Random Posts

Monday, February 6, 2012

കിടക്കുന്നതിന്റെ സമീപത്തു ലാപ്‌ടോപ് വയ്ക്കരുത്: കൊല്‍ക്കത്തയില്‍ തീപിടിച്ച് 30കാരന്‍ മരിച്ചു

കോല്‍ക്കത്ത: ലാപ്‌ടോപ് തീപിടിച്ച് കത്തി 30കാരനായ ബാച്ചിലര്‍ ശ്വാസം മുട്ടി മരിച്ചു. കോല്‍ക്കത്തയിലെ ഹരിദേവ്പൂരിലാണ് സംഭവം. സപ്തര്‍ഷി സര്‍ക്കാറെന്ന പ്രൈവറ്റ് കമ്പനി എംപ്ലോയിയുടെ ശരീരം ഇന്നലെ രാവിലെ 11 മണിയോടെ റൂമില്‍ കെണപ്പെടുകയായിരുന്നു. അടച്ചിട്ട മുറിയില്‍ നിറയെ പുകയായിരുന്നു. ഓക്‌സിജന്‍ കിട്ടാത്തത് മൂലമാണ് സപ്തര്‍ഷിയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം.

സപ്തര്‍ഷിയുടെ ബെഡ്ഡിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ഒരു ലാപ്‌ടോപ്പും കണ്ടെടുത്തു. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ വലിച്ചു തള്ളിയ സിഗററ്റില്‍ നിന്ന് ക്രമേണ ലാപ്‌ടോപ്പിന് തീപിടിച്ചുവെന്നാണ് കരുതപ്പെടുന്നതെന്ന് പോലീസ്. സപ്തര്‍ഷിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാനാകൂ. സിഗററ്റ് വലിച്ച് കിടന്ന് സപ്തര്‍ഷി ഉറങ്ങിപ്പോയതും അതില്‍ നിന്നുള്ള തീ പടര്‍ന്ന് ലാപ്‌ടോപ്പ് കത്തിയതാകാനുമാണ് സാധ്യത.

ജനാലകള്‍ അടച്ചിട്ടിരുന്നതിനാല്‍ പുക മൂലം ഓക്‌സിജന്‍ ലഭിക്കാതെ വന്ന് മരിക്കുകയായിരുന്നുവെന്നും കരുതുന്നു. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇതേ നഗരത്തില്‍ സയന്‍ ചൗധരിയെന്ന യുവാവും ഇതേ അവസ്ഥയില്‍ കൊല്ലപ്പെട്ടിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ ലാപ്‌ടോപ്പ് ചൗധരിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തിരുന്നു. പ്രൈസ് വാട്ടേര്‍ഹൗസ് കൂപ്പേഴ്‌സില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു ചൗധരി.

ലാപ്‌ടോപ് ചാര്‍ജ് ചെയ്യാന്‍ കുത്തിവച്ച നിലയിലായിരുന്നു. ലാപ്‌ടോപ്പില്‍ നിന്നുള്ള ഹെഡ്‌സെറ്റ് ചൗധരിയുടെ ചെവിയില്‍ കുത്തിയ നിലയിലും. ഉറങ്ങുന്നതിനായി കിടക്കുമ്പോള്‍ ബെഡില്‍ വച്ച് ലാപ്‌ടോപ്പ് ഉപയോഗിച്ച് അറിയാതെ ഉറങ്ങിപ്പോകുന്നത് മരണത്തിന് വരെ കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബെഡ്‌റൂമില്‍ വായുസഞ്ചാരമുണ്ടാകണം.

ലാപ്‌ടോപ്പ് എത്രമാത്രം ചൂട് സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടാനാകില്ല. നിരപ്പായ കഠിനമായ പ്രതലത്തില്‍ മാത്രമേ ലാപ്‌ടോപ്പ് വയ്ക്കാവൂ. നേരത്തേ റൊമാനിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചാര്‍ജ് ചെയ്യാന്‍ കുത്തിവച്ച ലാപ്‌ടോപ്പിന് പ്രശ്‌നമുണ്ടായി മരണം സംഭവിക്കുകയായിരുന്നു