നഴ്‌സുമാര്‍ നടത്തി വന്ന സമരം ഫലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പ്രയോജനകരമാവുകയാണ്. നഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം ലഭ്യമാക്കണം എന്നതായിരുന്നു സമരത്തിലെ പ്രധാന ആവശ്യമെങ്കിലും അത് ലഭ്യമാക്കും എന്ന് ഉറപ്പ് വരുത്തുന്നതിനായി മന്ത്രി മുന്‍കൈയെടുത്ത് ബാങ്ക്മുഖേന ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന ഉത്തരവ് ഇറക്കുകയായിരുന്നു. ഈ ഉത്തരവാണ് സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അനുഗ്രഹമായി മാറിയിരിക്കുന്നത്.
1936-ലെ പേയ്‌മെന്റ് ഓഫ് വേജസ് ആക്ട് പ്രകാരം ശമ്പളം നേരിട്ട് പണമായോ അല്ലെങ്കില്‍ ബാങ്ക് മുഖേനയോ നല്‍കാം. ഈ നിയമം ദുരുപയോഗം ചെയ്താണ് കണക്കില്‍ കൃത്രിമം കാട്ടി സ്വകാര്യ തൊഴില്‍ മേഖലയില്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നത്.
മിനിമം ശമ്പളത്തിനായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം ബാധകമാവുമെന്നത് വലിയൊരു ചുവടുവയ്പ് തന്നെയാണ്. സ്വകാര്യ മേഖലയില്‍ നടന്നുവന്നിരുന്ന കാലാകാലങ്ങളായുള്ള ചൂഷണം അവസാനിപ്പിക്കുവാന്‍ ഉതകുന്ന ഉത്തരവാണിത്. കേരളത്തില്‍ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളെല്ലാം ഇനി മുതല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ബാങ്ക് മുഖേന നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും അഭിനന്ദനാര്‍ഹമായ കാര്യങ്ങളിലൊന്നാണ്.
തൊഴില്‍ വകുപ്പ് ഇറക്കിയ ഉത്തരവ് അനുസരിച്ച്, 'കേരളത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഈ ഉത്തരവ് പ്രകാരം ഇനി മുതല്‍ ബാങ്ക് ചെക്ക് ആയി അഥവാ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കണം. ശമ്പളം നല്‍കി വരുന്നതില്‍ ഇപ്പോള്‍ നടന്നു വരുന്ന ക്രമക്കേടുകള്‍ തടയാന്‍ ഉദ്ദേശിച്ചാണ് ഈ ഉത്തരവ്'.
ശമ്പളം കുറവു കൊടുത്ത ശേഷം കൂടുതല്‍ തുക അക്കൗണ്ടില്‍ കാണിച്ചുള്ള സാമ്പത്തിക തട്ടിപ്പ് സ്വകാര്യ മേഖലയില്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികള്‍ അതിലൊന്നുമാത്രമാണെന്നും തൊഴില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. സംസ്ഥാനത്ത് പല സ്വകാര്യ വിദ്യാഭ്യാസ സ്ഥപനങ്ങളിലും സ്വാശ്രയ പ്രഫഷനല്‍ സ്ഥാപനങ്ങളിലും വലിയ തോതില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതായി തൊഴില്‍ വകുപ്പ് കണ്ടെത്തിയിരുന്നു






