Random Posts

Wednesday, February 22, 2012

മുറിച്ചു മാറ്റിയ മുടിയും നഖവും ബോഡി വെയ്‌സ്റ്റാണ്: പിണറായി വിജയന്‍


തിരുകേശവിവാദവുമായി ബന്ധപ്പെട്ട് പിണറായിയുടെ പരാമര്‍ശം വീണ്ടും. പ്രവാചകന്റെ മുടിയല്ല, വാക്കുകളാണ് പ്രധാനമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുറിച്ചു മാറ്റിയ മുടിയും നഖവും ബോഡി വെയ്‌സ്റ്റ്‌ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെ കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. വര്‍ഗീയതയുടെ കാര്യം പറഞ്ഞാല്‍ മുട്ടുവിറയ്ക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും പിണറായി കൊച്ചിയില്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണത്തിന് തയ്യാറായത്.

വടകരയില്‍ നടന്ന സെമിനാറില്‍ ' മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് നമ്മുക്കറിയാം. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം' എന്നു പറഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. രാഷ്ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇതിന് മറുപടിയായും പറഞ്ഞിരുന്നു.

അതേസമയം, തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ കേരളത്തില്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായാലും ഭരണപക്ഷ നേതാവായാലും മതകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മറുപടി നല്‍കി.