Random Posts

Thursday, February 2, 2012

അന്തിമ റിപ്പോര്‍ട്ടിലും കടുത്ത വിമര്‍ശനം; വി.എസ് ഒറ്റപ്പെടുന്നു

ഈയാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അന്തിമരൂപത്തിലും വിഎസ് അച്യുതാനന്ദനെതിരെയുള്ള വിമര്‍ശനത്തില്‍ ഒട്ടും മയമില്ല.
സംഘടനാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സമിതി ഇന്നലെ തുടങ്ങി. കഴിഞ്ഞയാഴ്ച ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണു റിപ്പോര്‍ട്ട് അംഗീകരിച്ചത്. അതുകൊണ്ടു തന്നെ സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ടില്‍ കാതലായ മാറ്റങ്ങളുണ്ടാകില്ല. ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ ഭാഗങ്ങളില്‍ ഭേദഗതികളോ തിരുത്തലുകളോ ഉണ്ടായേക്കുമെന്നുമാത്രം. ഇന്നും തുടരുന്ന സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നേതാക്കളാരും പങ്കെടുക്കുന്നില്ല. ഏഴിന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സംസ്ഥാന സമിതി അംഗീകരിക്കേണ്ടതുണ്ട്. ഇന്നലെ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

കരടു റിപ്പോര്‍ട്ടിലെന്നതുപോലെ, പ്രതിപക്ഷനേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ അച്യുതാനന്ദനെതിരെയുള്ള രൂക്ഷവിമര്‍ശനങ്ങള്‍ക്കാണ് മുന്‍തൂക്കം. പാര്‍ട്ടിക്ക് വിരുദ്ധനെന്നതുപോലെ വിഎസ് പ്രവര്‍ത്തിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അന്തിമറിപ്പോര്‍ട്ടിലുമുള്ളതത്രെ. പാര്‍ട്ടിക്കു തിരിച്ചടിയുണ്ടാക്കുന്ന പ്രസ്താവനകള്‍ അച്യുതാനന്ദനില്‍ നിന്നുമുണ്ടായി. പാര്‍ട്ടി നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും നടത്തി. ഭരണം കാര്യക്ഷമമായില്ലെന്നു മാത്രമല്ല മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം സംരക്ഷിക്കുന്നതിലും വീഴ്ച വരുത്തി. മനഃസാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യണമെന്ന അച്യുതാനന്ദന്റെ ആഹ്വാനം, ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്ന ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ അച്യുതാനന്ദന്റെ അപഹാസ്യമായ ചിരി എന്നിവയെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ലാവ്‌ലിന്‍-ലോട്ടറി വിവാദങ്ങളില്‍ അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാട് കേന്ദ്രകമ്മിറ്റി സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നുവെന്നും ഇത് ആശയക്കുഴപ്പത്തിനു കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത വളര്‍ത്തുന്നതാണ്.

ജില്ലാ സമ്മേളനങ്ങളില്‍ തന്നെ വിഎസ് പക്ഷത്തിന്റെ ചിറകരിഞ്ഞുവീഴ്ത്തിയ ഔദ്യോഗിക പക്ഷത്തിന് റിപ്പോര്‍ട്ടില്‍ വിഎസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കൂടുതല്‍ ബലം പകരും. പാര്‍ട്ടി സമ്മേളനത്തിന് കൊടിയുയരുമ്പോള്‍ പിണറായി പക്ഷത്തിന് വെല്ലുവിളിയൊന്നുമില്ലെന്ന് ചുരുക്കം. ആകെക്കൂടി എറണാകുളം ജില്ല നിലനിര്‍ത്താനായത് മാത്രമാണ് വിഎസ് പക്ഷത്തിന് ആശ്വാസം. ചുരുക്കത്തില്‍ പാര്‍ട്ടി സമ്മേളനത്തില്‍ വിഎസ് ഒറ്റപ്പെടുമെന്നുറപ്പാണ്. വിഎസ് പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങള്‍ ഓരോന്നായി നിലം പൊത്തുന്നതാണ് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനങ്ങളില്‍ കണ്ടത്. കൊല്ലവും പത്തനംതിട്ടയും വിഎസ് പക്ഷത്ത് ഏറെ നാളായി ഉറച്ചുനിന്ന ജില്ലകളാണ്. ഇത് രണ്ടും പിണറായി പക്ഷത്തേക്ക് മറിഞ്ഞു. രണ്ട് ജില്ലയിലും മത്സരം നടന്നുവെന്നതും ശ്രദ്ധേയമാണ്.