Tuesday, April 24, 2012
Home »
» പ്രശസ്ത നിര്‍മാതാവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു
പ്രശസ്ത നിര്‍മാതാവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു
By Anonymous 4/24/2012 08:36:00 AM
മലയാള സിനിമയുടെ കാരണവരും പ്രമുഖ നിര്‍മാതാവുമായ നവോദയ അപ്പച്ചന്‍ (87) അന്തരിച്ചു. ലേക്‌ഷോര്‍ ആസ്പത്രിയില്‍ തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അന്ത്യം. അഞ്ച് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത അപ്പച്ചന്റെ വിയോഗത്തോടെ ഒരു യുഗം അവസാനിക്കുകയാണ്.
മാളിയംപുരക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ 1925 ഫിബ്രവരി ആറിന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിലാണ് ജനിച്ചത്. മൂത്ത സഹോദരന്‍ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളില്‍ നിര്‍മിച്ചത് നൂറോളം സിനിമകള്‍. സംഘാടകന്‍, നിര്‍മാതാവ്, വിതരാണാവകാശി, വ്യവസായി തുടങ്ങിയ വിവിധ റോളുകളില്‍ അപ്പച്ചന്‍ നിറഞ്ഞുനിന്നു.
നവോദയ സ്റ്റുഡിയോയുടേയും കിഷ്‌കിന്ധ തീം പാര്‍ക്കിന്‍േറയും ഉടമയായ അപ്പച്ചന്‍ പങ്കാളിയായിരുന്ന അമ്പതോളം സിനിമകളില്‍ പ്രേംനസീര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രശസ്ത നടി ശാരദ ഉദയായുടെ ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ 70 എം. എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മലയാളത്തിലെ ആദ്യത്തെ സിനിമാ സേ്കാപ്പ് ചിത്രമായ തച്ചോളി അമ്പു എന്നിവ നിര്‍മിച്ചത് അപ്പച്ചനാണ്.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷന്‍ സീരിയലായ ബൈബിള്‍ കഥകളുടെ നിര്‍മാതാവും ഇദ്ദേഹമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, പൂവേ പൂ ചൂടവാ, ചാണക്യന്‍ തുടങ്ങിയവ അപ്പച്ചന്റെ പ്രമുഖ ചിത്രങ്ങളില്‍ പെടുന്നു.
ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, രാജീവ് കുമാര്‍, മോഹന്‍ലാല്‍, രഘുനാഥ് പലേരി, പൂര്‍ണിമ ജയറാം, ശാലിനി, ജെറി അമല്‍ദേവ്, മോഹന്‍ സിത്താര തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അപ്പച്ചന്റെ സിനിമകളിലൂടെ രംഗപ്രവേശം ചെയ്തവരാണ്.
ഏഴ് വര്‍ഷം കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്‍റായിരുന്നു. 1990-91ല്‍ സൗത്തിന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രഡിഡന്‍റായും പ്രവര്‍ത്തിച്ചു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ അപ്പച്ചന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിക്കൊടുത്തു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് അദ്ദേഹത്തിന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു.
1995ലാണ് ചെന്നൈയില്‍ താംബരത്ത് ഡിസ്‌നി ലാന്‍ഡിന്റെ മാതൃകയില്‍ കിഷ്‌കിന്ധ തീം പാര്‍ക്ക് തുടങ്ങിയത്. 115 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സാഹസിക സ്വപ്ന സാക്ഷാത്കാരം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ബേബിയാണ് അപ്പച്ചന്റെ ഭാര്യ. മക്കള്‍ : ജിജോ, ജോസ് (സംവിധായകര്‍) ജിസ്, ജിഷ. മരുമക്കള്‍ : മാമച്ചന്‍, ബാബു, ലിസ, സുനിത. സഹോദരന്‍ കുഞ്ചാക്കോയുടെ കൊച്ചുമകനാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മറ്റു സഹോദരങ്ങള്‍: സിസ്റ്റര്‍ സെലിന്‍, അന്നമ്മ ആന്‍റണി, തങ്കമ്മ ജോണ്‍, പരേതരായ ലൂക്കോസ്, ജോസഫ്, സിസ്റ്റര്‍ എമിറിന്‍സ്രാന.
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ ആസ്പത്രിയിലെത്തി അപ്പച്ചന് അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് ചെന്നൈയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് താംബരം ദര്‍ക്കാള്‍ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍.







