Thursday, April 26, 2012
Home »
» ആര്‍.സെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും.
ആര്‍.സെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും.
By Anonymous 4/26/2012 07:48:00 AM
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍.സെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സെല്‍വരാജിന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം നല്‍കി. വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനത്തില്‍ പങ്കെടുത്തില്ല.
നെയ്യാറ്റിന്‍കര നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃതല യോഗത്തിലാണ് രമേശ് ചെന്നിത്തല, ആര്‍. സെല്‍വരാജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ''സി.പി.എം നേതാക്കളുടെ താന്‍പോരിമയ്‌ക്കെതിരെ ധീരമായ ചുവടുവെയ്പു നടത്തിയ സെല്‍വരാജ് നാല് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം വേണമെന്ന് എന്നോട് അഭ്യര്‍ഥിച്ചിരുന്നു. പ്രാദേശിക നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. അഭയം ചോദിച്ച ഒരാളേയും കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിട്ടില്ല. ഇന്ദിരാഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളെപ്പോലും മന്ത്രിയാക്കിയ ചരിത്രമാണ് കോണ്‍ഗ്രസ്സിന്. ഇന്ദിരാജി ഉയര്‍ത്തിപ്പിടിച്ച കൈപ്പത്തി ചിഹ്നം സെല്‍വരാജിന് നല്‍കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നിങ്ങള്‍ സെല്‍വരാജിന് വോട്ടുനല്‍കണം''- രമേശ് ചെന്നിത്തല പറഞ്ഞു.
സെല്‍വരാജിന്റെ പാതയില്‍ ജ്ഞാതരും അജ്ഞാതരുമായ ഒട്ടേറെപ്പേര്‍ സി.പി.എം. ഉപേക്ഷിക്കുന്ന കാലമാണ് വരുന്നതെന്നു രമേശ് പറഞ്ഞു. ''നാല് പതിറ്റാണ്ട് സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച് നാലേകാല്‍ വര്‍ഷം ബാക്കിയിരിക്കെ എം.എല്‍.എ സ്ഥാനം രാജിവെച്ചയാളാണ് സെല്‍വരാജ്. സെല്‍വരാജിനെപ്പോലെ പലരും സി.പി.എമ്മില്‍ പീഡനം അനുഭവിക്കുന്നുണ്ട്. അബ്ദുള്ളക്കുട്ടിയും കെ.എസ്.മനോജും ശിവരാമനും പീഡനം സഹിക്കാതെ പാര്‍ട്ടി വിട്ടവരാണ്. അച്യുതാനന്ദന്‍ നേരിട്ടേക്കാവുന്ന ക്യാപ്പിറ്റല്‍ പണിഷ്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ടുവന്ന സെല്‍വരാജിനെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സിന് ഉത്തരവാദിത്വമുണ്ട്. സെല്‍വരാജിനെ ജയിപ്പിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു പോരാളിയെപ്പോലെ പ്രവര്‍ത്തിക്കണം'' -രമേശ് പറഞ്ഞു.
''സി.പി.എമ്മിനകത്ത് പരിഹരിക്കാമായിരുന്ന എന്റെ പല പ്രശ്‌നങ്ങളോടും നേതാക്കള്‍ മുഖംതിരിച്ചു. ഈ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ജീര്‍ണതയേയും പാര്‍ട്ടിയെ ഉപയോഗിച്ച് സ്വന്തം കാര്യം നേടുന്ന ചില നേതാക്കളേയും സഹിക്കാനാവാതെ ഞാന്‍ എം.എല്‍.എ.സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചുകോടി രൂപ വാങ്ങി പാര്‍ട്ടിയെ ഒറ്റുകൊടുത്തവനെന്നാണ് എന്നെ അവര്‍ വിളിച്ചത്. യഥാര്‍ഥ വഞ്ചകര്‍ ആരെന്ന് ജനം തെളിയിക്കും. തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചു. കോണ്‍ഗ്രസ് എന്നെ സ്വീകരിച്ചു. അഭിമാനത്തോടെ ഞാനീ സ്വീകരണം ഏറ്റുവാങ്ങുന്നു''- സെല്‍വരാജ് പറഞ്ഞു.
തമ്പാനൂര്‍ രവി അധ്യക്ഷനായിരുന്നു. മന്ത്രി വി.എസ്.ശിവകുമാര്‍, എം.എല്‍.എമാരായ എ.ടി.ജോര്‍ജ്, എം.എ. വാഹിദ്, നേതാക്കളായ എസ്.കെ.ജയചന്ദ്രന്‍, മോഹന്‍കുമാര്‍, ജോര്‍ജ് മെഴ്‌സിയര്‍, ശരത് ചന്ദ്രപ്രസാദ്, ജെറോം, ബിന്ദുകൃഷ്ണ, ലതികാ സുഭാഷ്, സി.പി.ജോണ്‍, ചെല്ലക്കണ്ണന്‍ നാടാര്‍, നെയ്യാറ്റിന്‍കര ശശി, സോളമന്‍ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിസഭയില്‍ നാടാര്‍ സമുദായത്തിന് പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വഴിതടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടി.ബി.ജങ്ഷനില്‍ തടിച്ചുകൂടിയ വി.എസ്.ഡി.പി പ്രവര്‍ത്തകരെ വന്‍ പോലീസ് സന്നാഹം പ്രതിരോധിച്ചു. മുഖ്യമന്ത്രി ചടങ്ങിനെത്തിയില്ല.







