Random Posts

Sunday, March 11, 2012

ഡേറ്റാ സെന്റര്‍ കേസ് സിബിഐക്ക് കൈമാറി

ഇടതുസര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ് കമ്പനിക്ക് സ്റ്റേറ്റ് ഡേറ്റാ സെന്റര്‍ കൈമാറിയതിനെക്കുറിച്ച് സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫയലില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു.
സിബിഐ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിക്കുകയും ഡേറ്റാ സെന്ററിലെ ക്രമക്കേട് ആരോപിച്ച് ചീഫ് വിപ്പ് പിസി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തിരുന്നു.സംസ്ഥാനത്തിന്റെ പൊതു സ്വത്തായിരുന്നു ഡേറ്റാ സെന്റര്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃത ഇടപെടല്‍ നടത്തിയാണു റിലയന്‍സിനു കൈമാറിയതെന്നാണ് പരാതി. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇതു സ്വകാര്യ കുത്തകകള്‍ക്കു കൈമാറുന്നതിനെ പൊലീസ് ഇന്റലിജന്‍സ് എതിര്‍ത്തിരുന്നു. കെല്‍ട്രോണിനു നല്‍കണമെന്നാവശ്യപ്പെട്ടു വ്യവസായ വകുപ്പ് മുഖ്യമന്ത്രിക്കു കത്തും നല്‍കിയിരുന്നു. ഇതൊക്കെ അവഗണിച്ചാണു സെന്റര്‍ റിലയന്‍സിനു കൈമാറാന്‍ അച്യുതാനന്ദന്‍ കളമൊരുക്കിയത്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ അച്യുതാനന്ദന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ച ഐടി സെക്രട്ടറി അജയകുമാറിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഒത്തുകളി.

വ്യവഹാര ദല്ലാള്‍ ടി.ജി നന്ദകുമാറായിരുന്നു റിലയന്‍സിനു വേണ്ടി മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനെ സമീപിച്ചത്. ഡേറ്റാ സെന്റര്‍ നടത്തിയിരുന്നവരെ കണ്‍സള്‍ട്ടന്റാക്കണമെന്ന നിര്‍ദേശം അവഗണിക്കാന്‍ ഐടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അച്യുതാനന്ദന്‍ നിര്‍ദേശം നല്‍കി.
തുടര്‍ന്നു ടെണ്ടര്‍ വിളിച്ചു. കെപിഎംജി എന്ന കമ്പനി മാത്രമാണ് ടെണ്ടര്‍ നല്‍കിയത്. മൂന്നു കമ്പനികളില്ലെങ്കില്‍ റീ ടെണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥ മറികടക്കാന്‍ അച്യുതാനന്ദന്‍ നേരിട്ട് നിര്‍ദേശം നല്‍കി. സത്യം കമ്പ്യൂട്ടേഴ്‌സ്, വിഴിഞ്ഞം തുറമുഖ ടെണ്ടര്‍ തുടങ്ങിയവയുമായി ബപ്പപ്പെട്ട് ക്രമക്കേടുകള്‍ നടത്തി പിടിക്കപ്പെട്ട സ്ഥാപനമായിരുന്നു കെ.പി.എം.ജി.

സത്യം കമ്പ്യൂട്ടേഴ്‌സിന്റെ കള്ളകണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഭവത്തിലും വിഴിഞ്ഞം തുറമുഖ ടെണ്ടറിനു ശ്രമിച്ച ലാന്‍കോ കൊണ്ടപ്പള്ളി കമ്പനിയുടെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഭവത്തിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വേളയിലായിരുന്നു കണ്‍സള്‍ട്ടന്റായി നിയമിച്ചത്. ഇവര്‍ റിലയന്‍സിന് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനായി ആദ്യ വിജ്ഞാപനം റദ്ദാക്കി. ഇങ്ങനെ നിരന്തര ക്രമക്കേടുകളിലൂടെയാണു റിലയന്‍സിനു ഡേറ്റാ സെന്റര്‍ കൈമാറിയത്. ഈ ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയെ എതിര്‍ക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. സിബിഐ അന്വേഷണം നടത്തുന്നതില്‍ നിയമപരമായി തെറ്റില്ലെന്ന് നിയമവൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഈ പശ്ചാത്തലം പരിഗണിച്ചാണ് പിസി ജോര്‍ജിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കേണ്ടതില്ലെന്നു അഡ്വക്കറ്റ് ജനറലിനെ അറിയിച്ചത്. എജി കോടതിയില്‍ സര്‍ക്കാര്‍ ഭാഗം വ്യക്തമാക്കിയതിന് പിന്നാലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയായിരുന്നു.