Random Posts

Monday, February 6, 2012

ബംഗാളില്‍ നടുവൊടിഞ്ഞ് സി.പി.എം; ബ്രാഞ്ച് കമ്മറ്റികളില്ലാതെ സംസ്ഥാന സമ്മേളനത്തിനൊരുങ്ങുന്നു

സി.പി.എം ഇത്ര ദയനീയമായ നിലയില്‍ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സ്‌ നടത്താന്‍ പോകുന്നത് ഇന്ത്യയിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. ബംഗാളിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ട് ദേശീയ രാഷ്ട്രീയത്തില്‍ കനപ്പെട്ട ഒരു അഭിപ്രായ പ്രകടനം പോലും നടത്താന്‍ ശേഷിയില്ലാതെ നില്‍ക്കുന്ന നേതൃത്വവുമായി മുന്നോട്ട് നീങ്ങുമ്പോള്‍ നഷ്ടപ്പെട്ടു പോയ കമ്മ്യൂണിസ്റ്റ് വീര്യം എങ്ങേനെ വീണ്ടെടുക്കുമെന്ന അന്വേഷണത്തിലാണ് പാര്‍ട്ടി നേതൃത്വം.

കേരളത്തില്‍ സി.പി.എം വളരെ പ്രതീക്ഷകളോടെയാണ് മുന്നോട്ട് പോയിരുന്നത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും അതുവഴി യു.ഡി.എഫില്‍ ഉണ്ടാകുന്നെ അസ്വസ്ഥത മുതലെടുത്ത് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് ഭരണം കൈയ്യാളാമെന്നുമുള്ള അമിത പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി നേതൃത്വം. വി.എസിനെതിരേ അന്വേഷണം വന്നതുകൊണ്ട് ഭരണം പിടിച്ചാല്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കേണ്ടതില്ലെന്നും ഔദ്യോഗികപക്ഷം മനക്കോട്ട കെട്ടി. എന്നാല്‍ ചക്കിനു വച്ചതുകൊക്കിനുകൊണ്ടു എന്ന രീതിയില്‍ അന്ത്യത്താഴം ഫ്ലക്സ് ബോര്‍ഡ് വിവാദം പാര്‍ട്ടിയെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് വിഭാഗത്തെ അടര്‍ത്തിയെടുക്കുന്നത് ബുദ്ധിമുട്ടായേക്കും.

കേരളത്തില്‍ പാര്‍ട്ടിയ്ക്ക് രാഷ്ട്രീയപരമായി ഇന്നും ശക്തമായ അടിത്തറയാണുള്ളത്. എന്നാല്‍ അടിത്തറ ഇളകി ദിശാബോധം നഷ്ടമായ ഒരു പാര്‍ട്ടിയെയാണ് ബംഗാളില്‍ കാണാന്‍ കഴിയുന്നത്. ഒരാഴ്ചയുടെ ഇടവേളയില്‍ ഇരുസംസ്ഥാനങ്ങളിലെയും സമ്മേളനങ്ങള്‍- ഫിബ്രവരി ഏഴുമുതല്‍ 10 വരെ കേരളത്തിലും 15 മുതല്‍ 18 വരെ ബംഗാളിലും- നടക്കുമ്പോള്‍ അധികാരം നഷ്ടമായ രണ്ട് സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ കരുത്തോടെയാണ് പാര്‍ട്ടി നില്‍ക്കുന്നത്.

പാര്‍ട്ടി പ്രതിപക്ഷത്തിരുന്ന് പ്രവര്‍ത്തിച്ച്‌ പരിചയം ഇല്ലാത്ത സഖാക്കളെ വച്ച് എങ്ങനെ മുന്നോട്ട് പോകും ബംഗാളിലെ എന്നതാണ് പാര്‍ട്ടിനേതൃത്വം നേരിടുന്ന പ്രധാനപ്രശ്‌നം. പാര്‍ട്ടിയുടെ ഏറ്റവും താഴേ തട്ടിലായുള്ള ബ്രാഞ്ച് കമ്മറ്റികള്‍ ഇത്തവണ തെരഞ്ഞെടുത്തിട്ടില്ല. കാരണം സംസ്ഥാനത്ത് ഇത്തവണ ബ്രാഞ്ച് സമ്മേളനങ്ങള്‍ വേണ്ടെന്ന്‌ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ലോക്കല്‍, ഏരിയാ സമ്മേളനങ്ങള്‍പോലും പല ജില്ലകളിലും നടത്താനായിട്ടില്ല. നോര്‍ത്ത് - സൗത്ത് 24- പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, ബര്‍ദ്വാന്‍, നദിയ, ഈസ്റ്റ്-വെസ്റ്റ് മിഡ്‌നാപൂര്‍, പുരുലിയ, ബാംഗൂര എന്നീ ജില്ലകളില്‍ പാര്‍ട്ടി നാമാവശേഷമായ അവസ്ഥയിലാണ്. ഈ ജില്ലകളില്‍ മാത്രം 800ഓളും പാര്‍ട്ടി ഓഫീസുകള്‍ അടച്ചു പൂട്ടാന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി. അടച്ചുപൂട്ടുക എന്നു പറഞ്ഞാല്‍ പലതും തൃണമൂല്‍ പ്രവര്‍ത്തകര്‍ കൈയ്യടക്കുകയായിരുന്നു.

