ക്രമക്കേടിന്റെ പേരില്‍ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൊച്ചിന്‍ ബിനാലെയില്‍ മുന്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു.
ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് ബേബി വിദേശയാത്ര നടത്തിയത്. ബിനാലെക്ക് വേണ്ടിയുള്ള പ്രചരണ പരിപാടികളിലും ബേബി പങ്കെടുത്തു. ബിനാലെ ഫൗണ്ടേഷന്‍ സര്‍ക്കാരിന് നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയില്‍ രാജ്യാന്തര ചിത്രപ്രദര്‍ശനത്തിന് 73 കോടി രൂപ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് കൊച്ചിന്‍ ബിനാലെ വിവാദമായത്. ഇടതുസര്‍ക്കാര്‍ ബിനാലെ ഫൗണ്ടേഷന് അഞ്ചുകോടി രൂപ അനുവദിച്ചത് അന്നത്തെ സംസ്‌കാരിക മന്ത്രിയായ ബേബി ഇടപെട്ടാണെന്ന് തുടക്കത്തില്‍ തന്നെ കേരളത്തിലെ കലാകാരന്മാര്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവം വിവാദമായതോടെ ഇതിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ ബിനാലെ ഫൗണ്ടേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കണക്കിനൊപ്പം നല്‍കിയ റിപ്പോര്‍ട്ടില്‍ ബിനാലെയുടെ വിദേശ പ്രചരണ പരിപാടികളെക്കുറിച്ചും സംഘാടകരുടെ വിദേശ സന്ദര്‍ശനങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
2011 മെയ് 31 മുതല്‍ ജൂണ്‍ ആറ് വരെ വെനീസില്‍ ബിനാലെ നടന്നു. ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറിറിയാസ് കോമു എന്നിവര്‍ ഒരാഴ്ച അവിടെ ഉണ്ടായിരുന്നു. കൊച്ചി ബിനാലെയില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ളവരെയും കലാകാരന്‍മാരെയും കാണുകയായിരുന്നു ലക്ഷ്യം. സംഘത്തില്‍ എം.എ ബേബിയും ഉണ്ടായിരുന്നു. ബിനാലെയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത ബേബി എന്തിനാണ് വെനീസിലെത്തിയതെന്നതിന് വിശദീകരണമില്ല. മൂന്ന് ദിവസം വെനീസില്‍ ഉണ്ടായിരുന്ന ബേബി,ബിനാലെയില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊത്തത്തില്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ബിനാലെ ഫൗണ്ടേഷന്‍ തന്നെ സര്‍ക്കാരിന് നല്‍കിയ രേഖയില്‍ പറയുന്നു. അവിടെ നിന്ന് ഫൗണ്ടേഷന്‍ സെക്രട്ടറിയായ റിയാസ് കോമുവും ബബിയും പാരീസിലേക്ക് പറന്നു. ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ പാരീസില്‍ നടന്ന ഇന്ത്യന്‍ സ്പ്രിങ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. അവിടെ നിന്ന് പോയത് സ്‌പെയിനിലെ മാഡ്രിഡിലേക്ക്.
അവിടെ വിവിധ മ്യൂസിയങ്ങള്‍ എംഎ ബേബിയും റിയാസ് കോമുവും സന്ദര്‍ശിച്ചു. കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷനെ വഴിവിട്ട് സഹായിച്ച് അഞ്ചുകോടി രൂപ അനുവദിച്ച മന്ത്രി എന്ന ആരോപണം നേരിടുന്ന വ്യക്തി മന്ത്രിയല്ലാതായതിന് ശേഷം ഫൗണ്ടേഷന്‍ ഭാരവാഹികളോടൊപ്പം എന്തിന് വിദേശയാത്രകള്‍ നടത്തിയതില്‍ ദുരൂഹതയുണ്ട്. അതേസമയം ബിനാലെയുമായി നേരിട്ട് ബന്ധമില്ലാത്ത എംഎ ബേബിയുടെ യാത്രാ ചെലവ് വഹിച്ചതാരാണെന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരണം നല്‍കേണ്ടിവരും.
അതേസമയം പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗമായ എംഎ ബേബി ബിനാലെ ഭാരവാഹികള്‍ക്കൊപ്പം വിദേശ യാത്ര നടത്തിയ സംഭവത്തില്‍ സിപിഎമ്മിനുള്ളിലും ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു രാജ്യാന്തര ചിത്രപ്രദര്‍ശനത്തിന് കേരളത്തില്‍ 73 കോടി രൂപ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടിവരുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. ക്രമക്കേടുണ്ടെന്ന് ആരോപണം ഉയര്‍ന്ന ഒരു പരിപാടിയില്‍ മുഖ്യ നടത്തിപ്പുകാരന്റെ റോളില്‍ കേന്ദ്ര കമ്മിറ്റിയംഗം പ്രവര്‍ത്തിക്കുന്നതിന് പാര്‍ട്ടിക്ക് വിശദീകരണം നല്‍കേണ്ടിവരുമെന്നും ചില നേതാക്കള്‍ സൂചന നല്‍കുന്നുണ്ട്.
Sunday, March 11, 2012
Home »
» ബിനാലെ അഴിമതിക്ക് കൂട്ട് ബേബി
ബിനാലെ അഴിമതിക്ക് കൂട്ട് ബേബി
By Anonymous 3/11/2012 08:10:00 AM






