Random Posts

Tuesday, April 24, 2012

പാര്‍ട്ടിക്കാര്യങ്ങളില്‍ സമുദായ നേതാക്കളുടെ ഇടപെടല്‍ അംഗീകരിക്കില്ല -പി.സി. വിഷ്ണുനാഥ്

ജാതിമത ശക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ദൈനംദിനമെന്നോണം ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ വ്യക്തമാക്കി. സമുദായ നേതാക്കള്‍ എല്ലാവരെയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയും രാഷ്ട്രീയകക്ഷികളുടെ തീരുമാനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതിന് ഉത്തരവാദികളാണെന്നും യുവജനയാത്രാ പര്യടനവുമായി കോഴിക്കോട്ടെത്തിയ വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരക്കാര്‍ എല്ലാ പരിധിയും ലംഘിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇച്ഛാശക്തിയുള്ള സമീപനം സ്വീകരിക്കണം. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് രാഷ്ട്രീയമായും ജനങ്ങള്‍ക്കുവേണ്ടിയുമാകണം. മറ്റു താല്‍പര്യങ്ങളനുസരിച്ചായിരിക്കരുത്. പി.സി.വിഷ്ണുനാഥിന് ചെങ്ങന്നൂരില്‍ തിരിച്ചടിയുണ്ടാകുമെന്ന എന്‍.എസ്.എസ് നേതാക്കളുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും രണ്ടുതവണ ജയിച്ചപോലെ ഇനിയും ജയിക്കുമെന്ന വിശ്വാസമുണ്ടെന്നുമായിരുന്നു വിഷ്ണുനാഥിന്റെ മറുപടി. മുസ്ലിം ലീഗുമായുള്ള പ്രശ്നത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് യൂത്ത് ലീഗുകാര്‍ യൂത്ത്കോണ്‍ഗ്രസ് ബോര്‍ഡ് നശിപ്പിച്ചത് അംഗീകരിക്കാനാവില്ല. പ്രവര്‍ത്തകരെ നേതൃത്വം നിയന്ത്രിക്കണം. അല്ലെങ്കില്‍ ഇപ്പോഴുണ്ടാക്കിയിരിക്കുന്ന എല്ലാ ധാരണകളെയും അത് അട്ടിമറിക്കും. മുഖ്യമന്ത്രിയെക്കുറിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് നടത്തിയ മോശം പ്രസ്താവനയോടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം അച്യുതാനന്ദനെ സ്വരാജ് അവഹേളിച്ചപ്പോള്‍ സി.പി.എമ്മില്‍നിന്നുണ്ടായതുപോലെ ദുര്‍ബലമായിരിക്കില്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. സ്വരാജിനെ സി.പി.എം നേതാക്കള്‍ നിയന്ത്രിക്കണം. യൂത്ത്കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോടെ നേതാക്കള്‍ നിലനിന്ന കാലം കഴിഞ്ഞെന്നും പ്രവര്‍ത്തിക്കാത്തവരെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുവജനയാത്ര മൂന്നു ജില്ലകള്‍ പിന്നിട്ടപ്പോള്‍തന്നെ കുടിവെള്ള ക്ഷാമവും ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്ത പ്രശ്നവും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചെന്നും ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പി.ജി ഡോക്ര്‍മാരുടെ സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമി ഇടപാട് സര്‍ക്കാര്‍ ഇടപ്പെട്ട് റദ്ദാക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആദം മുല്‍സി, ഡി.വി. വിനോദ്കൃഷ്ണ, മനോജ് മൂത്തേടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.