നാവ് കുഴഞ്ഞു സംസാരിച്ച ഇവരോട് ഒരു ഘട്ടത്തില്‍ അവതാരകനായ നികേഷ് കുമാറിന് തന്നെ ലോകമെമ്പാടും കാണുന്ന ഒരു പരിപാടിയാണ് ഇതെന്ന് ഓര്‍മിപ്പിക്കേണ്ടി വന്നു. പോര്‍ക്കളം പരിപാടിക്കിടെ ഇത്തരത്തില്‍ ഒരു ആക്രമണം നടന്നതിനെ ഇരു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ അപലപിച്ചു. പരിപാടി തീരുന്നതിനു മുന്നോടിയായി ഇരുവരും ഊഷ്മളമായി ആലിംഗനം ചെയ്തു കൊണ്ട് ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു.
പിറവത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണിത്. കേരളത്തിലെ ഇരുമുന്നണികളെയും സംബന്ധിച്ച് പ്രസ്റ്റീജ് പോരാട്ടം. അതു കൊണ്ട് തന്നെ പിറവത്തിനു കൈവന്നിരിക്കുന്ന ആഗോള മാധ്യമശ്രദ്ധ കണ്ട് അമ്പരന്നു പോകുകയാണ് തദ്ദേശവാസികള്‍. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള പത്തോളം ചാനലുകളാണ് പിറവത്ത് താത്ക്കാലിക ബ്യൂറോ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഏതാനും ചാനലുകള്‍ക്ക് ഇനിയും ഉചിതമായ ഓഫീസോ താമസസൗകര്യമോ ലഭിക്കാതെ നെട്ടോട്ടത്തിലും. ഒബി വാനും ഒന്നിലേറെ ക്യാമറകള്‍ക്കും ഒപ്പം മൈക്കും പിടിച്ച് റിപ്പോര്‍ട്ടര്‍മാര്‍ തെരുവിലിറങ്ങിയതോടെ പിറവത്തെ ഓരോ വോട്ടറും സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു.
ഈ അവസരം ശരിക്കും ആഘോഷിക്കാനാഗ്രഹിക്കുന്നവര്‍ ഒരല്‍പം ധൈര്യത്തിനായി മോന്തുന്ന അന്തിക്കള്ളാണ് പോര്‍ക്കളങ്ങളിലെ പോരിനുള്ള ഇന്ധനം. ഇതറിയാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചോദ്യശരങ്ങളുമായി സ്വന്തം സ്ഥാനാര്‍ത്ഥികളെ അവതാരകര്‍ നിറുത്തിപ്പൊരിക്കുമ്പോള്‍ അണികള്‍ക്കു ചോര തിളയ്ക്കുക സ്വാഭാവികം. അത്തരത്തിലൊരു തിളപ്പായിരുന്നു ഏഷ്യാനെറ്റിന്റെ പോര്‍ക്കളത്തിലും അരങ്ങേറിയത്






