Friday, April 27, 2012
Home »
» മുന്നൂറ് യൂണിറ്റുവരെ വൈദ്യുതിനിരക്ക് കൂടില്ല
മുന്നൂറ് യൂണിറ്റുവരെ വൈദ്യുതിനിരക്ക് കൂടില്ല
By Anonymous 4/27/2012 07:44:00 AM
പരിധികടന്നാല്‍ യൂണിറ്റിന് പത്തു രൂപ
അധികനിരക്ക് ഒരുലക്ഷം ഉപയോക്താക്കളെ ബാധിക്കും
കടകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പത്തു ശതമാനം പവര്‍കട്ട്
നിയന്ത്രണം ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ -
വീടുകളില്‍ മാസം 300 യൂണിറ്റുവരെയുള്ള വൈദ്യുതിക്ക് വില കൂട്ടേണ്ടതില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. ഇതില്‍കൂടുതലുള്ള ഓരോ യൂണിറ്റിനും പത്തുരൂപ ഈടാക്കണം. ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ അധികം ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് ഈ വില നല്‍കേണ്ടത്. ദിവസം അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് തുടരും. മാസം 150 യൂണിറ്റിന് മുകളില്‍ 10 രൂപ ഈടാക്കാനുള്ള ബോര്‍ഡിന്റെ ശുപാര്‍ശ കമ്മീഷന്‍ തള്ളി.
എന്നാല്‍ കടകള്‍,ചെറുകിട വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാവിഭാഗം ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനുള്ള ബോര്‍ഡിന്റെ നിര്‍ദേശം കമ്മീഷന്‍ അതേപടി അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപയോഗിച്ച ശരാശരിയുടെ 90 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ അധികമുള്ള യൂണിറ്റിന് പത്തുരൂപ ഇവരും നല്‍കണം. എന്നാല്‍ അധിക ഉപഭോഗത്തിന് സര്‍ച്ചാര്‍ജ് നല്‍കേണ്ടതില്ല. കൃഷിക്കുള്ള വൈദ്യുതിക്കും തെരുവുവിളക്കുകള്‍ക്കും നിയന്ത്രണമില്ല.
മാസം 150 യൂണിറ്റില്‍ കൂടുതലുള്ളതിന് അധികനിരക്ക് ചുമത്തിയാല്‍ ബില്‍ത്തുകയില്‍ 40 മുതല്‍ 97 ശതമാനംവരെ വര്‍ധനയുണ്ടാകുമെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇത് 'താരിഫ് ഷോക്ക്' ആവും. അതുകൊണ്ട് കമ്മീഷന്‍ നിയന്ത്രണ പരിധി ഉദാരമാക്കി. ബോര്‍ഡിന്റെ നിര്‍ദേശം സാധാരണക്കാരെയടക്കം 10 ലക്ഷത്തോളം ഉപയോക്താക്കളെ ബാധിക്കുമായിരുന്നു. എന്നാല്‍ ഒരുലക്ഷംപേരെ മാത്രം ബാധിക്കുന്ന തരത്തിലാണ് തങ്ങളുടെ തീരുമാനമെന്ന് കമ്മീഷന്‍ അറിയിച്ചു.
ലോഡ്‌ഷെഡ്ഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടുംകൊണ്ട് തൃപ്തിപ്പെടാനായിരുന്നു നേരത്തെ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ നിയന്ത്രണം എല്ലാവിഭാഗത്തിനും വേണമെന്ന് നിര്‍ദേശിച്ചത് കമ്മീഷനാണ്. ഇതനുസരിച്ച് പിന്നീട് ബോര്‍ഡ് ശുപാര്‍ശ നല്‍കി. എന്നാല്‍ ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ആഘാതം വിലയിരുത്താതെയുള്ള നിര്‍ദേശമാണ് ബോര്‍ഡ് നല്‍കിയതെന്നായിരുന്നു കമ്മീഷന്റെ കുറ്റപ്പെടുത്തല്‍. നിര്‍ദേശം ചോദിച്ച് വാങ്ങിയശേഷം രൂക്ഷവിമര്‍ശനം നടത്തിയതില്‍ വൈദ്യുതി ബോര്‍ഡിന് പ്രതിഷേധമുണ്ട്.
ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പത്തുശതമാനം പവര്‍കട്ട് കടകള്‍, ഹോട്ടലുകള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, കോളനികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവിഭാഗങ്ങള്‍ക്കും ബാധകമാണ്.






