Wednesday, April 25, 2012
Home »
» കടലിലെ കൊല: ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കി
കടലിലെ കൊല: ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കി
By Anonymous 4/25/2012 08:21:00 AM
കേസുകളെല്ലാം പിന്‍വലിക്കും
കടലിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൈമാറി. ഹൈക്കോടതിയുടെ ലോക് അദാലത്തിലാണ് ഈ തുകയ്ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. അദാലത്തില്‍ ഒപ്പുവെച്ച കരാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇത് ജസ്റ്റിസ് എ.എം. ഷഫീക് സ്വീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തിലേക്കായി കപ്പലുടമകള്‍ കെട്ടിവെച്ച മൂന്നു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അവര്‍ക്ക് തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്ക്കും മക്കളായ ഡെറിക്കിനും ജീനിനും 33,33,334 രൂപ വീതമാണ് കിട്ടുക. മരിച്ച അജീഷ് പിങ്കിന്റെ സഹോദരിമാര്‍ക്ക് 50 ലക്ഷം രൂപ വീതം കിട്ടും. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകും വരെ തുക ബാങ്കില്‍ നിക്ഷേപിക്കും. ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയും അജീഷിന്റെ പിതൃസഹോദരി ജാനറ്റ് മേരിയുമാണ് കരാറില്‍ ഒപ്പിട്ടത്. ഇറ്റലിക്കു വേണ്ടി കോണ്‍സല്‍ ജനറല്‍ ജിയാംപാലോ ക്യുട്ടിലോ ഒപ്പുവെച്ചു. സുപ്രീം കോടതി, ഹൈക്കോടതി, കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി എന്നിവിടങ്ങളിലെ പരാതികളും നിയമ നടപടികളും പിന്‍വലിക്കുന്നതായികരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയുടെ സാന്‍മാര്‍ക്കോ റെജിമെന്റിലെ ചീഫ് മാസ്റ്റര്‍ സാര്‍ജന്റ് മസിമിലാനോ ലത്തോറെ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോനെ എന്നിവര്‍ക്കെതിരായ നിയമ നടപടികളാണ് ബന്ധുക്കള്‍ കരാറിലൂടെ പിന്‍വലിക്കുന്നത്. കപ്പലില്‍ നിന്ന് ഇവരുടെ വെടിയേറ്റാണ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതെന്നാണ് കേസ്.
സംഭവം നടന്നത് കടലില്‍ 33 നോട്ടിക്കല്‍ മൈല്‍ വിട്ടുമാറിയാണെന്നാണ് പറയപ്പെടുന്നതെന്നാണ് ബന്ധുക്കള്‍ ഒപ്പിട്ട കരാറില്‍ പറയുന്നത്. കരാറിലേര്‍പ്പെടാന്‍ ആരുടെ ഭാഗത്തുനിന്നും സമ്മര്‍ദമോ സ്വാധീനമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നുമുണ്ട്. റിട്ട. ജസ്റ്റിസ് കെ. ജോണ്‍ മാത്യുവും അഭിഭാഷകയായ കെ. ശ്രീലതാ ദേവിയും ഉള്‍പ്പെട്ട ബെഞ്ചാണ് അദാലത്തില്‍ കരാര്‍ പരിഗണിച്ച് അംഗീകരിച്ചത്.
ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയും അജീഷ് പിങ്കിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്കു വേണ്ടി പിതൃസഹോദരി ജാനറ്റ് മേരിയും ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. ഡോറമ്മയ്ക്കു വേണ്ടി അഡ്വ. സി. ഉണ്ണികൃഷ്ണനും അജീഷിന്റെ സഹോദരിമാര്‍ക്കു വേണ്ടി അഡ്വ. ശ്യാംകുമാറും ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി സുഹെയ്ല്‍ ദത്തും ഹൈക്കോടതിയില്‍ നടന്ന സ്ഥിരം അദാലത്തില്‍ ഹാജരായി.
ഉച്ചയോടെയാണ് അദാലത്തില്‍ കരാര്‍ രേഖകള്‍ ഒപ്പുവെച്ച ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറിയത്. തുടര്‍ന്ന് ഇത് ഹൈക്കോടതിയില്‍ ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തില്‍ കപ്പലുടമകള്‍ കെട്ടിവെച്ച ഡി.ഡി. തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കേസ് റദ്ദാക്കല്‍ ഹര്‍ജിയില്‍ നാവികര്‍ക്കെതിരായ വാദം പിന്‍വലിക്കുന്നു: ബന്ധുക്കള്‍
ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ നിയമ നടപടികളും ഹര്‍ജികളിലെ വാദങ്ങളും പിന്‍വലിക്കുന്നതായി ബന്ധുക്കള്‍ നല്‍കിയ ഉപ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരും നാവികരും നല്‍കിയ ഹര്‍ജിയിലാണ് ഇത്. ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു.
കേസ് റദ്ദാക്കണമെന്ന നാവികരുടെ ആവശ്യത്തിനെതിരെ ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന് ഉന്നയിച്ചിരുന്ന വാദങ്ങളും സത്യവാങ്മൂലങ്ങളുമാണ് പിന്‍വലിക്കുന്നത്. ഇക്കാര്യം കോടതിക്കു പുറത്ത് പരിഹരിക്കപ്പെട്ടതിനാലാണിത്. ഈ ഹര്‍ജിയില്‍ വിധി പറയുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്നാണ് അപേക്ഷ.