പാര്‍ട്ടി ഭരണകാലത്ത് ഉഗ്രപ്രതാപികളായി നടന്നിരുന്ന നേതാക്കളില്‍ പലരും ജയിലിലോ, അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവിലോ ആണ്. നൂറുകണക്കിന് പ്രാദേശികനേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തെ ഭയന്ന് നാടും വീടും വിട്ടോടിയിരിക്കുകയാണ്. ബ്രാഞ്ച് കമ്മറ്റി എന്നു പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് താഴെ തട്ടില്‍ പ്രകടനം നടത്താന്‍ പോലും പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഇത്തവണ പാര്‍ട്ടി ബംഗാളില്‍ നടത്തിയിരിക്കുന്നത് തട്ടിക്കൂട്ട് സമ്മേളനങ്ങളാണ്. പാച്ച്-അപ് കമ്മറ്റികളാണ് നിലവില്‍ വന്നിരിക്കുന്നതും. 2.68 ലക്ഷം പാര്‍ട്ടി അംഗങ്ങളുള്ള സംസ്ഥാനമായിരുന്നു ബംഗാള്‍. 28,854 ബ്രാഞ്ച് കമ്മറ്റികളും 2,005 ലോക്കല്‍ കമ്മറ്റികളും 336 ഏരിയാകമ്മറ്റികളും സമാന്തര ഭരണകൂടങ്ങളായി തന്നെ പ്രവര്‍ത്തിച്ചിരുന്ന 19 ജില്ലാ കമ്മറ്റികളും ഉണ്ടായിരുന്ന ഒരു സംസ്ഥാനത്താണ് പാര്‍ട്ടി ഇത്രയും ഗതികെട്ട ഒരവസ്ഥയില്‍ നില്‍ക്കുന്നത്. സ്വന്തം നാട്ടില്‍ പിടിച്ചു നില്‍ക്കണം എന്നാഗ്രഹികുന്ന പല സി.പി.എം പാര്‍ട്ടി അംഗങ്ങളും ഇതിനോടകം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കഴിഞ്ഞു.

ബംഗാളില്‍ നേരിടുന്ന പ്രതിസന്ധിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് ഇന്നും കാര്യമായ നിശ്ചയമില്ല. തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നു പറഞ്ഞ് ജനങ്ങളുടെ മുമ്പാകെ ഏറ്റുപറയുകയാണ് ഇപ്പോള്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ 23-ാമത് സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി പൊതുജനങ്ങളെ ഉദ്ദേശിച്ച് പുറത്തിറക്കിയ വിശദമായ കത്തിലാണ് തെറ്റ് സമ്മതിക്കുന്നത്. കഴിഞ്ഞ 34 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ ജനങ്ങള്‍ക്കായി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ദീര്‍ഘകാലം പിന്തുണച്ചവരെല്ലാം മറുചേരിയില്‍ പോയി എന്ന കാര്യം സംസ്ഥാനസമ്മേളനം കാര്യമായി പരിശോധിക്കും. തങ്ങള്‍ക്കു പറ്റിയ തെറ്റുകളും വീഴ്ചകളും തിരുത്താന്‍ ജനങ്ങളുടെകൂടി സഹകരണം വേണമെന്നും കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു. എന്താണ് തങ്ങള്‍ക്കു പറ്റിയ തെറ്റെന്ന് തിരഞ്ഞെടുപ്പുഫലം വന്ന് എട്ടുമാസം പിന്നിട്ടിട്ടും ഇതുവരെയും നേതൃത്വത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം പറ്റിയ തെറ്റെന്തെന്നു ഇനിയും അവര്‍ വിശദീകരിക്കുന്നില്ല. ബംഗാളിലെ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ക്കായുള്ള മത്സരം കാര്യമായിട്ടില്ലെന്നാണ് അറിയുന്നത്. കാരണം പാര്‍ട്ടിയെ എങ്ങനെ മത്സര ശേഷിയുള്ള ഒരു രാഷ്ട്രീയ സംഘടനയഅയി സംസ്ഥാനത്ത് തിരിച്ചുകൊണ്ടുവരും എന്നറിയാതെ നേതാക്കന്മാരെല്ലാം ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ്. നിലവിലുള്ള നേതൃത്വം വച്ച് പാര്‍ട്ടിയ്ക്ക് അധികാരത്തില്‍ തിരിച്ചുവരാം എന്നൊരു പ്രതീക്ഷ സി.പി.എമ്മുകാര്‍ക്ക് പോലുമില്ല.

ഇതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട മുന്‍മന്ത്രിയും എം.എല്‍.എ.യുമായ സുശാന്തോ ഘോഷിന് സുപ്രീംകോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത് പാര്‍ട്ടിക്ക് ആശ്വാസമായി. മാസത്തിലൊരിക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നതുള്‍പ്പെടെ കടുത്ത വ്യവസ്ഥകളോടെയാണ് ജാമ്യം നല്‍കിയത്. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഫിബ്രവരി 19ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സുശാന്തോ ഘോഷിനെ പങ്കെടുപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പോരാട്ടത്തിലെ ആദ്യ വിജയമാണിതെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. പതിറ്റാണ്ടുകള്‍ അടക്കി ഭരിച്ച ബംഗാളില്‍ ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു വിജയം അവകാശപ്പെടണമെങ്കില്‍ കോടതി ഉത്തരവ് ലഭിക്കണം